ആട്ടക്കഥാരചനയിലെ സ്‌ത്രീസാന്നിധ്യം



വിശ്വാമിത്രന്‍, കുമാരസംഭവം എന്നീ ആട്ടക്കഥകളുടെ  രചനാ വൈഭവത്തിലൂടെ കഥകളിയിൽ സാന്നിധ്യമുറ പ്പിച്ച മാധവിക്കുട്ടി കെ വാര്യർ സംഗീതത്തിലും കവിതയിലും വിവർത്തനത്തിലും പ്രതിഭ തെളിയിച്ചു കവിതയിലുറഞ്ഞ ജീവിതം അനുകൂല സാഹചര്യത്തിൽ കണ്ടെടുക്കുകയും ആ യാത്രയിൽ കൈവഴികൾ തീർത്ത് ആട്ടക്കഥാരചനയിൽ പ്രതിഭ തെളിയിക്കുകയും ചെയ്‌ത കവയിത്രിയാണ് മാധവിക്കുട്ടി കെ വാര്യർ. 1927 ആഗസ്‌ത്‌ ആറിന് കക്കടവത്തുവാരിയത്ത് ഇത്തുക്കുട്ടി വാരസ്യാരുടെയും മണലിൽ തൃക്കോവിൽ ഗോവിന്ദവാര്യരുടെയും മകളായാണ് മാധവിക്കുട്ടി കെ വാര്യരുടെ ജനനം. സ്‌ത്രീകൾ അകത്തളങ്ങളിൽനിന്ന് അരങ്ങിലെത്താത്ത ആ കാലഘട്ടത്തിൽ അഞ്ചാംതരംവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസം മാത്രമേ അവർക്ക്‌ ലഭിച്ചിരുന്നുള്ളൂ. 1947-ൽ ഡോ. പി കെ വാര്യരുമായുള്ള വിവാഹത്തോടെ മാധവിക്കുട്ടി വാര്യരുടെ  കാവ്യജീവിതത്തിലേക്കുള്ള വഴിതിരിയലിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ പൂർണ പിന്തുണയോടെ കടത്തനാട്ടു ശങ്കരവാര്യർ, ദേശമംഗലം ശങ്കുണ്ണിവാര്യർ എന്നീ പണ്ഡിതരുടെ കീഴിലുള്ള സംസ്‌കൃതപഠനം അടിത്തറപാകി. ഒപ്പം ഗുരു കവി പി വി കൃഷ്‌ണവാരിയരുടെ പ്രോത്സാഹനവും കോട്ടയ്‌ക്കലെ കഥകളി അന്തരീക്ഷവും ഉള്ളിലെ കവിത്വവും ഒത്തിണങ്ങിയപ്പോൾ പിഎസ്‌വി നാട്യസംഘത്തിന്റെ വിശ്വാമിത്രൻ, കുമാരസംഭവം ആട്ടക്കഥകൾ പിറവിയെടുത്തു. കഥകളിയുടെ സമസ്‌തമേഖലകളിലും പുരുഷമേൽക്കോയ്‌മ പ്രകടമായിരുന്നു. കല-ാസാഹിത്യ  മേഖലകളിൽ സ്‌ത്രീപങ്കാളിത്തം ഇല്ലാതിരുന്ന കാലത്താണ്‌   ആട്ടക്കഥാരചനയിലെ പ്രൗഢ സാന്നിധ്യമായി കോട്ടയ്‌ക്കൽ മാധവിക്കുട്ടി കെ വാര്യർ മാറിയത്‌. കഥകളി കണ്ടു പരിചയിച്ചതിനാൽ മാത്രം ആട്ടക്കഥാരചന സാധ്യമാകില്ല. മാധവിക്കുട്ടി വാര്യരിൽ വായനയും  എഴുതാനുള്ള അന്തരീക്ഷവും ഒരുപോലെ സമ്മേളിക്കുകയാണുണ്ടായത്. മനോധർമ ആട്ടത്തിനാണ് വിശ്വാമിത്രൻ  ആട്ടക്കഥയുടെ ഊന്നൽ.  മാറ്റത്തിന്റെ അലയൊലികൾ തീർത്ത് ലാളിത്യമാർന്ന ഭാഷയും രംഗത്തിന് യോജിച്ച രാഗതാളങ്ങളും തെരഞ്ഞെടുത്താണ് മാധവിക്കുട്ടി വാര്യർ ആട്ടക്കഥകൾ  ചിട്ടപ്പെടുത്തിയത്. കുമാരസംഭവം ആട്ടക്കഥയുടെ പുറപ്പാട് ശങ്കരാഭരണത്തിലാണ്.   അഗാധമായ സംഗീതനൈപുണ്യവും മാധവിക്കുട്ടി വാര്യർക്കുണ്ടായിരുന്നു. പിഎസ്‌വിയിലെ സംഗീതാധ്യാപകരിൽനിന്ന് ആവശ്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് മാധവിക്കുട്ടി വാര്യർ ആട്ടക്കഥയെഴുതിയിരുന്നതെന്ന് മകൾ സുഭദ്ര രാമചന്ദ്രവാര്യർ ഓർക്കുന്നു. പിഎസ്‌വി നാട്യസംഘത്തിൽ  രൂപപ്പെട്ട സംഗീതസംസ്‌കാരം ആട്ടക്കഥാരചനയിൽ നിഴലിച്ചുകാണാം. പച്ച, കത്തി, താടി, മിനുക്ക് വേഷങ്ങൾക്കെല്ലാം നിയതമായ  ശൈലിയുണ്ടാക്കാൻ ഈ ആട്ടക്കഥകളിലൂടെ മാധവിക്കുട്ടി വാര്യർക്ക് കഴിഞ്ഞു. ആട്ടക്കഥകൾ പകർത്തിയെഴുതാൻ സഹായിച്ചത് അന്ന് നാട്യസംഘത്തിലുണ്ടായിരുന്ന കോട്ടയ്‌ക്കൽ നന്ദകുമാരനാണ്. ബാലാമണിയമ്മ, എൻ വി  കൃഷ്‌ണവാരിയർ തുടങ്ങിയവരും മാധവിക്കുട്ടി വാര്യരുടെ രചനാനൈപുണ്യത്തെ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ആരാധനയ്‌ക്കപ്പുറം മാധവിക്കുട്ടി വാര്യർ ബാലാമണിയമ്മയിൽ കണ്ടിരുന്നത് മാതൃഭാവമായിരുന്നു.  കമലകാന്തിന്റെ മരണപത്രം എന്ന നോവൽ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി മഹിള മാസികയിൽ മാധവിക്കുട്ടി വാര്യർ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് സാഹിത്യചർച്ചകളിലെ സജീവസാന്നിധ്യമായിരുന്നു മാധവിക്കുട്ടിവാര്യർ. സാഹിത്യം അത്ര സുഖകരമായ പ്രവൃത്തിയൊന്നുമല്ല, എഴുതാൻ തീരുമാനിക്കുന്ന നിമിഷം മുതൽ എഴുത്തിന്റെ പലപല പ്രശ്‌നങ്ങൾ അലട്ടാൻ തുടങ്ങുന്നു. എന്തിന് എഴുതുന്നു? എന്നൊരു ചോദ്യം എപ്പോഴും വരുന്നു. അതിന് മറുപടി പറയണം. എല്ലാ എഴുത്തുകാരും നേരിടുന്ന/നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. എങ്ങനെ അവതരിപ്പിക്കണം? അതിന്റെ വെല്ലുവിളികളെ മറികടന്ന് മുന്നോട്ടുപോകുമ്പോൾ ഇടയ്‌ക്കുണ്ടാകുന്ന ഒത്തുചേരലുകളും അഭിനന്ദനങ്ങളും സ്‌നേഹാദരവുകളും ദുർഘടമായ എഴുത്തിന്റെ യാത്രയിൽ ആശ്വാസമോ, പ്രചോദനമോ ഒക്കെയാണ്. എഴുത്തിന്റെ തുടക്കം മുതൽ അത്തരമൊരു കൈത്താങ്ങ് പി കെ  വാര്യരിൽ നിന്നും മാധവിക്കുട്ടി വാര്യർക്ക് ലഭിച്ചിരുന്നു. 1997 ലാണ് മാധവിക്കുട്ടി വാര്യർ മരണപ്പെടുന്നത്. Read on deshabhimani.com

Related News