‘മരിച്ചകുഞ്ഞുങ്ങൾ’ അരങ്ങിൽ



മഹാ നരകത്തിൻ നടുക്കുനിന്നു ഞാൻ അവരുടെ മിണ്ടാവരവു കാണുന്നു മിഴിഞ്ഞ കണ്ണുകൾ, മുറിഞ്ഞ ചുണ്ടുകൾ, ഒടിഞ്ഞു തൂങ്ങിയോരിളം കഴുത്തുകൾ, ഉടഞ്ഞ നെഞ്ഞുകൾ ചതഞ്ഞ മെയ്യുകൾ, തുടകളിൽ ചോരക്കറയൊലിപ്പുകൾ (സുഗതകുമാരി, മരിച്ച കുഞ്ഞുങ്ങൾ തിരിച്ചു വരുന്നുണ്ട് ) കേരളം വ്യത്യസ്ത കാലങ്ങളിലായി മനസ്സിലാക്കിയ, അനുഭവിച്ചറിഞ്ഞ പലതരം പീഡനങ്ങൾക്കെതിരെ   സുഗതകുമാരി ടീച്ചറുടെ ‘ മരിച്ച കുഞ്ഞുങ്ങൾ തിരിച്ചു വരുന്നുണ്ട് ’ എന്ന കവിത പ്രതികരിക്കുന്നു. ലൈംഗികാക്രമണത്തിനിരയായ കുഞ്ഞുങ്ങളിൽചിലർ തൂങ്ങിമരിക്കുകയും മറ്റ് ചിലർ കുഞ്ഞുങ്ങളെ കെട്ടിത്തൂക്കുകയും   ചെയ്യുന്നതും കണ്ട് കേരളത്തിന് കവി നൽകുന്ന മുന്നറിയിപ്പാണ് മരിച്ച കുഞ്ഞുങ്ങൾ തിരിച്ചുവരുന്നുണ്ട് എന്ന കവിത. ‘മരിച്ച കുഞ്ഞുങ്ങൾ’ കടുത്ത മാനസിക പീഡനമാണ്‌ അനുഭവിക്കുന്നത്‌. അത്തരം പീഡനത്തിനിരയായ  കുഞ്ഞുങ്ങളെ മനസ്സിലാക്കാനും രക്ഷിക്കാനും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും അത്തരം അവസ്ഥകൾ ഉണ്ടാകാതിരിക്കാനും വ്യക്തികളും സമൂഹവും രാഷ്ട്രവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഒരു ശ്രദ്ധയുടെ ഭാഗമായാണ് ആറങ്ങോട്ടുകര കലാപാഠശാലയിലെ ഒരുപറ്റം സ്ത്രീകളും കുട്ടികളും ചേർന്ന് ടീച്ചറുടെ കവിതയ്ക്ക് അരങ്ങൊരുക്കിയിരിക്കുന്നത്.  ഇരുപതോളം വേദികളിലായി നാടകം കളിച്ചു.  തുടർച്ചയായി വരുന്ന ശിശു പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരെ ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യകത മുന്നിൽവച്ചാണ് നാടകം അരങ്ങേറുന്നത്.  നാൽപത്തിനാല് വരികളിലായി വ്യാപിച്ചു കിടക്കുന്ന കവിതയ്ക്ക് വലിയ വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് നാടകത്തിലും സന്നിവേശിപ്പിച്ചിരിക്കുന്നത്. തെരുവുനാടകത്തിന്റെ സ്വഭാവത്തിലാണ് നാടകം. ഓരോ പീഡനങ്ങളുടെ സന്ദർഭവും സാഹചര്യവും കഥയും അനുസരിച്ച് അരങ്ങിലെ കഥാപാത്രങ്ങളും മാറുന്നു . ‘മരിച്ചകുഞ്ഞുങ്ങൾ’ പീഢനത്തിനിരയായ ഏത് കുഞ്ഞുങ്ങളുമാകാം. എന്നാൽ പീഡനത്തിനിരയായ കുഞ്ഞുങ്ങളുടെ അമ്മ കവി തന്നെയാണ്. ചെറുപ്രായത്തിൽ തന്നെ പെൺകുഞ്ഞുങ്ങൾക്ക് ഇത്തരം പീഡനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അതിനെതിരെ പ്രതികരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും പഠിക്കേണ്ടത് അത്യാവശ്യമാണെന്ന ചിന്തയിൽ നിന്നാണ്  കലാപാഠശാല ഇങ്ങനെയൊരു നാടകം ഒരുക്കിയിട്ടുള്ളത്. ആറങ്ങോട്ടുകരയിലെ തന്നെ നാടകപ്രവർത്തകരായ നാരായണനും ശ്രീജ ആറങ്ങോട്ടുകരയും ചേർന്നാണ് ടീച്ചറുടെ കവിതയ്ക്ക് രംഗഭാഷ ഒരുക്കിയത്. അവരുടെ മകളായ സാവിത്രി നാരായണനും  പ്രശസ്ത നാടകനടനായ വാപ്പുവിന്റെ മക്കളായ ഫിദയും അഷിതയുമാണ് മറ്റ് അഭിനേതാക്കൾ. ബിരുദ പഠിതാക്കളായ ഇവർ വളരെ ചെറുപ്പത്തിൽ തന്നെ നാടകത്തിൽ സജീവമാണ്.   Read on deshabhimani.com

Related News