കാറ്റ് തഴുകുന്ന പാട്ടെഴുത്ത്



വനിതകൾ അപൂർവമായി മാത്രം കടന്നുവന്നിട്ടുള്ള ചലച്ചിത്ര ഗാനരചനാരംഗത്ത് തനതുമുദ്ര പതിപ്പിക്കുകയാണ് ഷഹീറ നസീർ എന്ന വീട്ടമ്മ. ഇവർ കുറിച്ച പല സിനിമാ ഗാനവും ഹിറ്റുകളായി മാറുകയുമാണ്. ഏറ്റവുമൊടുവിൽ കെണി എന്ന ചിത്രത്തിനുവേണ്ടി ഗായകൻ ജി വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ പാടിയ ‘കാറ്റു തഴുകുന്നു... കാതിലോതുന്നു... ' എന്ന ഗാനവും തരംഗമായി. ഇതിനിടെയാണ് സിനിമാ ഗാനരചയിതാക്കളുടെ ദേശീയ കൂട്ടായ്‌മയായ ഇന്ത്യൻ പെർഫോമിങ് റൈറ്റ്സ് സൊസൈറ്റിയിൽ  മലയാളത്തിലെ പ്രശസ്‌തർക്കൊപ്പം അംഗത്ം ലഭിച്ചത്. ചങ്ങായി, ക്യാബിൻ, കെണി എന്നീ ചിത്രങ്ങളിലും നിരവധി ആൽബത്തിലും ഇവർ ഗാനരചന നിർവഹിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന സലാം ബാപ്പു, നാദിർഷാ എന്നിവരുടെ ചിത്രങ്ങളിലും ഷഹീറ നസീറിന്  അവസരമൊരുങ്ങിയിട്ടുണ്ട്. സാഹിത്യരംഗത്തും ഷഹീറ ഇടംനേടി. ചോരുന്ന വരാന്തകൾ, ജാലകക്കാഴ്ചകൾ, മഴ നനയുന്നവർ എന്നിവയാണ് ഷഹീറ രചിച്ച കഥാ-കവിതാ സമാഹാരങ്ങൾ. മലയാള ഭാഷയ്‌ക്ക്‌ നൂറുശതമാനം വിജയംവരിച്ച കുട്ടികളെ പഠിപ്പിച്ച അധ്യാപികയ്‌ക്കുള്ള കേന്ദ്ര മന്ത്രി  സ്‌മൃതി  ഇറാനിയുടെ 2017ലെ പ്രതിഭാ പുരസ്‌കാരഫലകം നേടിയ അധ്യാപികകൂടിയാണ്‌ ഇവർ. രചനകളെ മുൻനിർത്തി മുപ്പതിലധികം പ്രതിഭാ പുരസ്കാരവും ഷഹീറയെ തേടിയെത്തിയിട്ടുണ്ട്.  ഇതിനകം സിനിമയ്ക്കായി പതിനഞ്ചോളം പാട്ട്‌ രചിച്ചുകഴിഞ്ഞു. പ്രവാസിയായ നസീറാണ്  ഭർത്താവ്. ഓച്ചിറ സ്വദേശികളായ എം താജുദീൻ കുഞ്ഞിന്റെയും സഫിയത്തിന്റെയും മകളാണ് ഷഹീറ. നസ്റിൻ, സൽമാൻ എന്നിവർ മക്കൾ. സൗദിയിലെ അൽ ജനൂബ് സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം  മലയാളം അധ്യാപികയായി  ജോലി ചെയ്‌ത ഷഹീറ ഇവിടത്തെ മലയാളവിഭാഗം മേധാവിയുമായിരുന്നു. ഇപ്പോൾ നാട്ടിൽ  എംഎഡ് പഠനത്തിനായി ചേർന്നിരിക്കുകയാണ് ഷഹീറ. Read on deshabhimani.com

Related News