സമരതാരകം



1940കളുടെ തുടക്കം. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂട് കേരളത്തിലും പടർന്നകാലം. ഒളിവിലും തെളിവിലും പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാർക്കെതിരെ എങ്ങും പൊലീസിന്റെ കഴുകൻ കണ്ണുകൾ. കോഴിക്കോട് ജില്ലയിലെ മാവൂരിൽ ചാലിയാർ അതിരിടുന്ന താത്തൂർപൊയിലിലെ വീട്ടിൽ ഒളിച്ചുപാർത്ത കമ്യൂണിസ്റ്റുകാരെ തേടി ബ്രിട്ടീഷ് പൊലീസ് എത്തി. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്. പലപ്പോഴും പ്രമുഖ നേതാക്കളുടെ താവളമാണവിടം.  അതറിഞ്ഞാണ് റെയ്ഡ്. അകത്തു പൈക്കുട്ടികളാണെന്ന് പറഞ്ഞിട്ടും പരിശോധനയ്ക്കു മുതിർന്ന പൊലീസുകാരെ ആ വീട്ടിലെ അമ്മ മുഖമടച്ച് ആട്ടിയിറക്കി. ധീരയായ ആ അമ്മയോടൊപ്പം പൊലീസിനെ പ്രതിരോധിക്കാൻ മകൾ കൂടി ഉണ്ടായിരുന്നു. 'സ്ത്രീകൾ മാത്രമുള്ള വീടാണ്. അകത്തു കയറിയാൽ വിവരമറിയും. പെണ്ണുങ്ങളുടെ മാനത്തിന് വില പറഞ്ഞാൽ ഞങ്ങൾ വെറുതെയിരിക്കില്ല.'  വേണമെങ്കിൽ കൊടുവാൾ എടുക്കാനും തയ്യാറായിരുന്നു ആ അമ്മ. അമ്മയ്ക്ക് പിന്തുണയായി പത്തുവയസ്സുകാരി യശോദയും. കമ്യൂണിസ്റ്റുകാരെ കിട്ടാതെ പൊലീസിന് മടങ്ങേണ്ടി വന്നു. ആ അമ്മയ്‌ക്കൊപ്പം നിന്ന് പൊലീസിനെ തുരത്തി, ഒളിച്ചുപാർത്ത ചാത്തുണ്ണിമാസ്റ്ററെയും കാര്യാട്ട് രാമൻ നായരെയും പോലുള്ള കമ്യൂണിസ്റ്റുനേതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു യശോദ. ആ പെൺകുട്ടി പിന്നീട് അധ്യാപക പ്രസ്ഥാനത്തിന്റെ അമരത്തെത്തി. അധ്യാപക സമരങ്ങളിൽ സ്ത്രീസാന്നിധ്യം അപൂർവമായ പഴയ കാലത്ത് യശോദ ടീച്ചർ സമരതാരകമായി ജ്വലിച്ചുയർന്നു. കോഴിക്കോട്ട് മാത്രമല്ല, കേരളത്തിലാകെയുള്ള അധ്യാപക സമരങ്ങളെ അവർ മുന്നിൽനിന്ന് നയിച്ചു. 1981ൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ രൂപീകരണ സമ്മേളനത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായി പങ്കെടുത്തു. പോരാട്ടത്തിന്റെ പഴയകാലത്തേക്ക് അവർ കണ്ണയക്കുമ്പോൾ ഓർമകൾക്കിന്നും യൗവനം. 2018 ജനുവരി എട്ടിന് 88ാം പിറന്നാൾ കടന്നുപോയി. പോരാളികൾക്ക് പ്രത്യേകിച്ചും പെൺപോരാളികൾക്ക് ഏറെ പഠിക്കാനുണ്ട്. ഇ കെ നായനാരും ടി സി നാരായണൻ നമ്പ്യാരും ഉൾപ്പെടെ പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കൾക്ക് അഭയമായ പഴയ വീട് ഇപ്പോഴുമുണ്ട് താത്തൂർ പൊയിലിൽ. ഓലമാറ്റി ഓടു മേഞ്ഞു എന്ന വ്യത്യാസം മാത്രം. ആ വീടിനു പിന്നിൽ പിന്നീട് പണികഴിപ്പിച്ച വീട്ടിലിരുന്നു യശോദ ടീച്ചർ ഓർമകളിലേക്ക് പിന്നാക്കം നടക്കുന്നു. പന്ത്രണ്ടുകാരി കുട്ടിടീച്ചർ പന്ത്രണ്ടുവയസ്സുള്ള പെൺകുട്ടി അധ്യാപികയാകുക. ഇന്നത്തെ കാലത്ത് അസാധ്യമായ കാര്യം. എട്ടാംക്ലാസിൽ എലിമന്ററി സ്‌കൂൾ ലിവിങ് സർടിഫിക്കറ്റ് പാസായതോടെയാണ് ടീച്ചറുടെ ജോലി കിട്ടിയത്.  അധ്യാപകനായ അമ്മാവന്റെ കൂടെ പ്രായമെത്തും മുമ്പ് സ്‌കൂളിലെത്തിയതാണ് യശോദ. മൂന്നാം ക്ലാസിൽ നന്നായി പഠിക്കുന്നവർക്ക് അർധവാർഷിക ക്ലാസ് കയറ്റം പതിവുണ്ട്. അങ്ങനെ മൂന്നിൽനിന്ന്  നാലിലേക്ക് എടുത്തുചാടി. അവിടെ നിന്ന് മാവൂർ മാപ്പിള ഹയർ എലിമെന്ററി സ്‌കൂളിലേക്ക്. മുസ്‌ലിം കുട്ടികൾ മാത്രം പഠിക്കുന്ന ആ സ്‌കൂളിലേക്ക് പഠിക്കാനയച്ചതിൽ ബന്ധുക്കൾ പലരും അമർഷം ചൊരിഞ്ഞു. 1942 മാർച്ച് എട്ടിനാണ് എലിമന്ററി സ്‌കൂൾ ലിവിങ് സർടിഫിക്കറ്റ് കിട്ടിയത്. ഏപ്രിലിൽ തന്നെ പരിശീലനം ലഭിക്കാത്ത (അൺട്രെയിൻഡ്) ടീച്ചറായി. അമ്മാവൻ ഗോവിന്ദൻ മാസ്റ്റർ ഹെഡ്മാസ്റ്ററായ സ്‌കൂളിൽ ആദ്യ നിയമനം. ശമ്പളം രണ്ടണ, അതു തന്നെമുഴുവൻ കിട്ടില്ല. മാനേജരുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.  ഒപ്പുമാഷ് എന്ന ഏർപ്പാടുണ്ട് അന്ന്. അധ്യാപകർ രണ്ടു റജിസ്റ്ററിൽ ഒപ്പിടണം. ഒന്ന് മാനേജർ കൊടുക്കുന്ന തുച്ഛമായ വേതനം രേഖപ്പെടുത്താൻ. മറ്റൊന്ന് യഥാർഥ ശമ്പളത്തിന്റെ കള്ളക്കണക്കെഴുതി മേലധികാരികളെ കാണിക്കാൻ. എഇഒ മൂന്നാം ശനിയാഴ്ച വിളിച്ചു ചേർക്കുന്ന ശനിയൻ സഭയിൽ പങ്കെുക്കാൻ പാവാട പോര. മുണ്ടും വേഷ്ടിയും വേണം. അതു ധരിച്ച് എഇഒ വിളിച്ചു ചേർത്ത ശനിയൻ സഭയിൽ പങ്കെടുത്തു. അവിടെ ക്ലാസെടുത്ത് കൈയ്യടി വാങ്ങി. അൺട്രെയിൻഡ് ടീച്ചറായി അങ്ങനെ പത്തുകൊല്ലം. വധുവായി 15—ാംവയസ്സിൽ മലപ്പുറം വിളയിൽ വിപിഎയുപി സ്‌കൂൾ അധ്യാപകൻ എം പി വേലായുധൻ നായരുമായി വിവാഹം ഉറപ്പിച്ചത് 15ാം വയസ്സിൽ. വിളയിൽ പ്രദേശം മോസ്‌കോ എന്നാണ് അറിയപ്പെട്ടിരുന്നത്. പാർടി പ്രവർത്തനം തന്നെയാണ് എംപിക്ക് ജീവിതം. നിരന്തരം അറസ്റ്റും കേസുകളും. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തകരെ ഏകോപിപ്പിക്കുന്ന ഉത്തരവാദിത്തമായിരുന്നു എംപിക്ക്. ഒരിക്കൽ ഒരു സഖാവിന്റെ ഡയറിക്കുറിപ്പിൽ എംപി എന്നെഴുതിയത് മൂലം അദ്ദേഹം പിടിക്കപ്പെട്ടു. കേസിന്റെ വിചാരണ സമയത്ത് വക്കീലിന്റെ സാമർഥ്യംകൊണ്ടൊന്നു മാത്രമാണ്  രക്ഷപ്പെട്ടത്. എംപി എന്നാൽ മലബാർ പൊലീസ്, മെംബർ ഓഫ് പാർലമെന്റ് എന്നൊക്കെ അർഥമുണ്ടെന്ന വാദമാണ് വക്കീൽ നിരത്തിയത്. എംപിയുടെ പ്രവർത്തനം മാതൃകയാക്കിയാണ് യശോദ ടീച്ചറിലെ കമ്യൂണിസ്റ്റ് വളരുന്നത്. സംഘടനാ പ്രവർത്തനത്തിന് എക്കാലവും പ്രചോദനം അദ്ദേഹമായിരുന്നു. രാഷ്ട്രീയവിദ്യാഭ്യാസം നേടുന്നതും എംപിയുടെ പ്രവർത്തനം നിരീക്ഷിച്ചുകൊണ്ടായിരുന്നു. പ്രക്ഷോഭക പിറക്കുന്നു മൂത്ത മകൾക്ക് ഒരു വയസ്സുള്ളപ്പോഴാണ് ടീച്ചേഴ്‌സ് ട്രെയിനിങ്ങിന് ചേർന്നത്. കോഴിക്കോട് നടക്കാവ് ട്രെയിനിങ് സ്‌കൂളിൽ ചോറു വിളമ്പുന്നതിലെ വിവേചനത്തിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ചു. തുടർന്നുള്ള ദീർഘമായ  സമരങ്ങളുടെ തുടക്കമതായിരുന്നു. രണ്ടു കൈയിലും ചോറുമായി പ്രിൻസിപ്പൽ മിസിസ് നമ്പ്യാരുടെ അടുത്തു ചെന്ന് കാശുള്ളവർക്ക് കൂടുതൽ പരിഗണ നൽകുന്നതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഒരു പ്രക്ഷോഭക അവിടെ പിറവിയെടുക്കുകയായിരുന്നു. പഠനശേഷം  കൊടിയത്തൂർ  സൗത്ത് എയുപി സ്‌കൂളിൽ അധ്യാപികയായി. സ്‌കൂൾ മാനേജർ ശമ്പളം കിട്ടിയാൽ അതുമായി മുങ്ങും. അയാളുടെ ധൂർത്തിനൊടുവിൽ മിച്ചം വല്ലതുമുണ്ടെങ്കിൽ മാത്രം അധ്യാപകർക്ക് കിട്ടും. 99  രൂപയായാൽ പിന്നെ മൂന്നുവർഷത്തേക്ക് വർധനവില്ല. കൊടിയത്തൂർ സ്‌കൂൾ വിട്ട ശേഷം മലപ്പുറത്തെ ഓമാനൂർ എയ്ഡഡ് എയുപി സ്‌കൂളിൽ ചേർന്നു. പി ടി ഭാസ്‌കരപ്പണിക്കർ ചെയർമാനായ മലബാർ ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ബോർഡ് ഉള്ള കാലം. അവിടെ ഭർത്താവ് വേലായുധൻ നായർക്കൊപ്പമാണ് പ്രർത്തിച്ചത്. പിന്നീട്  സർക്കാർ സ്‌കൂളിൽ പ്രവേശിച്ചു. ചീക്കോടും പറപ്പുരുമൊക്കെയായിരുന്നു ആദ്യകാലത്ത് ജോലി ചെയ്തത്. നടി, സംഘാടക ഇന്നത്തെ സംഘടിത അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യരൂപങ്ങളായ കെഎപിടിയു,  കെജിപിടിഎ, കെജിടിഎ എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാനയി. ഇതേ സമയത്ത് മഹിളാ സമാജത്തിന്റെ പ്രവർത്തനത്തിലും സജീവമായി. ചവിട്ടിക്കുഴച്ച മണ്ണ് ഉൾപ്പെടെ നിരവധി നാടകങ്ങളിലും അക്കാലത്ത് അഭിനയിച്ചു. സ്ത്രീകൾ മാത്രം അഭിയനിക്കുക്കുകയും സ്ത്രീകൾ സംഘാടകരാകുകയും ചെയ്ത നാടകങ്ങൾ വലിയ ജനപ്രീതി നേടി. മഹിളാ സമാജത്തിന്റെ കെട്ടിടം നിർമിക്കാൻ നാടകത്തിന്റെ ടിക്കറ്റ് വിറ്റ് പണവും കണ്ടെത്തി. പല തവണ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 1965 ‐ 66 കാലത്ത് ഭർത്താവിന് അർബുദ ബാധയുണ്ടായതോടെ ജീവിതത്തിന്റെ താളഭംഗമുണ്ടായി. മദ്രാസിലെ സ്റ്റാൻലി ആശുപത്രിയിൽ ഭർത്താവ് ചികിത്സയ്ക്കിടെ മരിക്കുമ്പോൾ യശോദ ടീച്ചർ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ബന്ധുക്കൾ ട്രെയിൻ കയറി  എത്തുംവരെ വിങ്ങിയ മനസ്സുമായി മൃതദേഹത്തോടൊപ്പം. അന്ന് എംബാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുവരാനൊന്നും കഴിഞ്ഞില്ല. അവിടുത്തെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. അഞ്ചു പിഞ്ചു കുട്ടികളുടെ ഉത്തരവാദിത്തം സധൈര്യം ഏറ്റെടുക്കുന്ന യശോദടീച്ചറെയാണ് പിന്നെ കണ്ടത്. കുടുംബത്തിലെയും സംഘടനയിലെയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഒരുപോലെ നിർവഹിച്ചുകൊണ്ട് അവർ മുന്നേറി, ഭർത്താവിന്റെ വേർപാടിലും തളരാതെ.  തളർന്നു പിന്മാറുമായിരുന്ന ഘട്ടത്തിൽ അതിശയിപ്പിക്കുന്ന നിശ്ചയദാർഢ്യത്തോടെ അവർ സംഘടനാ പ്രവർത്തകരായ സ്ത്രീകൾക്കാകെ മാതൃകയായി. 1984ൽ ചുള്ളിക്കാപ്പറമ്പ് ജിഎൽപി സ്‌കൂൾ പ്രധാനാധ്യാപികയായി വിരമിക്കുമ്പോൾ തീക്ഷ്ണമായ സമരജീവിതത്തിന്റെ ബാക്കി പത്രമെന്നോണം സർവീസ് ബുക്കിൽ രേഖപ്പെടുത്തിയത് 83 ദിവസത്തെ ഡയസ്‌നോൺ. 32 ദിവസം നീണ്ടുനിന്ന സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. ബോണസിനായി അധ്യാപകർ സമരം നടത്തുമ്പോൾ ബോണസ് കമ്പനി തൊഴിലാളികൾക്കുള്ളതാണെന്ന് പരിഹസിച്ച  സഹപ്രവർത്തകർ ബോണസ് വാങ്ങുമ്പോൾ കണ്ടുനിൽക്കാൻ രസമുണ്ടെന്ന് യശോദ ടീച്ചർ പറയുന്നു. ദീർഘകാലം കെജിടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി അംഗമായി ദീർഘകാലം പ്രവർത്തിച്ചു. സിപിഐ എം ബ്രാഞ്ച് അംഗമാണിപ്പോൾ. Read on deshabhimani.com

Related News