'ദേശസ്നേഹം നിര്‍ണയിക്കാന്‍ ഹിന്ദുത്വശക്തികളെ ചുമതലപ്പെടുത്തിയിട്ടില്ല'



ശ്യാമിലി ഗുപ്ത നഗര്‍ (ഭോപാല്‍) > 'ഞങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനം ദേശസ്നേഹപരമാണെന്ന് നിര്‍ണയിക്കാന്‍ ഹിന്ദുത്വശക്തികളെ ആരും ചുമതലപ്പെടുത്തിയില്ല. അവര്‍ക്കിഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളായാണ് മുദ്രകുത്തുന്നത്. എന്റെ അച്ഛന്‍ ഡോ. നരേന്ദ്ര ധാബോള്‍ക്കറും അവരുടെ കണ്ണില്‍ ദേശദ്രോഹിയാണ്. അച്ഛന്‍ രക്തസാക്ഷിയായെങ്കിലും അച്ഛന്‍ ഉയര്‍ത്തിപ്പിടിച്ച പതാക കൂടുതല്‍ ഉയരത്തില്‍ പാറിക്കാന്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ പേര്‍ എത്തുന്നത് ആവേശകരമാണ്- ധാബോള്‍ക്കറുടെ മകളും അദ്ദേഹം സ്ഥാപിച്ച അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി പ്രവര്‍ത്തകയുമായ മുക്ത ധാബോള്‍ക്കര്‍ ദേശാഭിമാനിയോട് പറഞ്ഞു. 26 വര്‍ഷമായി മഹാരാഷ്ട്രയില്‍ പ്രവര്‍ത്തിക്കുന്ന അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിക്ക് അച്ഛന്റെ രക്തസാക്ഷിത്വത്തിനുശേഷം പിന്തുണ വര്‍ധിക്കുകയാണ്. യൂണിറ്റുകള്‍ ഗണ്യമായി വര്‍ധിച്ചു.  കൊലപാതകം കുടുംബത്തില്‍ വലിയ ആഘാതം സൃഷ്ടിച്ചെങ്കിലും അച്ഛന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും വലിയ പ്രചോദനമാണ്. ഒരിക്കലും കീഴടങ്ങാതെ മുന്നോട്ടുപോകാനാണ് ഓര്‍മകള്‍ പ്രചോദിപ്പിക്കുന്നത്. 2013 ആഗസ്തില്‍ രക്ഷാബന്ധന്‍ദിവസം അദ്ദേഹം കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ അന്വേഷണം ഏതു വഴിക്കു നീങ്ങുമെന്ന കാര്യം ഞങ്ങള്‍ക്കറിയാമായിരുന്നു. ഹൈക്കോടതി ഇടപെട്ട ശേഷമാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്്. സനാതന്‍ സന്‍സ്ഥ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്ന് പൊലീസിനും സിഐഡിക്കും സിബിഐക്കും അറിയാമെങ്കിലും അറസ്റ്റുനടന്നത് ഈയിടെ മാത്രം. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് അച്ഛന്‍ കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. ധാബോള്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കലബുര്‍ഗി വധങ്ങള്‍ ആസൂത്രണം ചെയ്തത് ഒരേ കേന്ദ്രത്തില്‍നിന്നു തന്നെയാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഗോവയിലെ മഡ്ഗാവില്‍ സ്ഫോടനം നടത്തിയ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ട്. ഒളിവില്‍ പോയ ഈ പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല- മുക്ത പറഞ്ഞു. Read on deshabhimani.com

Related News