മൂക്ക്‌ കുറയ്‌ക്കും, മൂന്ന്‌ വയസ്സ്‌!



സൗന്ദര്യം കണ്ട്‌ മൂക്കത്ത്‌ വിരൽ വച്ചു എന്നൊക്കെ കേട്ടിട്ടുണ്ടാകും.  എന്നാൽ സൗന്ദര്യം കൂട്ടാൻ മൂക്കത്ത്‌ കത്തി വയ്‌ക്കുന്നത്‌ അൽപ്പം കടന്ന കൈയാണ്‌.  പക്ഷേ ഇതൊരു സാധാരണ കാര്യമായി മാറി. മലയാളികൾക്ക്‌ അത്ര പരിചിതമല്ലാത്ത പ്ലാസ്റ്റിക്‌ സർജറിക്ക്‌ ഇന്ന്‌ ഏത്‌ സൗന്ദര്യവർധക ഉപാധിയെക്കാളും സൗന്ദര്യലോകത്ത്‌ പ്രാധാന്യമുണ്ട്‌.  അല്ലെങ്കിലും നമ്മുടെ ബോളിവുഡ്‌ നടിമാരെ നോക്കൂ.  പ്രിയങ്ക ചോപ്രയെ  കത്രീന കൈഫിനെ ഐശ്വര്യ റായിയെ. അങ്ങനെയൊത്തിരി. ഇവരെല്ലാം പ്ലാസ്‌റ്റിക്‌ സർജറിയിലൂടെ സൗന്ദര്യം വർധിപ്പിച്ചവരാണ്‌. കലിഫോർണിയ സർവകലാശാല പുറത്തുവിട്ട പുതിയ റിപ്പോർട്ട്‌ പ്രകാരം മൂക്ക് ശസ്ത്രക്രിയ(റൈനോപ്ലാസ്റ്റി)ക്ക്  വിധേയമാക്കുന്നത് ഒരു സ്‌ത്രീയെ മൂന്ന് വയസ്സുവരെ ചെറുപ്പമാക്കുമത്രെ. കേൾക്കുമ്പോൾ കൊള്ളാമെങ്കിലും എല്ലായ്‌പ്പോഴും ഇത് വിജയിക്കണമെന്നില്ല. ചുണ്ട്‌, സ്‌തന ശസ്‌ത്രക്രിയകൾക്ക്‌ പിന്നാലെ ഏറ്റവും പ്രചാരമുള്ളതാണ്‌ റൈനോപ്ലാസ്റ്റി. കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/എഐ) ഉപയോഗിച്ച് ശസ്‌ത്രക്രിയക്ക് വിധേയരായ സ്‌ത്രീകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.  നൂറ് സ്ത്രീകളുടെ ശസ്‌ത്രക്രിയക്ക് മുമ്പും പിമ്പുമുള്ള ചിത്രങ്ങളാണ് പഠനവിധേയമാക്കിയത്.   മൂക്കിലെ അസ്ഥിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി രൂപമാറ്റം സൃഷ്ടിക്കുകയാണ് റൈനോപ്ലാസ്റ്റിയിലൂടെ ചെയ്യുന്നത്.  ബോളിവുഡ് നടിമാരിൽ അമ്പത് ശതമാനം പേരും ഇത്തരത്തിൽ ശസ്‌ത്രക്രിയക്ക് വിധേയരായവരാണ്. ശ്രീദേവി, ശിൽപ്പ ഷെട്ടി, ഐശ്വര്യ റായ്, അദിതി റാവു ഹൈദരി, കത്രീന കൈഫ് എന്നിവരെല്ലാം ഈ പട്ടികയിൽ പെടും.  കണ്ണും മൂക്കുമാണ്‌ മുഖ സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്ന്‌ പറയാറുണ്ട്‌. അതിനാൽ തന്നെ റൈനോപ്ലാസ്റ്റിക്ക്‌ ശേഷം അതിസുന്ദരികളായവർ ഏറെ. അതേസമയം സൗന്ദര്യം കൂട്ടാൻ മൂക്കത്ത് കത്തി വച്ച ശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങിയവരുമുണ്ട്‌. ഇതിൽ പ്രധാനിയാണ്‌  അന്തരിച്ച അഭിനേത്രി ശ്രീദേവി. തന്റെ പ്രകൃതിദത്തമായ സൗന്ദര്യം ശസ്‌ത്രക്രിയയിലൂടെ ശ്രീദേവി ഇല്ലാതാക്കിയെന്നായിരുന്നു ആരാധകരുടെ വാദം. വിദേശ രാജ്യങ്ങളിൽ  സർവസാധാരണമായി സ്‌ത്രീകൾ റൈനോപ്ലാസ്റ്റിക്ക് വിധേയരാകാറുണ്ട്. പതിനാറ് വയസ്സുമുതൽ 72 വയസ്സ് വരെയുള്ളവർ ഇതിൽ പെടും. മുഖം മാറ്റാൻ പ്രായം ഒരു ഘടകമല്ലെന്ന്‌ വേണമെങ്കിൽ പറയാം. അൽപ്പം ധൈര്യമുള്ള ആർക്കും ചെയ്യാവുന്നതാണ്‌ റൈനോപ്ലാസ്റ്റി. ധൈര്യത്തിനൊപ്പം കൈയിൽ പണവും കരുതണം. ഇന്ത്യയിൽ ഈ ശസ്‌ത്രക്രിയക്ക്‌ 40, 000 മുതൽ രണ്ട്‌ ലക്ഷം രൂപ വരെയാണ്‌ ചെലവ്‌. മൂന്ന്‌ വയസ്സ്‌ കുറയ്ക്കാമെന്നു കരുതി പോകുമ്പോൾ ഇവയും ശ്രദ്ധിക്കുക. Read on deshabhimani.com

Related News