പൊരുതുന്ന സ്ത്രീകളുടെ മനോധൈര്യത്തില്‍ അഭിമാനം



സ്വാതന്ത്ര്യം ഒരാളിന്റെ ഐഡന്റിറ്റി മനസ്സിലാക്കാനുള്ള സാധ്യതയാണ്. സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള അവസരമാണത്‌. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ ഒരു സ്ത്രീക്കും സ്വാതന്ത്രയാകാൻ കഴിയില്ല.- ഉക്രയ്‌നിലെ സാമൂഹ്യ മാറ്റത്തെക്കുറിച്ചും സിനിമാ മേഖലയെക്കുറിച്ചും ചലച്ചിത്രതാരം, ക്ളോണ്ടൈക്ക് ചിത്രത്തിന്റെ നായിക ഒക്‌സാന ചേർക്കാഷ്യാന സംസാരിക്കുന്നു. ക്ളോണ്ടൈക്കിൽ അഭിനയിച്ച അനുഭവം നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടിവന്നു. ചിത്രീകരണം തുടങ്ങുംമുമ്പേ  വലിയ തയ്യാറെടുപ്പുകൾ നടത്തി. സുഖകരമല്ലാത്ത സാമൂഹ്യ ചുറ്റുപാടുകൾ, നിയന്ത്രണങ്ങൾ, നിർദേശങ്ങൾ ഒക്കെ  ബുദ്ധിമുട്ടിപ്പിച്ചു. ചിത്രീകരണം ആരംഭിച്ചശേഷം അത്തരം പ്രയാസങ്ങൾ മറികടക്കാൻ പ്രാപ്തയായി. ഒരേസമയം സിനിമ എനിക്ക് ബുദ്ധിമുട്ടുകളും നല്ല അനുഭവങ്ങളും സമ്മാനിച്ചു. റഷ്യ- –-ഉക്രയ്‌ൻ യുദ്ധ പശ്ചാത്തലത്തിൽ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എട്ട് വർഷംമുമ്പ്‌ ആരംഭിച്ച യുദ്ധമാണ്‌ ഇത്. ഇപ്പോഴും തുടരുന്നു. യുദ്ധം അവസാനിക്കണമെന്നാണ് സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയം. അതു തന്നെയാണ് സിനിമയുടെ രാഷ്ട്രീയവും. പൊതുവെ സിനിമകൾ യുദ്ധമുഖത്തെ ഭയപ്പെടുത്തുന്ന കാഴ്ചകളാണ് കാണിക്കാറുള്ളത്. പക്ഷേ, ഇതിൽ യുദ്ധം എത്ര മോശമായി മനുഷ്യരെ സ്വാധീനിക്കുന്നെന്നും ജീവിതത്തെ മാറ്റിമറിക്കുന്നെന്നും അതിലുപരി വ്യക്തിജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളും ചർച്ച ചെയ്യുന്നു. ലോകത്തോട് ഉക്രയ്‌നിലെ ജനങ്ങളുടെ  വീക്ഷണങ്ങളും നിലപാടും പറയാനാണ് ഞങ്ങൾ ശ്രമിച്ചത്. സ്ത്രീകളുടെ അതിജീവനം പറയുന്ന സിനിമ സിനിമയുടെ മുഖ്യ കഥാപാത്രം ഒരു സ്ത്രീയാണ്. അവളുടെ ശക്തമായ തീരുമാനങ്ങളാണ് സിനിമയെ നയിക്കുന്നത്. എന്നാൽ, പ്രതിഷേധങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സ്ഥിരം നായികാ കഥാപാത്രങ്ങളിൽനിന്ന് മാറി നിത്യജീവിതത്തിൽ തനിക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു ശാന്തമായി സ്നേഹത്തോടെ ജീവിക്കുന്ന കഥാപാത്രമാണ്. അതായത് യുദ്ധം ഭീകരത പടർത്തുമ്പോൾ സിനിമ മുന്നോട്ടുവയ്ക്കുന്നത് ശാന്തിയും സ്നേഹവുമാണ്. ഉക്രയ്‌ൻ സിനിമയുടെ സ്ഥിതി അക്രമങ്ങൾ തുടർകഥയാണ്. ബോംബ് വർഷിച്ചുകൊണ്ടേ ഇരിക്കുന്നു. സ്ത്രീകളും കുട്ടികളും സാധാരണക്കാരുമടങ്ങുന്ന എല്ലാവരും ഭയത്തോടെയാണ്  ജീവിക്കുന്നത്. അതിനിടയിലും ചലച്ചിത്ര  പ്രവർത്തകരും കലാകാരന്മാരും നിരൂപകരുമെല്ലാം ഉക്രയ്‌ൻ സിനിമയെ ഉയരത്തിലെത്തിക്കാൻ നിരന്തരമായി പരിശ്രമിക്കുകയാണ്. ലോകത്തിലെ പല ഭാഗത്തുനിന്നും ഞങ്ങൾക്കു ഐക്യദാർഢ്യം ഉയരുന്നുവെന്നറിയുന്നത്‌ ഞങ്ങൾ കലാകാരന്മാർക്കും ഉയർത്തിക്കാട്ടുന്ന ആശയങ്ങൾക്കും ലഭിക്കുന്ന അംഗീകാരമാണ്. യുദ്ധസാഹചര്യവും ചിത്രീകരണവും രണ്ട് പ്രതിസന്ധികൾക്കിടയിലാണ് ക്ളോണ്ടൈക്ക്  ചിത്രീകരിച്ചത്. യുദ്ധവും കോവിഡും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. പൂർണമായ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധ്യത കുറവായിരുന്നു. റഷ്യ-–- ഉക്രയ്‌ൻ അതിർത്തിയിലായിരുന്നു ചിത്രീകരണം. അതായിരുന്നു മറ്റൊരു വെല്ലുവിളി. സ്വതന്ത്രമായ ഒരു രാജ്യത്തിൽ  ഞങ്ങൾ ഭയപ്പാടോടെയും ആകുലതകളോടെയും ജീവിക്കുന്നത് വേദനാജനകമാണ്. ഈ പ്രതിസന്ധികളെ അതിജീവിച്ച്‌ ഞങ്ങളുടെ സിനിമ വിജയിക്കുമ്പോൾ സന്തോഷത്തിനപ്പുറം  ഒരു സ്ത്രീയെന്ന നിലയിൽ അഭിമാനം തോന്നുന്നു. അതിലുപരി ഉക്രയ്‌നിലെ ദുരിതം അനുഭവിക്കുന്ന, അതിനെതിരെ ഓരോ നിമിഷവും പൊരുതുന്ന സ്ത്രീകളുടെ മനോധൈര്യത്തിലും അഭിമാനം തോന്നുന്നു. ഭരണകൂട ഭീകരത നിരന്തരമായ അടിച്ചമർത്തലുകൾ നേരിടേണ്ടിവരുന്ന എല്ലാ കലാകാരന്മാർക്കും ഞാൻ ഈ അവസരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. 21–-ാം നൂറ്റാണ്ടിലും ഇത്തരം അടിച്ചമർത്തലുകൾ തുടർക്കഥയാകുന്നു. അതിനെതിരെയുള്ള സ്വതന്ത്രമായ വേദികൾ ഒരുക്കാൻ കേരളത്തിന് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്. ഐഎഫ്എഫ്കെയുടെ ഉദ്‌ഘാടന ചടങ്ങിൽ മെഹ്നാസ് മൊഹമ്മദി കൊടുത്തയച്ച സന്ദേശം അർഥവത്താണ്. സ്ത്രീസ്വാതന്ത്യ്രം –-ജീവിതം എന്നത് ചെറിയ ആശയം അല്ല. ഒരു കലാകാരിയെന്ന നിലയിൽ എനിക്ക് അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടില്ല. സ്വതന്ത്രമായി സംസാരിക്കാൻ കഴിയാറുണ്ട്. കലാകാരന്മാരുടെ സ്വാതന്ത്ര്യം കലാകാരന്മാരെന്ന നിലയിൽ ഓരോ സൃഷ്ടിയും അവരുടെ ഐഡന്റിറ്റിയാണ്. എന്റെ ഐഡന്റിറ്റിയെ വ്യക്തമാക്കുന്നതിൽ ഞാൻ ചെയ്യുന്ന സിനിമകൾക്ക് വലിയ പങ്കുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം കലാസൃഷ്ടികളിൽ അനിവാര്യമാണ്. സിനിമയിലെ സ്ത്രീപ്രാതിനിധ്യം സിനിമയിലെ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്നുതന്നെ പറയാം. പല മേഖലയിലും ഇപ്പോഴും പുരുഷന്മാരാണ് മുന്നിട്ടുനിൽക്കുന്നത്. ഡിഒപി ചെയ്യുന്ന ഒരു വനിതാ പ്രതിനിധിയോടു മാത്രമേ ഞാൻ ഇതുവരെ വർക്ക് ചെയ്തിട്ടുള്ളു. എന്നാൽ, ക്ളോണ്ടിക്കയുടെ സംവിധാനം ഒരു വനിതയാണ്. ഉക്രയ്‌നിൽ ഒരുപിടി നല്ല വനിതാ സംവിധായകർ മുൻനിരയിലെത്തി ചലച്ചിത്രമേളകളിൽ അംഗീകാരം നേടുന്നത് ശുഭസൂചകമാണ്. മറീന ഏർ ഗോർബച, അലീന ഗോർലോവ തുടങ്ങിയ സംവിധായികമാരുടെ സാന്നിധ്യം ഉക്രയ്‌നിയൻ സിനിമയുടെ പ്രതീക്ഷയാണ്.  ഇവരുടെയെല്ലാം വിജയം ഒരുപാടുപേർക്ക് പ്രോത്സാഹനമാകുകയാണ്. Read on deshabhimani.com

Related News