പോംവഴി ലൈംഗിക വിദ്യാഭ്യാസം തന്നെ



സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തിയാൽ, അവരെ ഒരുമിച്ച് ഇടപഴകാൻ അനുവദിച്ചാൽ, അവർക്ക് ഒരുപോലെയുള്ള വസ്ത്രങ്ങൾ നൽകിയാൽ ലിംഗസമത്വം സാധ്യമാവുമോ? പലയിടങ്ങളിലായി ഉയർന്നു കേൾക്കുന്ന ചോദ്യമാണ്. ഇതൊക്കെ ചെയ്യുന്നത് പിറ്റേന്ന് നേരം വെളുക്കുന്നത് ലിംഗ സമത്വത്തിന്റെ ശംഖനാദം കേട്ടു കൊണ്ടായിരിക്കണം എന്ന് ഉദ്ദേശത്തോടുകൂടി അല്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ  ഇടനാഴികൾ, പ്രത്യേകം ഗോവണികൾ, ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മിണ്ടാൻ പാടില്ല, പരസ്പരം ഇടപഴകാൻ പാടില്ല ഇതൊക്കെ ചില സ്കൂളുകളുടെ നിയമങ്ങളാണ്. അങ്ങനെയുള്ള ഒരു സ്കൂളിൽ തന്നെയാണ് കോട്ട് ഇടാത്തതിന്റെ പേരിൽ വിദ്യാർത്ഥികൾക്കു മുന്നിൽ വച്ച് സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഒരു അധ്യാപിക രാജിവച്ചതും. ഈ നിയമങ്ങളൊക്കെ സത്യത്തിൽ എന്തു പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണ് നടപ്പിലാക്കപ്പെടുന്നത്. കോട്ടിടാതെ വന്നാൽ വിദ്യാർഥികൾ അധ്യാപികയെ മോശം രീതിയിൽ നോക്കും, ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടപഴകാൻ അനുവദിച്ചാൽ അവർ പല മോശം കാര്യങ്ങളും ചെയ്യും എന്ന കാരണത്താലാണ് ഈ നിയന്ത്രണങ്ങൾ എന്നാണ് വാദം. എന്താണ് ഈ മോശം  എന്നത്. ലൈംഗിക ചുവയോടെ നോക്കും ലൈംഗികമായി ഇടപഴകും എന്നത് തന്നെയാവണം ഈ മോശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ അത് തടയാനുള്ള പരിഹാരം ഇതാണോ. മനുഷ്യൻ എന്നത് മറ്റെല്ലാ ജീവികളെക്കാളും എല്ലാത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താനും ഇനിയെന്ത് എന്നുള്ള ആകാംക്ഷയോടെ ഓരോ കാര്യങ്ങളെയും നിരീക്ഷിക്കാനും ഏറ്റവും അധികം ത്വരയുള്ള ഒരു ജന്തു വിഭാഗമാണ്. അതുകൊണ്ടുതന്നെയാണ് മനുഷ്യൻ ഇന്ന്  ഭൂമിയുടെ രാജാക്കന്മാരായി വാഴുന്നതും വിപ്ലവങ്ങളിലൂടെയും കണ്ടുപിടുത്തങ്ങളിലൂടെയും ആർക്കും എത്തിപ്പെടാൻ കഴിയാത്ത വിധം വളർന്നതും. ഈ ആകാംക്ഷയും ത്വരയും മനുഷ്യന്റെ മനസ്സിലെ എല്ലാ വികാരങ്ങൾക്കും ഒരുപോലെ ബാധകമാണ്. അവന്റെ ഉള്ളിലെ ലൈംഗിക മോഹങ്ങൾക്കും ആകാംക്ഷയുടെ സ്വഭാവം തന്നെയാണുള്ളത്. ഈ ലോകത്തിലെ എല്ലാ നാടുകളിലെ മനുഷ്യർക്കും ലൈംഗിക തൃഷ്ണകൾ ഉണ്ടാകും. അത് മനുഷ്യനിൽ സ്വാഭാവികമായിട്ട് സംഭവിക്കുന്നത് മാത്രമാണ്. പക്ഷേ ഓരോ നാട്ടിലെ മനുഷ്യരും ആ ലൈംഗിക തൃഷ്ണകളെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിലാണ് വ്യത്യാസം. ഒരു നാട്ടിൽ  ബലാത്സംഗം ചെയ്താണ് ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്തുന്നത് എങ്കിൽ മറ്റൊരു നാട്ടിൽ അത് വളരെ മാന്യമായി പരസ്പരം തുറന്നു പറയാനുള്ള ഒരു അന്തരീക്ഷം ഉണ്ടാകുന്നുണ്ടാകാം. അവിടെയാണ് സംസ്കാരങ്ങളുടെ അന്തരം കാണാൻ കഴിയുന്നത്. മൂടിവയ്ക്കുന്തോറും അതെന്താണെന്ന് അറിയാനുള്ള മനുഷ്യന്റെ ത്വര വർദ്ധിച്ചുകൊണ്ടിരിക്കും. പുരികം പോലും കാണിക്കാതെ കണ്ണുകൾ മാത്രം പുറത്തു കാണിച്ചു കൊണ്ട്  ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീകളുള്ള രാജ്യങ്ങളും പ്രദേശങ്ങളും ഇന്നുമുണ്ട്. സ്ത്രീയുടെ മുടി കണ്ടാൽ പോലും പുരുഷന്മാർക്ക് ലൈംഗികവികാരം ഉണരും എന്നുള്ള അവസ്ഥയിലേക്ക് അത്തരം നാടുകൾ എത്തിച്ചേരാനുള്ള കാരണമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ. മൂടിവയ്ക്കപ്പെടുന്തോറും മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് തീവ്രത കൂടുകയാണ്. എങ്കിൽ പിന്നെ വസ്ത്രങ്ങളെ വേണ്ടല്ലോ എന്ന ചിന്തയിലേക്ക് ആയിരിക്കും ഇതു പറയുമ്പോൾ  ആദ്യം നമ്മൾ എത്തുക. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നുള്ള ഒരു ലൈൻ ആണല്ലോ പൊതുവെ. വസ്ത്രധാരണത്തിനുള്ള വ്യത്യാസങ്ങളൊക്കെ  ഓരോ പ്രദേശങ്ങളിലെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നു പറയുന്നതിലൊന്നും അർത്ഥമില്ല. എല്ലായിടത്തും മനുഷ്യരാണ് ജീവിക്കുന്നത്. ചില സംസ്കാരങ്ങളും മതവും മനുഷ്യന്റെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും കൽപ്പിച്ചു കൊടുക്കുന്ന വിലക്കുകൾ ഉണ്ടാക്കുന്ന അസമത്വങ്ങളും അന്യായ ചിന്തകളും എല്ലായിടത്തും മാറേണ്ടത് തന്നെയാണ്. വസ്ത്രധാരണത്തിൽ വിവേചനങ്ങൾ ഏർപ്പെടുത്തുമ്പോഴും കൂടുതൽ മൂടി വയ്ക്കുമ്പോഴാണ് സംസ്കാരത്തിന് കളങ്കം തട്ടാതിരിക്കുന്നത് എന്നുള്ള അവകാശവാദങ്ങൾക്കും നാടിന്റെ സംസ്കാരം എന്നുള്ള വീമ്പു പറച്ചിലുകൾക്കും നമ്മൾ ഇന്നും അടിമപ്പെടുമ്പോഴും നാടിന്റെ സംസ്കാരത്തെക്കുറിച്ച് മേനി പറയുന്നവർ പഴയകാലത്തെ സാമൂഹികസംസ്കാരങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു നോക്കണം. എത്രമാത്രം  ഭീകരമായ അസമത്വങ്ങളിൽ നിന്നാണ് നമ്മൾ ഇന്നിലേക്കെത്തിയത് എന്നുള്ള ഒരു ഓർമ്മ എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഈയടുത്ത് ഇറങ്ങിയ വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ നമ്മുടെ സാമൂഹിക സംസ്കാരങ്ങളിൽ ഉണ്ടായിരുന്ന നാണംകെട്ട അസമത്വങ്ങളെയും അനാചാരങ്ങളെയും യാതൊരു ദാക്ഷിണ്യവും ഇല്ലാതെ തുറന്നു കാണിക്കുന്നുണ്ട്. മാറുമറയ്ക്കാനുള്ള സമരം അതിന്റെ  പേരിലുള്ള അർത്ഥത്തിൽ മാത്രം ഉൾക്കൊള്ളാതെ അത് വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം ആയിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നവർ ചുരുക്കമാണ്. കോട്ട് ഇടാത്തതിന്റെ പേരിൽ അധ്യാപികയെ അപമാനിച്ച സ്കൂൾ മാനേജ്മെന്റ് കുട്ടികളിലെ ചില തെറ്റായ പ്രവണതകൾ കണ്ടതിനാലാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാത്തിനും വെവ്വേറിയിടങ്ങൾ എന്നുള്ള നിയമവും അധ്യാപികമാർ കോട്ടുധരിച്ച് എത്തണം എന്നുള്ള നിയമവും ഉണ്ടാക്കിയത് എന്നാണ് പറയുന്നത്. വിലക്കുകളും വിവേചനങ്ങളും കടുത്ത നിയമങ്ങളും ഏർപ്പെടുത്തുന്നത് ഒരിക്കലും ഈയൊരു പ്രശ്നത്തിന്റെ പരിഹാരമാർഗ്ഗമാണ് എന്ന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ സ്കൂളിന്റെ  കടുത്ത നിയമങ്ങളുടെ ഇരകളാകേണ്ടി വന്നിട്ടുണ്ട് എന്നാണ് അറിവ്. ഇത് പല കോണുകളിൽ നിന്നുകൊണ്ട് വീക്ഷിച്ച് പരിഹാരം കാണേണ്ട ബഹുമുഖ സ്വഭാവമുള്ള ഒരു പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം ഒറ്റവാക്കിൽ നിർദ്ദേശിക്കാനോ എളുപ്പത്തിൽ നടപ്പിലാക്കാനോ ഒരു ദിശയിലേക്ക് മാത്രം നോക്കി കൊണ്ട് ആസൂത്രണം ചെയ്യാനോ കുറഞ്ഞ കാലയളവിനുള്ളിൽ പരിഹാരമുണ്ടാക്കാനോ സാധ്യമല്ല. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണം എന്നുള്ള ഒരു ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. സ്കൂൾ അധികൃതർ പറയുന്ന ഒരു മോശം അവസ്ഥയിലേക്ക് കുട്ടികൾ ചെന്നെത്തുന്നുണ്ട് എങ്കിൽ കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുക എന്നത് തന്നെയാണ് അതിനുള്ള പോംവഴി. ഇന്ന് വിദ്യാഭ്യാസം കൊടുത്താൽ നാളെ കൊണ്ട് കുട്ടികൾ നന്നാവും എന്ന രീതിയിലുള്ള ഒരു പരിഹാരമാർഗ്ഗം ആവില്ല ഒരിക്കലും അത് . തീർച്ചയായും ഒരുപാട് സമയമെടുത്ത് ശ്രദ്ധയോടെ, ക്ഷമയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്. സെക്സ് എഡ്യൂക്കേഷൻ എന്നു പറഞ്ഞാൽ  അവയവങ്ങളിലേക്ക് മാത്രം ചിന്തകൾ ചുരുങ്ങിപ്പോകുന്ന ഒരു കൂട്ടം മനുഷ്യരെ എന്താണ് സെക്സ് എഡ്യൂക്കേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ബോധ്യപ്പെടുത്തേണ്ട  ബാധ്യത കൂടി ആ പ്രക്രിയയ്ക്ക് ഉണ്ട്. പരിഹാരമാർഗ്ഗങ്ങൾ ഉണ്ടായിട്ടും ഇനിയും അത് കൃത്യമായി നടപ്പിലാക്കാനുള്ള അമാന്തം എന്തുകൊണ്ടാണ്, സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് തടസ്സങ്ങളായി നിൽക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നൊക്കെ കണ്ടെത്തി അതിനെല്ലാം പോംവഴികൾ ഉണ്ടാക്കി ലൈംഗിക വിദ്യാഭ്യാസത്തെ പറ്റി കൃത്യമായ അവബോധം എല്ലാ മനുഷ്യരിലും ഉണ്ടാക്കാൻ ഇനിയും വൈകേണ്ടതുണ്ടോ?പറയുന്നത്ര എളുപ്പമല്ല പ്രവർത്തിക്കാൻ എന്നാലും സാമൂഹിക ആരോഗ്യത്തിനു വേണ്ടി ഉണർന്നു പ്രവർത്തിക്കാനുള്ള അലസത എല്ലാ മേഖലകളിലും കാണാം. എല്ലാവർക്കും എളുപ്പത്തിൽ കാര്യം നടക്കണം. അതുകൊണ്ടുതന്നെയാണ് വിലക്കുകളിലൂടെയും വിവേചനങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതൊരിക്കലും ഫലവത്താകുകയില്ല എന്ന് മാത്രമല്ല സമൂഹത്തെ കൂടുതൽ അധപതനത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള സൗകര്യങ്ങളുടെ കുറവും അധ്യാപകരുടെ കുറവും എല്ലാം യാഥാർത്ഥ്യമാണ്. പക്ഷേ അതിലേറെ പ്രധാനപ്പെട്ട ആശങ്കയാണ്  സമൂഹത്തിന്റെ പ്രതികരണങ്ങളെ എങ്ങനെ നേരിടും എന്നത്. കാരണം ലൈംഗിക വിദ്യാഭ്യാസം എന്നാൽ എങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെടാം എന്ന് മാത്രം പഠിപ്പിക്കുന്ന പ്രക്രിയയാണ്  എന്ന് ധരിച്ചു വച്ചിരിക്കുന്ന ഒരു കൂട്ടം ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. ലൈംഗികാരോഗ്യ വിദ്യാഭ്യാസം (സെക്ഷ്വൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ ) ,ലൈംഗിക- ജീവിത നൈപുണീ വിദ്യാഭ്യാസം (സെക്ഷ്വാലിറ്റി ആൻഡ് ലൈഫ് സ്കിൽ എഡ്യൂക്കേഷൻ ) അഥവാ ആരോഗ്യലൈംഗിക വിദ്യാഭ്യാസവും ബന്ധങ്ങളും (റിലേഷൻഷിപ്സ് ആൻഡ് സെക്ഷ്വൽ ഹെൽത്ത്‌ എഡ്യൂക്കേഷൻ ) എന്നിങ്ങനെ പലയിടങ്ങളിലായി പല പേരുകളിൽ ലൈംഗിക വിദ്യാഭ്യാസം അറിയപ്പെടുന്നുണ്ട്. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും, ലൈംഗിക ചായ്‌വ് (സെക്ഷ്വൽ ഓറിയന്റേഷൻ ) ലൈംഗിക രോഗങ്ങളും പ്രതിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും,സുരക്ഷിത ലൈംഗികബന്ധം,ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, ബന്ധങ്ങൾ, ഉഭയസമ്മതം അഥവാ കൺസന്റ്, ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതിയുടെ പ്രാധാന്യം, അലൈംഗികത, ബന്ധങ്ങൾ തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.ഓരോ പ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്താൻ കഴിയും. കുട്ടികളിൽ നിന്നു തന്നെ അവരുടെ പ്രായത്തിനു യോജിക്കുന്ന രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം  നൽകാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അത് അവരുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഒരുപാട് പ്രതിസന്ധികളെ പക്വതയോടെയും ധൈര്യത്തോടെയും തരണം ചെയ്യാനുള്ള ഒരു ചവിട്ടുപടി തന്നെയാവും. ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും, കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസ്സിലാക്കുവാനും അത് സഹായിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ലിംഗ നീതിയിലും  സമത്വത്തിലും ഊന്നിയ ശാസ്ത്രീയമായ ബോധവൽക്കരണം ബലാത്സംഗങ്ങൾ, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെയുള്ള  കുറ്റകൃത്യങ്ങളും, ദാമ്പത്യ ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും, കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം ശാസ്ത്രീയമായ മാർഗ്ഗങ്ങളിലൂടെ അല്ലാതെ വിവേചനം കൊണ്ടും വേർതിരിക്കൽ കൊണ്ടും കുട്ടികൾ തമ്മിൽ പരസ്പരം ഇടപഴകാൻ കഴിയാത്ത ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുത്താൽ അത് ഭാവിയിൽ വലിയ പ്രശ്നങ്ങളിലേക്ക് തന്നെയാവും നയിക്കുക. ആൺകുട്ടികൾ എന്നത് തങ്ങൾ പേടിക്കേണ്ട ഒരു വിഭാഗമാണെന്ന ബോധം പെൺകുട്ടികളിൽ വളർത്താനും പെണ്ണ് എന്നത് തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള ഒരു വസ്തുവാണെന്നുള്ള ബോധം ആൺകുട്ടികളിൽ വളർത്താനും മാത്രമേ ഇത്തരം വിവേചനങ്ങളും ഒന്നും മിണ്ടാൻ പോലും സമ്മതിക്കാതെയുള്ള അകറ്റിനിർത്തലുകളും കൊണ്ട് സംഭവിക്കുകയുള്ളൂ. ലൈംഗിക വിദ്യാഭ്യാസം നൽകാനും അതിന്റെ ആവശ്യകത എത്രത്തോളം ഉണ്ടെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും സമൂഹത്തിന്റെ, പൊതുജനങ്ങളുടെ സഹകരണം എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. അതിന് മറ്റൊരുവന്റെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ ഒളിഞ്ഞുനോട്ടം എന്ന വൈകല്യം ആദ്യം ഭേദമാകേണ്ടതുണ്ട്. മറ്റു ജീവിതങ്ങളിലേക്ക് അനാവശ്യമായി ഒളിഞ്ഞു നോക്കാതെ നാട്ടിലുള്ള സ്ത്രീപുരുഷബന്ധങ്ങളെ പറ്റി കിംവദന്തികൾ  പറയാതെ ആണും പെണ്ണും ഒരുമിച്ച് നടന്നാലോ ചിരിച്ചാലോ സംസാരിച്ചാലോ ചിന്തകൾ അവയവങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ മറ്റുള്ളവന്റെ നേട്ടങ്ങളിൽ അസൂയപ്പെടാതെ മറ്റുള്ളവനുമായി സ്വയം താരതമ്യപ്പെടാതെ നാട്ടുകാർ എന്ത് കരുതും എന്ന് വിചാരിച്ച് ചത്തതു പോലെ ജീവിക്കാതെ നിങ്ങൾ നിങ്ങളായി ഇരുന്നു കൊണ്ട് നിങ്ങൾ എന്ന വ്യക്തിയുടെ സൗന്ദര്യത്തിൽ  സ്വയം സന്തോഷിച്ചുകൊണ്ടും നിരന്തരം നിങ്ങളെത്തന്നെ വിശകലനം ചെയ്ത് നിങ്ങളിൽ ക്രിയാത്മകമായ പരിണാമങ്ങൾ ഉണ്ടാക്കിക്കൊണ്ടും ജീവിക്കാൻ  ഇനി എപ്പോഴാണ് സാധിക്കുക. അതിനു മറ്റൊരു ജീവിതം ഉണ്ടോ. വെറുതെ ഒന്ന് ചിന്തിക്കൂ.   Read on deshabhimani.com

Related News