ഇപ്പം വരും... നല്ല പൊളപ്പൻ മീൻ



മീൻകാരനെ കാണാത്ത നിരാശയിൽ ഇരിക്കുമ്പോഴാണ് ടിവിയിൽ പാട്ട്. "അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്...’ സീൻ മൊത്തം ഡാർക്കാണല്ലോന്ന് വിചാരിച്ച് കൊതിയടക്കി ഇരിക്കേണ്ട. കടലിൽ കിടക്കുന്ന അയലേം കരിമീനുമെല്ലാം പൊളപ്പനായിട്ട് വീട്ടിലെത്തിക്കാൻ ആൾക്കാരുണ്ട്. ‘ഓൺലൈൻ ഫിഷ് മാർക്കറ്റുകൾ' പുതിയകാലത്തെ ബിസിനസ് ആശയം. ഇത്തരം ഓൺലൈൻ സ്റ്റോറുകളിൽ സെർച്ച് ചെയ്‌താൽ മത്സ്യംമാത്രമല്ല ചിക്കനും മട്ടനും ബീഫുമെല്ലാം കുട്ടപ്പന്മാരായി ഇരിക്കുന്നതു കാണാം. ആവോലി വേണോ അയക്കൂറ വേണോ കൂന്തൽ വേണോ.. ഒറ്റ ക്ലിക്‌. പിന്നെ മുളകും മഞ്ഞൾപ്പൊടിയുമൊക്കെ പുരട്ടി വറുത്തെടുക്കുന്നത് മനോരാജ്യം കണ്ടിരിക്കുമ്പോഴേക്കും സാധനം വീട്ടിലെത്തും. മത്സ്യം മുറിച്ച് കഴുകിയെടുക്കുന്ന സമയം ലാഭിക്കാൻ ‘റെഡി ടു കുക്ക്' രീതിയിലാണ് വിൽപ്പന. മുഴുവനായി വേണ്ടവർക്ക് അങ്ങനെയും കിട്ടും. ഇടനിലക്കാരെ ഒഴിവാക്കി, മത്സ്യത്തൊഴിലാളികളും കർഷകരുമായി നേരിൽ ഇടപാട് നടത്തി കെമിക്കലുകൾ കലരാത്ത മീൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. വള്ളക്കാരിൽനിന്ന്‌ മീൻ നേരിട്ടുവാങ്ങി ഉടൻതന്നെ സ്വന്തംവാഹനങ്ങളിൽ നഗരത്തിലെത്തിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. മീനിന്റെ കൂടെ ഫോർമാലിനും അമോണിയയും വിൽപ്പനയില്ലെന്നും ഇവർ പറയുന്നു. മത്സ്യ-മാംസാദി വിഭവങ്ങളുടെ ഡയറക്ട് മാർക്കറ്റിങ്ങിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ‘ഫ്രഷ് ടു ഹോം' ആണ് കേരളത്തിൽ കൂടുതൽ പ്രചാരത്തിലുള്ള ഓൺലൈൻ വിൽപ്പനക്കാർ. ഇപ്പോൾ പ്രധാന നഗരങ്ങളിലാണെങ്കിലും ഏറെ വൈകാതെ എല്ലായിടത്തും ഇത്തരം ഫിഷ് മാർക്കറ്റുകളെത്തും. ഓൺലൈൻ സ്റ്റോറുകളിൽനിന്ന് വസ്ത്രവും മറ്റും വാങ്ങുമ്പോഴുള്ളതുപോലെ ഓഫറുകൾ ഇവിടെയുമുണ്ട്. കുഞ്ഞു കഷണങ്ങളാക്കി മുറിച്ച അര കിലോ സ്രാവും കാൽ കിലോ ചെമ്മീനും കോമ്പോ ഓഫറിൽ വിലക്കുറവിൽ കിട്ടും. നിശ്ചിത വിലയ്ക്കു മുകളിൽ മീൻ വാങ്ങുന്നവർക്ക് കുറച്ച് ബോൺലെസ് ചിക്കൻ പീസും കൂടെക്കിട്ടും. മീൻ കൊതിയന്മാരെ ചൂണ്ടയിട്ട് പിടിക്കാൻ അങ്ങനെ കുറെ ഓഫറുകൾ! ജോറല്ലേ ഈ മീൻകച്ചോടം!! Read on deshabhimani.com

Related News