ഗിഫ്റ്റുകൾ അൽപ്പം പേഴ്സണലാണ്



പ്രിയപ്പെട്ടവർക്ക് സ്‌നേഹപൂർവം നൽകുന്ന സമ്മാനങ്ങൾ പേഴ്സണലൈസ് ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. പേരായോ ചിത്രങ്ങളായോ സ്വീകരിക്കുന്നയാളുടെ കൈയൊപ്പ് കൂടി ചാർത്തിയ സമ്മാനങ്ങൾക്ക് വെറുതെ വാങ്ങി നൽകുന്ന സമ്മാനങ്ങളെക്കാൾ മധുരം കൂടും. പേഴ്സണലൈസ്ഡ് ഗിഫ്റ്റ് ഉൽപ്പന്നങ്ങൾക്കും അതിന്റെ വിപണിക്കും ഇന്ന് നല്ല ഡിമാൻഡ് ആണ്.  പേരും മറ്റും പ്രിന്റ് ചെയ്‌ത ടീഷർട്ടുകളിലും ചിത്രം പതിപ്പിച്ച കോഫി മഗ്ഗുകളിലും ഒതുങ്ങുന്നതല്ല ഈ വിപണി. നൂറു കണക്കിന് ഓൺലൈൻ വിപണികൾ പേഴ്സണലൈസ്‌ഡ് ഗിഫ്റ്റുകൾക്കായി സോഷ്യൽ മീഡിയകളിൽ സജീവമാണ്. പാഷനും സമയവുമുള്ളവർക്ക് നല്ലൊരു ബിസിനസ് സാധ്യത കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട നിരവധി ന്യൂജനറേഷൻ ബിസിനസ് ആശയങ്ങളുണ്ട്. പേനകൾ, കീചെയിനുകൾ, ഫോൺ വാലറ്റ‍്, ഡയറി തുടങ്ങി എന്തും പേഴ്സണലെെസ് ചെയ്യാം. സ്വന്തം ഫോട്ടോയോ പേരോ ഇഷ്ടമുള്ള ഉദ്ധരണികളോ ആലേഖനംചെയ്‌ത ഫോൺ കവറുകൾ ഉപയോഗിക്കുന്നവർ നിരവധിയുണ്ട്. മിക്ക മൊബെെൽ കമ്പനികളും ഇത് നൽകുന്നുണ്ട്. പേര് എംബ്രോയിഡറി ചെയ്‌ത ഹാൻഡ് കർച്ചീഫുകളിൽ തുടങ്ങും വസ്‌ത്രങ്ങളിലെ പേഴ്സണലെെസേഷൻ.  സിനിമാ ഡയലോഗുകൾ എഴുതിയ ടീഷർട്ടുകൾ കാലങ്ങൾക്കുമുമ്പേ ട്രെൻഡ് ആയതാണ്. പിറന്നാളാഘോഷങ്ങളും വിരുന്നുകളും മനോഹരമാക്കാൻ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും ഓർമകളും പതിച്ച ടീഷർട്ടുകളും ടോപ്പുകളും തൊപ്പികളും ഒരുക്കാം. ലോഹത്തിലും തടിയിലുമൊക്കെ പേര് കൊത്തിയതും ഫോട്ടോ ആലേഖനം ചെയ്‌തതുമായ ഉൽപ്പന്നങ്ങളാണ് ട്രെൻഡ്. വിസിറ്റിങ് കാർഡ് ബോക്‌സുകൾ, വാച്ച് കേസ്, വാലറ്റ്, പെൻഡ്രൈവ്, ഫോട്ടോ ഫ്രെയിമുകൾ, വാട്ടർ ബോട്ടിൽ, ലഞ്ച‍്  ബോക്സ‍്  തുടങ്ങി എന്തിലും എൻഗ്രേവിങ് സാധ്യമാണ്. കുഞ്ഞുങ്ങൾക്ക് സമ്മാനിക്കാൻ പാവകളും കളിപ്പാട്ടങ്ങളും വരെ പേഴ്സണലെെസ് ചെയ്യാം. കാരിക്കേച്ചർ ടേബിൾ ടോപ്പുകളാണ് ഇപ്പോൾ കൂടുതൽ സജീവം. സമ്മാനം നൽകാൻ ഉദ്ദേശിക്കുന്നയാളുടെ കുഞ്ഞുരൂപം കാരിക്കേച്ചർ രീതിയിലുണ്ടാക്കുന്നതാണിത്. Read on deshabhimani.com

Related News