"സീതാ'കഥ, ഇച്ഛാശക്തിയുടെയും



ശബ്‌ദങ്ങൾ ഇന്നലെകളിലെ ഓർമകൾ പോലെയാണ്‌ സീതയുടെ കാതുകൾക്ക്‌, ഭാഗികംമാത്രം. എന്നാൽ, ജീവിക്കാനുള്ള ഊർജത്തിന്‌ കുറവുണ്ടായിരുന്നില്ല. തിരുവനന്തപുരം തിരുമല ടിവി നഗർ ശ്രീവൈകുണ്ഠം വീട്ടിൽ എസ്‌ സീതയുടെ ജീവിതം ഇച്ഛാശക്തിയുടെയും അതിജീവനത്തിന്റെയും ആയത്‌ എത്രയോ വർഷങ്ങൾക്കുമുമ്പാണ്‌. മൂന്ന്‌ മക്കൾക്കും പൂർണമായി കേൾവിശക്തി ഇല്ലായെന്ന്‌ തിരിച്ചറിഞ്ഞതും ഭർത്താവ്‌ അജികുമാറിന്റെ മരണവും സീതയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയായിരുന്നു. ഭർത്താവ്‌ മരിക്കുമ്പോൾ പാർവതിക്കും ലക്ഷ്‌മിക്കും വെറും രണ്ട്‌ വയസ്സായിരുന്നു. പൂർണമായും കേൾവിയില്ലാത്ത മൂന്ന്‌ കുഞ്ഞുങ്ങളുമായി നീണ്ട വർഷം യുദ്ധത്തിലായിരുന്നു ഈ അമ്മ. 25–-ാം വയസ്സിൽ പാർവതിയും ലക്ഷ്‌മിയും ഇന്ത്യൻ എൻജിനിയറിങ്‌ സർവീസസ്‌ പരീക്ഷയിൽ റാങ്ക്‌ നേടിയതോടെയാണ്‌ സീതയെന്ന അമ്മയെ എല്ലാവരും തിരിച്ചറിഞ്ഞത്‌. എല്ലാ അമ്മമാരെയുംപോലെ സ്‌നേഹത്തിനും കരുതലിനും ഒപ്പം അസാധാരണ ധൈര്യംകൂടിയുണ്ടായി സീതയ്ക്ക്‌. "ഇത്തവണ ഐഇഎസ്‌ റാങ്ക്‌ പട്ടികയിൽ ഇടം നേടിയ മലയാളികൾ എന്റെ കുട്ടികൾ മാത്രമാണ്‌. അഭിമുഖത്തിനെത്തിയ മറ്റുള്ളവരെ കണ്ട്‌ അവർ ഭയപ്പെട്ടിരുന്നു. അതൊക്കെ വെറുതെയായിരുന്നുവെന്ന്‌ കാലം തെളിയിച്ചു'–-അഭിമാനവും സന്തോഷവും നിറഞ്ഞ അവരുടെ വാക്കുകൾ ഇങ്ങനെ. "അമ്മയുടെ സന്തോഷമാണ്‌ ഞങ്ങളുടെ ഏറ്റവും വലിയ ആഘോഷം. ഒന്നു കെട്ടിപ്പിടിക്കണം, അപ്പോൾ ഒരു മുത്തം കിട്ടും. അതാണ്‌ ഏറ്റവും വലിയ സമ്മാനം'–-പാർവതി വാട്സാപ് ചാറ്റുവഴി പറഞ്ഞു. വിഷ്‌ണുവും പാർവതിയും ലക്ഷ്‌മിയും തിരുവനന്തപുരം സിഇടി കോളേജിലെ പൂർവവിദ്യാർഥികളാണ്‌. മൂവരും സിവിൽ എൻജിനിയറിങ്‌ ബിരുദധാരികൾ. പൊതുമരാമത്ത്‌ വകുപ്പ്‌ ജീവനക്കാരിയാണ്‌ സീത. അറിവിന്റെ ലോകത്തേക്ക്‌ അമ്മയിലൂടെ നടന്നുകയറിയ ഒരു "എൻജിനിയർ കുടുംബ'ത്തിന്റെ കഥയാണിത്‌. Read on deshabhimani.com

Related News