സ്വയംപ്രതിരോധത്തിന് കോട്ടയത്തിന്റെ ചുണക്കുട്ടികൾ



 വനിതാ സ്വയംപ്രതിരോധ പ്രവർത്തനരംഗത്തെ മികവിനുള്ള സർക്കാരിന്റെ അംഗീകാരം കോട്ടയത്തിന്. വനിതാ പൊലീസുകാർക്കുള്ള സംസ്ഥാന സർക്കാരിന്റെ ബാഡ്ജ് ഓഫ് ഓണർ കോട്ടയം വനിതാ സെല്ലിലെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് എൻ ഫിലോമിന ഉൾപ്പെടെ അഞ്ച് പേർക്കാണ് ഇത്തവണ ലഭിച്ചത്.  വൈക്കം പൊലീസ് സ്‌റ്റേഷനിലെ തുളസി ജി സി, ക്ഷേമ സുഭാഷ്, കുമരകം സ്‌റ്റേഷനിലെ റെജിമോൾ, കിടങ്ങൂർ സ്‌റ്റേഷനിലെ സുഭദ്രക്കു     ട്ടി എന്നിവരുൾപ്പെടെയുള്ള സംഘത്തിനാണ് ഈ ബഹുമതി. ജില്ലയിലെ സ്‌കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ,  ക്ലബ്ബുകൾ, തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കാര്യക്ഷമമായി നടന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേരള പൊലീസ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പരിപാടി 2015ലാണ് ജില്ലയിൽ തുടങ്ങിയത്.  7 മുതൽ 70 വയസ്സ് വരെയുള്ള സ്ത്രീകൾക്ക്് സ്വയം പ്രതിരോധത്തിന് ഇവർ പരിശീലനം നൽകി. കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളിൽ ജനുവരി ഒന്നു മുതൽ ഒമ്പതു വരെ നടത്തിയ പരിശീലനത്തിൽ 420 കുട്ടികൾ പങ്കെടുത്തു. പരിശീലന പരിപാടി നടത്താൻ അനുമതി തേടുമ്പോൾ ചെറിയ വൈമനസ്യത്തോടെയാണ് സ്‌കൂൾ അധികൃതർ പ്രതികരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് ബോധവത്ക്കരണമാണ് അവർ ഉദ്ദേശിക്കുന്നത്. എന്നാൽ ബോധവത്കരണം കൊണ്ട് മാത്രം പ്രതിരോധം തീർക്കാനാവില്ലെന്ന് പൊലീസുകാർ പറയുന്നു. ബോധവത്ക്കരണം കിട്ടുന്നതോടെ ഇതിനെപറ്റി  കൂടുതൽ അറിയാൻ സ്‌കൂൾ അധികൃതരും വിദ്യാർഥികളും  മുന്നോട്ട് വരുന്നുണ്ട്. പരിശീലനത്തിനുശേഷം വളരെയേറെ വിദ്യാർഥിനികൾ മോശമായ അനുഭവങ്ങളിൽ പ്രതികരിക്കാൻ കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 13 കുടുംബശ്രീ അംഗങ്ങളും 17 വനിതാപൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 30 നിർഭയ ജില്ലാതല ട്രെയിനർമാർക്ക് ഇതിനായി പരിശീലനം നൽകിയിട്ടുണ്ട്. ജില്ലയിലെ പകുതിയിലധികം ഗേൾസ് സ്‌കൂളുകളിലും കായിക പരിശീലനവും ബോധവത്ക്കരണവും നൽകി. സ്വയംരക്ഷാ പരിശീലനവിദ്യകൾ ഉൾപ്പെടുത്തി ജില്ലാ ടീം 'നിർഭയം നിതാന്തം' എന്ന പേരിൽ നാടകം തയാറാക്കി വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ ഉണ്ടായ കാലത്തോളം പഴക്കമുണ്ട് സ്ത്രീകൾക്കെതിരെയുള്ള മോശമായ പെരുമാറ്റങ്ങൾക്കും. ഇതിനെ പ്രതിരോധിക്കാനും ഇതിനെതിരെ പ്രതികരിക്കാനുമുള്ള ധൈര്യം നമ്മുടെ കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമാണ് പെൺകുട്ടികൾക്ക് ലഭിക്കേണ്ടതെന്ന് വനിതാ സെല്ലിലെ എൻ ഫിലോമിന പറഞ്ഞു. മോശമായ അനുഭവങ്ങൾക്കെതിരെ പ്രതികരിക്കുന്നവളെ മോശമായി ചിത്രീകരിക്കുന്ന കാലം കഴിഞ്ഞു. ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും സ്ത്രീകൾ പ്രതികരിക്കാത്തതിനാൽ  അക്രമങ്ങൾ വീണ്ടും ഉണ്ടാകുന്നു. വനിതാപൊലീസിന്റെ ഭാഗത്ത് നിന്ന് സ്ത്രീകൾക്ക് പിന്തുണ ലഭിക്കുമ്പോൾ സമൂഹത്തിൽ വലിയൊരു മാറ്റമുണ്ടാകുന്നതായി അവർ പറഞ്ഞു. കോട്ടയം ജില്ലാ പൊലീസ് മേധാവി വി എം മുഹമ്മദ് റഫീഖ്, ഭരണവിഭാഗം ഡിവൈഎസ്പി വിനോദ് പിള്ള എന്നിവരുടെ മേൽനോട്ടവും ഉപദേശങ്ങളും ശക്തമായ പിന്തുണയും വനിതാപൊലീസുകാർക്കുണ്ട്. മറ്റു ജില്ലകളിൽ നിന്ന് കോട്ടയത്തെ ഈ മേഖലയിൽ മുൻപന്തിയിൽ നിർത്തുന്നതും വനിതാപൊലീസിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ്.   Read on deshabhimani.com

Related News