കഥയുണ്ട്, ഒന്ന് പകര്‍ത്തുകയേ വേണ്ടു



എഴുതാനുള്ള കഥകളാണ്‌ ഇതുവരെ താരാ രാമാനുജന്റെ പക്കലുണ്ടായിരുന്നത്‌. ഇപ്പോൾ അതെല്ലാം എടുത്തുതീർക്കാനുള്ള സിനിമകളാണ്‌. ഒന്നല്ല, കടലാസിലേക്കും കാമറയിലേക്കും പകരാൻ പാകത്തിന്‌ മൂന്ന്‌ കഥ തലയിലുണ്ടെന്ന്‌ നവാഗത സംവിധായികയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാര ജേതാവ്‌ താരാ രാമാനുജൻ. നവ സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച ‘നിഷിദ്ധോ’ തിയറ്ററിൽ എത്തിയതിനു പിന്നാലെ അടുത്ത സിനിമാ സംരംഭങ്ങളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു താര.  അമേരിക്കയിലെ ജോലിയിൽനിന്ന്‌ ഇടവേളയെടുത്ത്‌ ജന്മനാടിന്റെ ഭാവപ്പകർച്ചകൾ അറിഞ്ഞും ആസ്വദിച്ചും തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ഫ്ലാറ്റിൽ അച്ഛനമ്മമാർക്കൊപ്പമാണ്‌  ഇപ്പോഴുള്ളത്‌. എഴുത്തിനോട്‌ കമ്പം സിനിമ പ്രലോഭിപ്പിച്ചിട്ടില്ല. 2017ൽ സമർപ്പണം എന്ന സിനിമയുടെ തിരക്കഥയെഴുതി. ആർ ഗോപിനാഥായിരുന്നു സംവിധായകൻ. തിരക്കഥ പലരെയും കാണിച്ചിരുന്നു. ഗോപിനാഥ്‌ സിനിമയാക്കാൻ തയ്യാറായി.  ചാവക്കാടും പരിസരത്തുമൊക്കെയാണ്‌ ചിത്രീകരിച്ചത്‌. കുറ്റാന്വേഷണ കഥയാണ്‌.   കഥകൾ എഴുതിയാണ്‌ തുടക്കം. ഉള്ളിൽ കിടക്കുന്ന എന്തെങ്കിലും കഥകളാകുന്നതാണ്‌.  വായനക്കാർ അടുപ്പക്കാരും സുഹൃത്തുക്കളുംമാത്രം. അവർ പലപ്പോഴും നല്ല അഭിപ്രായമാണ്‌ പറയുക. ഇപ്പോൾ തിരക്കഥകളാണ്‌ എഴുതുന്നത്‌. കഥയായാലും തിരക്കഥയായാലും പ്രേക്ഷകർക്ക്‌ ഇഷ്‌ടമാകുന്നത്‌ എഴുതാനാകുമോ എന്നറിയില്ല. അത്തരത്തിലുള്ള എഴുത്ത്‌ ഇതുവരെ ശീലിച്ചില്ല. എന്റെ തന്നെ അനുഭവങ്ങളും ഫീലുകളുമാണ്‌ പിന്നീട്‌ എഴുതുന്നത്‌ എന്നതുകൊണ്ടാകാമത്‌.  നാലാമത്തെ തിരക്കഥയാണ്‌ നിഷിദ്ധോ. അടുത്ത സിനിമയിലേക്ക്‌ കടന്നിട്ടില്ലെങ്കിലും മൂന്ന്‌ പുതിയ കഥ തലയിലുണ്ട്‌. ഒന്ന്‌ തിരക്കഥാരൂപത്തിൽത്തന്നെയുണ്ട്‌. കടലാസിലേക്ക്‌ പകർത്തിയാൽ മതി. എഴുതിയ കഥ തിരക്കഥയാക്കുന്ന രീതിയല്ല. സിനിമയ്‌ക്കുള്ളത്‌ തിരക്കഥയായിത്തന്നെ എഴുതുകയാണ്‌ ചെയ്യുക. കഥയും തിരക്കഥയും നല്ല സിനിമയ്‌ക്ക്‌ അനിവാര്യമാണ്‌. തിരക്കഥയില്ലാതെ സിനിമയുണ്ടാക്കുന്നവരുണ്ട്‌. എന്നാൽ, നല്ല കഥ വേണം. സിനിമാസ്വാദക കുട്ടിക്കാലംമുതൽ സിനിമ കാണാൻ ഇഷ്‌ടമാണ്‌. മുതിർന്നപ്പോൾ എല്ലാ ഭാഷാ സിനിമകളും കണ്ടുതുടങ്ങി. നാട്ടിലെ പഠനശേഷം ഡൽഹിയിൽ ജോലിചെയ്യുന്നതിനിടെ ഒരു തിരക്കഥ രചനാ പരിപാടിയിൽ പങ്കെടുത്തിരുന്നു. അത്‌ വളരെയേറെ ഗുണംചെയ്‌തു. സോഷ്യോളജിയിലാണ്‌ ബിരുദം. എംഎ ജേർണലിസം എംഎസ്‌ സർവകലാശാലയിൽനിന്ന്‌. പക്ഷേ, ആ ജോലി ചെയ്‌തിട്ടില്ല. കോപ്പി റൈറ്റിങ്ങിലായിരുന്നു തുടക്കം. ഡൽഹിയിൽ ആദ്യം. വിവാഹശേഷം അമേരിക്കയിൽ ജോലി തുടർന്നു. അത്രയൊന്നും ക്രിയേറ്റീവായ തരം ജോലിയല്ല.  ഗെയിമിങ് കമ്പനിക്കുവേണ്ടി സ്ലോഗനും മറ്റുമാണ്‌ എഴുതുന്നത്‌. നിഷിദ്ധോ കൊൽക്കത്തയുമായുള്ള ബന്ധത്തിലാണ്‌ നിഷിദ്ധോയുടെ കഥ ഉരുത്തിരിയുന്നത്‌. കുട്ടിക്കാലംമുതൽ കൊൽക്കത്തയുമായി ബന്ധമുണ്ട്‌. ചില ബന്ധുക്കളൊക്കെ അവിടെയുണ്ട്‌. മുതിർന്നപ്പോഴും ഇടയ്‌ക്കിടെ പോകും. മാറ്റങ്ങളൊക്കെയുണ്ടാകുമ്പോഴും  ആ നഗരം സൂക്ഷിക്കുന്ന തനിമയും പഴമയും സംസ്‌കാരവുമൊക്കെയാണ്‌ ആകർഷിച്ചത്‌. പൂജാ സമയത്താണ്‌ കൊൽക്കത്തയിൽ പോകേണ്ടതെന്ന്‌ ചിലർ പറഞ്ഞിരുന്നു. അതനുസരിച്ച്‌ ആദ്യമായി ഒരു പൂജാ കാലത്ത്‌ പോയപ്പോൾ കണ്ടതും കേട്ടതും നിഷിദ്ധോയുടെ ആദ്യ ബീജാവാപമായി. യഥാർഥ ജീവിതത്തിലെ സ്‌ത്രീയും ദേവി സങ്കൽപ്പവുമായുള്ള താരതമ്യമാകണം അത്തരം ചിന്തയിലേക്ക്‌ നയിച്ചത്‌. Read on deshabhimani.com

Related News