എത്ര ഓടിയാലാണ്‌ എന്റെ നാട്‌ കേരളത്തിനൊപ്പമെത്തുക?



     ഉത്തർപ്രദേശ് കേരളമോ കശ്‌മീരോ ബിഹാറോ ആകാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യുക എന്ന  യുപി മുഖ്യമന്ത്രി യോ​ഗി  ആദിത്യനാഥിന്റെ ആഹ്വാനത്തെക്കുറിച്ച്‌ ചോദിച്ചാൽ പൊതുവെ മിതഭാഷിയായ ഡോ. സുമൻ സിങ്‌ പൊട്ടിച്ചിരിക്കും. കേരളവുമായി യുപിക്ക്‌ ഒരു താരതമ്യവുമില്ലെന്ന്‌ കിഴക്കൻ യുപിയിലെ ബറേലി സ്വദേശി സുമൻ സിങ്‌ പറയും. അതുകൊണ്ടാണല്ലോ അധ്യാപനജോലി ചെയ്യുന്ന ബിഹാറിലെ പട്‌നയിൽ നിന്ന്‌ ഡോ. സുമൻ നിറവയറുമായി ഭർത്താവ്‌ മുനീറിന്റെ നാടായ തിരുവനന്തപുരത്തേക്ക്‌ ജനുവരിയിൽ വിമാനം കയറിവന്നത്‌. പട്‌ന ഗവൺമെന്റ്‌ കോളേജ്‌ അധ്യാപികയായ സുമൻ സമാധാനത്തോടെ പ്രസവിക്കാൻ  തെരഞ്ഞെടുത്തത്‌ തിരുവനന്തപുരം തൈക്കാടുള്ള സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി. കേരളവും യുപിയും തമ്മിലുള്ള അന്തരമറിയുന്നവർക്ക്‌ മുന്നിൽ യോഗി കോമാളിയായി മാറിയെന്ന്‌ വിശ്വസിക്കുന്ന ലക്ഷക്കണക്കിനാളുകളിൽ സുമനുമുണ്ട്‌.  ഉത്തർപ്രദേശ് സർക്കാർ സാധാരണക്കാർക്കായി ഒരുക്കി നൽകുന്ന സംവിധാനങ്ങൾക്ക് കേരളവുമായി ഒരു  താരതമ്യവുമില്ലെന്ന്‌ ഡോ. സുമൻ പറയുന്നു.  നെടുമങ്ങാട്‌ ഗവൺമെന്റ്‌ കോളേജിലെ അസിസ്റ്റന്റ്‌ പ്രൊഫസറും മടവൂർ പള്ളിക്കൽ സ്വദേശിയുമായ എം മുനീർ ആണ്‌  സുമന്റെ ഭർത്താവ്‌. ജനിച്ചത് ഉത്തർപ്രദേശിൽ, ബനാറസ് ഹിന്ദു സർവകലാശാലയിലും ജെഎൻയുവിലും ഉന്നത വിദ്യാഭ്യാസം, അധ്യാപന ജീവിതം ആരംഭിക്കുന്നത് മഹാരാഷ്ട്രയിൽ.  ജെഎൻയുവിൽ വച്ചാണ്‌ മുനീറുമായി പരിചയപ്പെട്ടത്‌. ജീവിച്ച് പരിചയിച്ച  മറ്റ് നാല് സംസ്ഥാനങ്ങളിലേതിനേക്കാൾ കേരളത്തിന്റെ ആരോ​ഗ്യ മേഖലയിലും സർക്കാർ സംവിധാനങ്ങളിലുമുള്ള  വിശ്വാസമാണ്‌ തന്നെ ഇവിടെ എത്തിച്ചതെന്ന്‌ മകൾ നവിഷ്‌ണ സാച്ചിയെ ലാളിച്ചു കൊണ്ട്‌ സുമൻ പറയുന്നു. പല റിപ്പോർട്ടുകളിലൂടെയും വായിച്ചറിഞ്ഞാണ് ഇവിടുത്തെ ആശുപത്രിയിൽ ആദ്യ പ്രസവവും അനുബന്ധ ചികിത്സകളും നടത്താമെന്ന് സുമൻ തീരുമാനിക്കുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള സമ്പൂർണ അവകാശം ​ഗർഭിണിക്ക് തന്നെയാണെന്ന് വിശ്വസിക്കുന്ന സുമന്റെ മാതാപിതാക്കൾ അവളെ സന്തോഷത്തോടെ ഇങ്ങോട്ടയച്ചു.  പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ആശുപത്രിയിലെ പരിചരണം. ഡോക്ടർമാർ മുതൽ ശുചീകരണ തൊഴിലാളികൾ വരെയുള്ളവരിൽ നിന്ന് വലിയ സ്‌നേഹവും കരുതലും ലഭിച്ചു.  ഒപ്പമുണ്ടായിരുന്ന മലയാളികളായ രോ​ഗികളുടെയും കൂട്ടിരിപ്പുകാരുടെയും സഹകരണത്തെക്കുറിച്ചും സുമൻ വാചാലയായി. ഉത്തർപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയിലും ഈ സൗകര്യങ്ങൾ ലഭിക്കില്ല.  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരെല്ലാം സാമ്പത്തികമായും ജാതീയമായും ഉയർന്നവരാണ്‌.  സാധാരണക്കാരുടെ ആവശ്യങ്ങൾ   മനസ്സിലാക്കാനും അവർ തയ്യാറല്ല. ഡൽഹിയിൽ എയിംസിലും മറ്റും മികച്ച ചികിത്സ ലഭ്യമാണെങ്കിലും സാധാരണക്കാർക്ക് അവിടെയെത്താൻ കടമ്പകൾ പലതുണ്ട്‌.  സ്വാധീനവും ശുപാർശയും വേണം.  ഗുരുതരാവസ്ഥയിലുള്ള രോ​ഗിയാണെങ്കിൽ എത്രത്തോളം കാത്തിരിക്കാനാകും? സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള സാമ്പത്തികസ്ഥിതി  മിക്കവർക്കുമില്ല. പല രോ​ഗികളും ചികിത്സകിട്ടാതെ മരിക്കുന്നുമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഉത്തർപ്രദേശിലെ സ്ഥിതി അതീവ ​ഗുരുതരമായിരുന്നു.  മിക്ക ആശുപത്രികളിലും ഓക്‌സിജൻ സിലിണ്ടറുകളും കിടക്കകളും ഇല്ലാത്തതിനെ തുടർന്ന് ആളുകൾ ചികിത്സ കിട്ടാതെ മരിച്ചു. ശ്‌മശാനങ്ങൾ മൃതദേഹങ്ങൾകൊണ്ടു നിറഞ്ഞു. യമുനയിൽ ശവശരീരങ്ങൾ ഒഴുകിനടന്നു. ഉത്തർപ്രദേശിൽനിന്ന് മൃതദേഹം ഒഴുകിയെത്താതിരിക്കാൻ അതിർത്തിയിൽ ബിഹാർ സർക്കാർ വലകെട്ടിയിരുന്നു. ആരോഗ്യമേഖലയിൽ കേരളം നേടിയെടുത്ത വിപ്ലവകരമായ മുന്നേറ്റത്തിനൊപ്പമെത്താൻ  സംസ്ഥാനത്തിന്‌ അടുത്തകാലത്തൊന്നും സാധിക്കില്ലെന്ന്‌  സുമൻ ചൂണ്ടിക്കാണിക്കുന്നു.‍  ജീവിക്കാനുള്ള അവകാശം  വ്യക്തിയുടെ ഭരണഘടനാപരമായ അവകാശമായതിനാൽ മികച്ച ചികിത്സ ഉറപ്പാക്കേണ്ടത് ജനാധിപത്യ സംവിധാനത്തിലൂടെ ഭരണത്തിലെത്തുന്നവരുടെ ഉത്തരവാദിത്വമാണെന്നും സുമൻ ഓർമിപ്പിക്കുന്നു. Read on deshabhimani.com

Related News