അടുക്കളയിലും അരങ്ങിലും തീയൂതിയവര്‍



ഇന്ത്യൻ സ്വാതന്ത്ര്യ സഹനസമരങ്ങൾക്കും സായുധ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയവരിൽ സ്‌ത്രീ പോരാളികൾ നിരവധിയാണ്‌. ജാതി വ്യവസ്ഥയ്‌ക്കും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പടയൊരുക്കം നടത്തിയ ആ പോരാളികൾ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തിന്‌ അടുക്കളകളിലും അരങ്ങിലും തീയൂതുകയായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും 77 വർഷംമുമ്പ്‌ ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച വേലു നച്ചിയാർ (1736–-1796) ആണ്‌ ആദ്യ വനിതാ പോരാളിയെന്ന്‌ പറയാം. തമിഴ്‌നാട്ടിലെ ശിവഗംഗയിൽ ജനിച്ച അവർ 1780ൽ ശിവഗംഗയിലെതന്നെ ബ്രിട്ടീഷ്‌ സൈനിക താവളം ആക്രമിച്ചു. തുടർന്ന്‌ അവിടത്തെ രാജ്‌ഞിയായി ഒരു ദശാബ്‌ദത്തോളം ബ്രിട്ടീഷ്‌ ആധിപത്യ വാസനയെ തകർത്തു. 1790 മുതൽ 1793 വരെ നച്ചിയാരുടെ മകൾ വെള്ളാച്ചിയും ശിവഗംഗ ഭരിച്ചു. തമിഴ്‌ നാടോടിചരിതത്തിൽ നച്ചിയാരെ വീരമങ്കയായി വാഴ്‌ത്തിപ്പാടുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന പേരാണ്‌ റാണി ലക്ഷ്‌മീബായിയെന്ന ഝാൻസി റാണി. 1857 മാർച്ച്‌ 23ന്‌ ഝാൻസിയിലെത്തിയ ബ്രിട്ടീഷ്‌ സൈന്യത്തെ ശക്‌തമായി പ്രതിരോധിച്ചെങ്കിലും ഒടുവിൽ കീഴടങ്ങാൻ നിൽക്കാതെ സ്വന്തം മകനെ ശരീരത്തോട്‌ ചേർത്ത്‌ ബന്ധിച്ച്‌ കുതിരപ്പുറത്തുകയറി കോട്ടയുടെ മുകളിൽനിന്ന്‌ താഴേക്ക്‌ ചാടി രക്ഷപ്പെട്ട ഝാൻസി റാണി ബ്രിട്ടീഷ്‌ വിധേയത്വം കാട്ടിയ സിന്ധ്യാ രാജാവിനെ തോൽപ്പിച്ച്‌ ഗ്വാളിയോർ രാജ്യം പിടിച്ചെടുത്തു. സൈനികവേഷത്തിൽ കുതിരപ്പുറത്തിരുന്ന്‌ യുദ്ധം ചെയ്യവെയാണ്‌ 1858 ജൂൺ 18ന്‌ അവർ കൊല്ലപ്പെട്ടത്‌. ദുർഗാവതി ദേവി (1907–-1999) സാമ്രാജ്യത്വത്തിനെതിരെ കലാപത്തിന്റെ ഇങ്ക്വിലാബ്‌ മുഴക്കി കൊലക്കയർ വരിച്ച ഭഗത്‌സിങ്ങിന്റെ ആദ്യ രക്ഷപ്പെടലിനുപിന്നിൽ ഒരു സ്‌ത്രീയുണ്ട്‌, ദുർഗാവതി ദേവി (1907–-1999). ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിൽ ജനിച്ച ദുർഗാവതിയെ 11–--ാം വയസ്സിലാണ് ലാഹോറിലെ ഭഗവതി ചരൺ വോറ വിവാഹം കഴിച്ചത്. ലാഹോർ നാഷണൽ കോളേജിൽ പഠിക്കുന്ന കാലത്താണ് ഭഗവതി ചരൺ ഭഗത്‌സിങ്ങിനെ കണ്ടുമുട്ടുന്നത്. വീട്ടിലെ നിത്യസന്ദർശകനായ ഭഗത്‌സിങ്ങാണ് വോറയെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനിൽ അംഗമാക്കിയത്. പിന്നീട്‌ ദുർഗാവതിയും സംഘത്തിൽ അംഗമായി. 1928 ഡിസംബറിൽ ഭഗവതി ചരൺ കൊൽക്കത്തയിൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ്, ഭഗത്‌സിങ്ങും കൂട്ടരും ഉൾപ്പെട്ട ജോൺ സാണ്ടേഴ്‌സൻ കൊലപാതകം. സംഭവശേഷം സഖാക്കൾ അഭയം പ്രാപിച്ചത് വോറയുടെ വീട്ടിലായിരുന്നു. കൽക്കട്ടയിലേക്ക് ട്രെയിൻ മാർഗം രക്ഷപ്പെടാൻ തീരുമാനിച്ചു. ദുർഗാവതിയും ഭഗത്‌സിങ്ങും വേഷ പ്രച്ഛന്നരായി ഭാര്യാഭർത്താക്കന്മാരും രാജഗുരു അവരുടെ പരിചാരകനുമായാണ് യാത്ര തുടങ്ങിയത്. കൊൽക്കത്തയിലെത്തിയ ഭഗത്‌സിങ്ങിനെയും ദുർഗാവതിയെയും കണ്ട്‌ ആദ്യം അതിശയിച്ചുപോയത്‌ ഭർത്താവ്‌ വോറ തന്നെയായിരുന്നു. ലാഹോർ ജയിൽ തകർക്കാനുള്ള ബോംബ് നിർമിക്കുമ്പോൾ പൊട്ടിത്തെറിച്ച് വോറ കൊല്ലപ്പെട്ടു. ദുർഗാവതി കൊളോണിയൽ ഭരണത്തിനെതിരെയുള്ള പോരാട്ടം തുടർന്നു. ഭഗത്‌സിങ്ങിന്റെ മോചനത്തിനായി റാലികളും ജാഥകളും സംഘടിപ്പിച്ചു. ഒടുവിൽ പഞ്ചാബ്‌ ഗവർണർ മാൽക്കം ഹെയ്‌ലിയെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് തടവിലാക്കപ്പെട്ടു. മോചിതയായശേഷം ബോംബെയിലെത്തിയ അവർ 1930-ൽ പൊലീസ് ഓഫീസർ ടെയ്‌ലറെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും അറസ്റ്റിലായി. മൂന്ന് വർഷം ജയിൽശിക്ഷ. 1935ൽ മോചിതയായി മകൻ സചീന്ദ്രനോടൊപ്പം ലഖ്നൗവിലെത്തി സ്കൂൾ ആരംഭിച്ചു. 1999 ഒക്ടോബർ 15-ന് 92–--ാം വയസ്സിൽ ദുർഗാവതി അന്തരിച്ചു. ചക്കാലി ഐലമ്മ (എല്ലമ്മ) (1919-–-1985) എല്ലമ്മയെ അറിയുമോ? തെലങ്കാന ഭൂസമരത്തിന് കമ്യൂണിസ്റ്റ് പാർടി തുടക്കംകുറിച്ചത്‌ എല്ലമ്മയിലൂടെയാണ്‌. വാറങ്കൽ കൃഷ്ണപുരം വില്ലേജിൽ രജകജാതിയിലെ ബഹുജൻ കുടുംബത്തിലാണ് ജനിച്ചത്. സവർണരുടെ വീടുകളിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്നു കുലത്തൊഴിൽ. പത്താം വയസ്സിൽ ചിത്തയാല നരസയ്യയുമായുള്ള വിവാഹം നടന്നു. അഞ്ചുമക്കളടങ്ങിയ കുടുംബത്തിന് അലക്കുജോലികൊണ്ട് കഴിഞ്ഞുകൂടാൻ ബുദ്ധിമുട്ടായപ്പോൾ കൊണ്ടാല റാവു എന്ന ജമീന്ദാറിൽനിന്ന് 40 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ഇതിനെ സവർണ ഭൂപ്രഭുക്കന്മാർ ചോദ്യം ചെയ്തു. എല്ലമ്മ പിന്നോട്ടുപോയില്ല. കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ച ആന്ധ്ര മഹാസഭയിൽ അംഗമായി. ഭൂപ്രഭുക്കന്മാർ സംഘംചേർന്ന് എല്ലമ്മയുടെ കൃഷി നശിപ്പിക്കാൻ എത്തിയപ്പോൾ പാർടി പ്രവർത്തകരുടെ സഹായത്തോടെ എല്ലമ്മ പ്രതിരോധിച്ചു. ഇതിന് പ്രതികാരമായി രാമചന്ദ്ര റെഡ്ഡിയെന്ന ദേശ്‌മുഖ്‌ എല്ലമ്മയുടെ ഭൂമിയിലെ അവകാശത്തെ എതിർത്ത്‌ കോടതിയിൽ കേസ് നൽകി. എല്ലമ്മയുടെ ഭർത്താവിനെയും പുത്രന്മാരെയും ജയിലിലാക്കി. കോടതിവിധി എല്ലമ്മയ്ക്ക് അനുകൂലമായി. ആന്ധ്ര മഹാസഭയുടെ സഹായത്തോടെ എല്ലമ്മ വിളവെടുത്തു. ഇതിൽ പ്രതിഷേധിച്ച്‌ ഭൂപ്രഭുക്കന്മാർ എല്ലമ്മയുടെ വീട് കത്തിച്ചു, മകളെ ബലാൽക്കാരം ചെയ്തു. വിട്ടുകൊടുക്കാൻ എല്ലമ്മ ഒരുക്കമായിരുന്നില്ല. വീട്‌ നശിപ്പിച്ച ദേശ്മുഖിന്റെ സേവകന്റെ വീടിന് എല്ലമ്മ തീവച്ചു. ആ ഭൂമിയിൽ ചോളം കൃഷി ചെയ്തു. തെലങ്കാന ഭൂസമരം ആളിപ്പടർന്നത്‌ അപ്പോഴാണ്‌. 1951 വരെ നീണ്ടുനിന്ന ഭൂസമരത്തിൽ 4000 കർഷകർ കൊല്ലപ്പെട്ടു. പതിനായിരത്തിലേറെപ്പേർ ജയിലിലായി. കമ്യൂണിസ്റ്റ് പാർടിയിലെ കരുത്തരായ വനിതാ നേതാക്കളായ മല്ലു സ്വരാജ്യം, രാംലു അമ്മ, രങ്കമ്മ, സാവിത്രി അമ്മ, സങ്കിട അമ്മ, ലച്ചക്ക എന്നിവർ ധീരമായി സമരം ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ചു. 30,000 വില്ലേജിൽനിന്നായി ഒരു കോടി ഏക്കർ ഭൂമി പിടിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്തു. മണ്ണിലുള്ള കർഷകന്റെ അവകാശം സ്ഥാപിച്ച കർഷകസമരമായിരുന്നു തെലങ്കാന ഭൂസമരം. Read on deshabhimani.com

Related News