ടീച്ചർ എഴുതും കുട്ടികൾ പാടും



വയനാടൻ മഞ്ഞും മഴയും  മധുരോദാരമായ ഗൃഹാതുരത്വവും  ചൊരിയുന്നു ആ സ്‌നേഹ സിംഫണികളിൽ. അപൂർവമായൊരു  ഗുരുശിഷ്യ ബന്ധത്തിലാണ്‌ ആ പാട്ടുകളുടെ ഈണവും താളവും ഇഴചേരുന്നത്‌.  പത്തനംതിട്ട അടൂർ ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ  സുതീഷ്‌ണ എന്ന  അധ്യാപിക  കോവിഡ്‌കാലം സർഗാത്മകമാക്കിയത്‌ എഴുത്തിലൂടെ. മഹാമാരി സൃഷ്‌‌ടിച്ച വിരസതയുടെ പകലുകൾ  ശിഷ്യർക്കൊപ്പം അവർ  സംഗീത സാന്ദ്രമാക്കി. കുട്ടികൾക്കുവേണ്ടി ‌ വരികളെഴുതി.  ലക്കിടിയിലെ നൂൽ മഴയും കോടപുതച്ച വയനാടൻ കുന്നുകളും കാട്ടാറിന്റെ താളവും കാൽപ്പനികതയും ഇതൾവിടർത്തിയ  കവിതകൾക്ക്‌ ശിഷ്യർതന്നെ ഈണമിട്ടു.  ആ ഗാനങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങൾ  സുതീഷ്‌ണ ബി കെ എന്ന യുട്യൂബിലൂടെ മലയാളികൾ ആസ്വദിച്ചു.  സന്ധ്യാരാഗംപോലെ, ഗുൽമോഹർത്തണലിൽ എന്നീ ആൽബങ്ങൾ പിറവിയെടുത്തത്‌ അങ്ങനെയാണ്‌.‌  അഭിജിത്ത്, അമ്പാടി,  പാർവതി,  അഖില,  ശ്രീലക്ഷ്‌മി,  ജോൺസ്‌ലി, സിതാര, നന്ദിനി എന്നിവരാണ്‌  ടീച്ചറുടെ വരികൾക്ക്‌ ശബ്‌ദമേകിയത്‌.  സാമൂഹ്യ അകലം നിഷ്‌കർഷിക്കുന്ന  കോവിഡ്‌കാലത്ത്‌  ശിഷ്യരെ സ്‌നേഹത്തിന്റെയും സംഗീതത്തിന്റെയും ലോകത്ത്‌ ‌ചേർത്തുനിർത്തിയ ആ ഗാനങ്ങളെല്ലാം ചേർത്ത്‌ ‘മധുരം ഗായതി’ എന്ന പേരിൽ പുസ്‌തകമാക്കി പുറത്തിറക്കി. ഉൺമ പബ്ലിക്കേഷൻ പ്രസാധനം നിർവഹിച്ച  പുസ്‌തകം പ്രകാശനംചെയ്‌തത്‌  ധനമന്ത്രി കെ എൻ  ബാലഗോപാലാണ്. ഇംഗ്ലീഷ്‌ അധ്യാപികയാണെങ്കിലും  മലയാളത്തെ ഹൃദയത്തോടു ചേർത്തുനിർത്തുന്നു ഈ വൈത്തിരി സ്വദേശിനി. ഇപ്പോൾ കൊട്ടാരക്കരയിലാണ്‌ താമസം.   കുട്ടികൾക്ക്‌ സ്‌കൂൾ കലോത്സവങ്ങളിൽ  അവതരിപ്പിക്കാൻ സംഘഗാനം, ലളിത ഗാനം, ദേശഭക്തി ഗാനം എന്നിവയും  എഴുതാറുണ്ട്‌. കാവുംവട്ടം ആനന്ദൻ സംഗീതം  നിർവഹിച്ച ആ ഗാനങ്ങളിൽ പലതും സമ്മാനാർഹവുമായി. മധുരംഗായതിയിലെ നീലവാനം എന്ന്‌ തുടങ്ങുന്ന ആദ്യഗാനം പാടിയത്‌  പ്രശസ്‌ത ഗായകൻ മധു ബാലകൃഷ്‌ണനാണ്‌.  വൈത്തിരി പത്മശ്രീയിൽ കെ ബാലകൃഷ്‌ണന്റെയും റിട്ട. അധ്യാപിക കെ പത്മാവതിയുടെയും  മകളാണ്‌. ഭർത്താവ്‌ സാബു. മക്കൾ ആഷ, അതുൽ. സംസ്ഥാന സർക്കാർ പബ്ലിക്‌ റിലേഷൻസ്‌ വകുപ്പിന്റെ  റേഡിയോ കേരളയിലും സുതീഷ്‌ണ സജീവം.   Read on deshabhimani.com

Related News