രചന സംഗീതം ആലാപം



"ഓണവെയിൽ ഓളങ്ങളിൽ താലികെട്ടും നേരം' എന്ന ഹിറ്റ്‌ ഗാനത്തിന്‌ ആരാധകർ ഏറെയാണ്‌. എന്നാൽ, ഗായികയെ അറിയുന്നവർ ചുരുക്കമാകും. എറണാകുളം സ്വദേശിനി സോണി സായ്‌ എന്ന ആ ഗായിക നിസ്സാരക്കാരിയല്ല. പാട്ടെഴുത്ത്‌, സംവിധാനം, ആലാപനം... എന്നിങ്ങനെ പാട്ടിന്റെ മൂന്നുമേഖലയിലും സജീവം. മലയാളിയായ ആദ്യ സംഗീത സംവിധായിക എന്ന മേൽവിലാസത്തിൽനിന്ന്‌ സ്വയം പാട്ടുകൾ എഴുതി, സംവിധാനം ചെയ്ത്‌ അത്‌ പാടിയ അപൂർവ നേട്ടത്തിലേക്കാണ്‌ ഈ മുപ്പത്തൊമ്പതുകാരി ചുവടുവച്ചത്‌. 25 വർഷത്തെ സംഗീതജീവിതത്തിൽ സോണിക്ക്‌ അനുഭവങ്ങൾ ഏറെയാണ്‌. പിച്ചവച്ച്‌ വളർന്നു പ്രതിസന്ധികൾ പലപ്പോഴും സോണിയെ തളർത്താൻ ശ്രമിച്ചു. എന്നാൽ, അവയെല്ലാം മറികടന്ന്‌ മുന്നേറാനാണ്‌ ജീവിതാനുഭവങ്ങൾ പഠിപ്പിച്ചത്‌. സംഗീതത്തിൽ അതിർവരമ്പുകളില്ലെന്ന്‌ തിരിച്ചറിയാൻ ഏറെനാളത്തെ കാത്തിരിപ്പുവേണ്ടിവന്നു. സ്വയം എഴുതി, സംഗീത സംവിധാനം നിർവഹിച്ച്‌, ആലപിച്ച സിനിമ "മലേപൊതി' റിലീസിന്‌ ഒരുങ്ങുകയാണ്‌. സോണി സായ്‌ സംവിധാനംചെയ്ത മൂന്നാമത്തെ സിനിമയാണിത്‌. 2019ൽ "ജംഗിൾ ഡോട്‌ കോം' എന്ന മലയാള സിനിമയിലും 2021ൽ "സമസ്യാഹ' എന്ന സംസ്കൃത സിനിമയിലും പാട്ടൊരുക്കി. എന്നാൽ, എഴുത്തിലും സംവിധാനത്തിലും ആലാപനത്തിലും ഒരുമിച്ച്‌ കൈവയ്ക്കുന്നത്‌ "മലേപൊതി'ക്കുവേണ്ടിയാണ്‌. കലോത്സവ വേദികളിൽനിന്നു തുടക്കം മിമിക്രിയും സംഗീതവുമായി കലോത്സവ വേദികളിൽ തുടങ്ങിയതാണ്‌ യാത്ര. സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തിന്‌ ഒന്നാംസ്ഥാനം നേടി. 14–-ാം വയസ്സിൽ "സുഖവാസം' എന്ന സിനിമയിൽ സിൽക്ക്‌ സ്മിതയ്‌ക്കുവേണ്ടി ആദ്യഗാനം പാടി. മോഹൻ സിത്താരയുടെതായിരുന്നു സംഗീതം. തുടർന്ന്‌ നിരവധി ചിത്രങ്ങളിൽ ഗായികയായി. 2003ൽ ആദ്യമായി സംഗീതസംവിധാന രംഗത്തുമെത്തി. "ആദ്യാനുരാഗം' എന്ന ആൽബത്തിലായിരുന്നു പരീക്ഷണം. ഗായകൻ മധു ബാലകൃഷ്ണനാണ്‌ ഗാനം ആലപിച്ചത്‌. അത്‌ വിജയിച്ചതോടെ പിന്നാലെ നിരവധി അവസരങ്ങളെത്തി. 19 വർഷങ്ങൾക്കിപ്പുറം "മലേപൊതി'യിൽ എത്തുമ്പോൾ തനിക്കൊപ്പം പാടാൻ മധു ബാലകൃഷ്ണൻ എത്തുന്നുവെന്നത്‌ ചരിത്രത്തിന്റെ നിയോഗമെന്നാണ്‌ സോണി വിശേഷിപ്പിക്കുന്നത്‌. ഇതുകൂടാതെ "ലാല' എന്ന സിനിമയിലും സംഗീതസംവിധാനം ചെയ്യുന്നുണ്ട്‌. പുതിയൊരും ബോജ്‌പുരി സിനിമയിലേക്കും ക്ഷണമുണ്ട്‌. കോവിഡ്‌ ജീവിതം മാറ്റി "പ്രശ്നങ്ങളെ നേരിടാൻ തീരുമാനിക്കുമ്പോൾ പല വഴികളും മുന്നിൽ തെളിയും, അവ തെരഞ്ഞെടുക്കുക മാത്രമാണ്‌ നമ്മളുടെ കർത്തവ്യം'–- സോണി പറഞ്ഞു. പ്രതിസന്ധികളിൽ അവസാനിക്കുമെന്നു കരുതിയ ജീവിതത്തെ മാറ്റിമറിച്ചത്‌ കോവിഡ്‌ മഹാമാരിയാണ്‌. അതിജീവനമെന്ന ചിന്ത പുതുതായി പലതും ചെയ്യാൻ പ്രേരിപ്പിച്ചു. പല ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്നായി സംഗീതത്തിന്റെ പല വഴികളും കണ്ടെത്തി. ഒരുപാട്‌ ആളുകളെ പരിചയപ്പെടാനായി. പലരുടെയും പിന്തുണയോടെ കോവിഡുകാലത്ത്‌ അമ്പതിലധികം പാട്ടുകൾ ഒരുക്കി. സംഗീത സംവിധാനത്തിൽ ആത്മവിശ്വാസം ലഭിച്ചതും കോവിഡ്‌ കാലത്താണ്‌. മകനാണ്‌ പങ്കാളി സംഗീതത്തിൽ മകൻ ശിവ ശരണാണ്‌ പങ്കാളി. അമ്മയുടെ പാത പിന്തുടരുന്ന ഗിത്താറിസ്റ്റുകൂടിയായ മകനാണ്‌ സോണിയുടെ കരുത്ത്‌. വീട്ടിൽതന്നെ സ്റ്റുഡിയോ സംവിധാനമുള്ളതിനാൽ അമ്മയും മകനും ഒരുമിച്ചിരുന്ന്‌ സംഗീത ലോകംതന്നെ സൃഷ്ടിക്കും. എല്ലാ പാട്ടുകളിലും ഗിത്താർ സെഷൻ കൈകാര്യം ചെയ്യുന്നതും പുതിയകാല സംഗീതത്തെക്കുറിച്ചുള്ള അജ്ഞത നികത്തുന്നതും മകനാണ്‌. റോക്ക്‌ സോങ്‌ ചെയ്യുന്നതിന്‌ യുകെയിലേക്ക്‌ ശിവയ്ക്ക്‌ ക്ഷണം ലഭിച്ചിട്ടുണ്ട്‌. മുൻനിര സിനിമകൾ വേണം മുൻനിര സിനിമകൾ കിട്ടണമെന്നത്‌ ആഗ്രഹമാണ്‌. "ഓണവെയിൽ ഓളങ്ങളിലും' ഹിറ്റായെങ്കിലും പാട്ടുക്കാരിക്ക്‌ വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. ആദ്യമെല്ലാം നെഗറ്റീവ്‌ തോന്നിയെങ്കിലും പിന്നീട്‌ മാറി'. ഡബ്ബിങ്‌ സിനിമയിൽ ഉൾപ്പെടെ മുപ്പതിലധികം ചിത്രങ്ങളിൽ പാടി. ഏത്‌ വിഭാഗം പാട്ടുകളും ചെയ്യാൻ തയ്യാറാണ്‌. ‘എന്നും ഒരേ ആളുകൾക്കാണ്‌ അവസരംകിട്ടുന്നത്‌. അതിൽനിന്ന്‌ മാറ്റം വരണം. ഞാന്‌ ഉൾപ്പെടെ പഴയ ആളുകൾ അവസരം കിട്ടാതെ ഇന്നും പിൻനിരയിലുണ്ട്‌'–- സോണി പറഞ്ഞു. തിരുവനന്തപുരം സ്വദേശി പരേതനായ ഹരിറാം പ്രസാദിന്റെയും അംബിക ഭായിയുടെയും മകളാണ്‌ സോണി. ശിവ ശരണിനെ കൂടാതെ ഇളയ മകൻ സായ്‌ ശരൺ, സോണിയുടെ സഹോദരിമാരായ സൗമ്യ, സംഗീത എന്നിവർ ഉൾപ്പെടുന്നതാണ്‌ കുടുംബം. amalshaiju965@gmail.com Read on deshabhimani.com

Related News