പ്രസവാനന്തര വിഷാദരോഗം: അറിയാം, അമ്മ മനസ്സ്‌



ഗർഭകാലവും കുഞ്ഞിന്റെ ജനനവുമെല്ലാം ആഘോഷമാക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. എങ്കിലും പ്രസവാനന്തരം പുതിയ ആളിനെ ലോകം കാണിക്കുന്നതിലേക്കും ശ്രദ്ധിക്കുന്നതിലേക്കും മാത്രമായി ചുറ്റുമുള്ളവർ ഒതുങ്ങിപ്പോകും. മനപ്പൂർവമല്ലെങ്കിലും അമ്മ ഒറ്റയ്ക്കാകും. അതൊരു കുറ്റമെന്നല്ല, പക്ഷേ, വൈകാരികമായി വളരെയധികം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അമ്മയും ആ സമയം കുറച്ചധികം കരുതൽ അർഹിക്കുന്നുണ്ട്. അത് നൽകാനായാൽ പ്രസവാനന്തര വിഷാദരോഗത്തിന്റെ പിടിയിൽ ഉഴലുന്ന ഒരുപാട് അമ്മമാർക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള വഴിയായിരിക്കും അത്. ഗർഭകാലം ഉൽക്കണ്ഠകളുടെയും അസ്വസ്ഥതകളുടെയുംകൂടി കാലമാണ്. ചിലരിൽ കാരണമറിയാത്ത നിരാശകളും കുറ്റബോധവും ആശയക്കുഴപ്പങ്ങളുമെല്ലാം കടന്നുകയറിയേക്കാം. ഗർഭകാലത്ത് തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങൾ, ഹോർമോണുകളിലുണ്ടാകുന്ന വ്യത്യാസങ്ങൾ മുതൽ ജീവിത ചുറ്റുപാടുകൾവരെ ഇത്തരം വൈകാരിക മാറ്റങ്ങൾക്ക് കാരണമാകുന്നു. ഈ സമയം അമ്മമാരുടെ മനസ്സ്‌ ചെറുതും വലുതുമായ മാനസിക രോഗാവസ്ഥകൾക്ക്‌ പെട്ടെന്ന്‌ വിധേയമായേക്കാം. എന്നാൽ, 80 ശതമാനം സ്ത്രീകൾക്കും പ്രസവാനുബന്ധമായുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ മറികടക്കാൻ ശരിയായ സഹായമോ പരിഗണനയോ കിട്ടാതെ പോകുന്നു. നാലിൽ ഒരാളെന്നനിലയിൽ സ്ത്രീകളിൽ പ്രസവാനന്തര വിഷാദരോഗം പിടിമുറുക്കുന്നുണ്ടെന്ന്‌ പഠനങ്ങൾ സൂചിപ്പിക്കുന്നു. മിക്കവരിലും പ്രസവത്തിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിൽത്തന്നെ വൈകാരികാസ്വാസ്ഥ്യങ്ങൾ പിടിമുറുക്കാൻ തുടങ്ങും. മറ്റു ചിലരിൽ പ്രസവിച്ച് രണ്ടാംദിനംതന്നെ അസ്വസ്ഥതകൾ കണ്ടുവരുന്നുണ്ട്. എപ്പോഴുമുള്ള സങ്കടാവസ്ഥ, ഏറ്റവും ആസ്വദിച്ചിരുന്നതും പ്രിയപ്പെട്ടതുമായ കാര്യങ്ങളോട് തോന്നുന്ന വിരക്തി, കഠിനമായ ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ആത്മഹത്യാ പ്രവണത എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. വിഷാദരോഗത്തിന്റെയും ലക്ഷണങ്ങൾ ഇതുതന്നെയാണെങ്കിലും പ്രസവാനന്തര വിഷാദരോഗത്തിൽ നവജാത ശിശുവുമായി ബന്ധപ്പെട്ട അശുഭചിന്തകളും സംരക്ഷണത്തെയും പരിചരണത്തെയുംകുറിച്ചുള്ള കുറ്റബോധവുംകൂടി ഉൾപ്പെടും. ആറുമാസംവരെ നീളുന്ന പ്രസവാനന്തര വിഷാദരോഗം വേണ്ടവിധത്തിലുള്ള ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകും. ചികിത്സ ലഭിക്കാതെ വിഷാദരോഗത്തിന്റെ കഠിനമായ അവസ്ഥാന്തരങ്ങളിലേക്ക് പോയിട്ടുള്ളവരും നിരവധിയുണ്ട്. താൻ കടന്നുപോകുന്നത് പ്രസവാനന്തര വിഷാദരോഗത്തിലൂടെയാണെന്ന് തിരിച്ചറിയാൻ ഈ അമ്മമാർക്ക് കഴിയാറില്ല. കുടുംബാംഗങ്ങളുടെ ശ്രദ്ധയ്ക്കും പരിചരണത്തിനും തന്നെയാണ് ഇത് കണ്ടെത്താനും മരുന്നാകാനും കഴിയുക. പ്രതികരണങ്ങൾ തിരിച്ചറി‍ഞ്ഞ് ആവശ്യമായ മാനസിക പിന്തുണയും ചികിത്സയും നൽകേണ്ടത് അത്യാവശ്യമാണ്. അമ്മയുടെയും കു‍ഞ്ഞിന്റെയും ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന രോഗാവസ്ഥ തന്നെയാണ്‌ ഇത്. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക അടുപ്പത്തിന്റെ ഇഴ തുന്നപ്പെടുന്ന ആദ്യ നാളുകളെത്തന്നെ ചിലപ്പോൾ ഈ രോഗം കവർന്നെടുക്കും. അതുവഴി കുഞ്ഞിന്റെ വൈകാരികമായ വികാസത്തിനും തടസ്സങ്ങൾ സൃഷ്ടിക്കും. തീവ്രമായ പ്രസവാനന്തര വിഷാദത്തിലൂടെ കടന്നുപോയ അമ്മമാരുടെ മക്കൾക്ക് പ്രസരിപ്പും ചുറുചുറുക്കും കുറ‍യുന്നതായും പഠനങ്ങളുണ്ട്. താൻ  കടന്നുപോകുന്ന മാനസികാവസ്ഥയെയും തനിക്കുണ്ടാകുന്ന മാറ്റങ്ങളെയും തിരിച്ചറിയാൻ മിക്കവാറും അമ്മമാർക്ക് കഴിയാറില്ല. രോഗാവസ്ഥയെ നിരീക്ഷിച്ച് കണ്ടെത്തി പരിഹാരം കാണേണ്ടത് വീട്ടുകാർ തന്നെയാണ്. പ്രസവത്തിന് മുമ്പുവരെ കൊടുക്കുന്ന കരുതൽ പ്രസവശേഷം മുഴുവനായും കുഞ്ഞിലേക്ക് മാറ്റാതെ ആറുമാസ കാലയളവുവരെയെങ്കിലും അമ്മയ്ക്കുംകൂടി നൽകുക. മാനസികാവസ്ഥയിൽ മാറ്റങ്ങൾ കണ്ടാൽ ചികിത്സ ലഭ്യമാക്കാനും വൈകരുത്. Read on deshabhimani.com

Related News