വാടില്ല ഈ പൂക്കൾ



പ്രായം ഇവർക്ക് വെറുമൊരു നമ്പരാണ്. കണ്ണെഴുതി നെറ്റിയിൽ വട്ടപ്പൊട്ട്‌ തൊട്ട്‌, ചുണ്ടിൽ ചായം തേച്ച്‌, മുടിയിൽ പൂ ചൂടി, പുള്ളി സാരി ചുറ്റി സുന്ദരിമാരുടെ പട അരങ്ങു തകർക്കുകയാണ്‌. പ്രായമായെന്ന ചിന്തകളോട്‌ ഗുഡ്‌ ബൈ പറഞ്ഞ്‌, പാട്ടിന്റെ താളത്തിനൊപ്പം ചുവട്‌ വയ്‌ക്കുമ്പോൾ ജീവിതത്തിന്റെ വസന്തകാലത്തെ ആഘോഷമാക്കുകയാണ്‌ ഈ പെൺകൂട്ടം.  കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ്‌ കൂവോട്ടെ വാടാമലർ നൃത്തസംഘത്തിലെ പെൺമണികൾ  ഇപ്പോൾ നാട്ടിലെ താരങ്ങളാണ്‌.  ചുവടുവച്ച്‌ നാട്ടിലെ മിടുക്കികൾ അഞ്ച്‌ വർഷം മുമ്പാണ്‌ കൂവോട്‌ ഗോപാലൻ പീടികയിൽ ആശാ വർക്കർ പ്രവീണ മോഹന്റെ മുൻകൈയിൽ  വയോധികമാരുടെ നൃത്ത സംഘം രൂപം കൊള്ളുന്നത്‌. നൃത്തം ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്‌ സംഘത്തിൽ ചേരാമെന്ന്‌ നാട്ടിൽ ഒരു അറിയിപ്പു നൽകിയപ്പോൾ ഇതെന്ത്‌ സംഭവമെന്ന്‌ചോദിച്ച്‌ മൂക്കത്ത്‌ വിരൽവച്ചവരുണ്ട്‌. പക്ഷെ, സംഘത്തിലേക്ക്‌ ആളെ കിട്ടാൻ പ്രയാസമൊന്നുമുണ്ടായില്ല. നൃത്തച്ചുവടു വയ്‌ക്കാൻ  കൊതിയോടെ  മിടുക്കികളെത്തി.  ഒമ്പതു പേരുടെ സംഘത്തിന്‌ രൂപം നൽകി പ്രവീണ നൃത്തം പഠിപ്പിക്കാൻ  തുടങ്ങി. കോൽക്കളിയും  മാർഗം കളിയും ഒപ്പനയും നാട്ടിലെ വേദികൾ കീഴടക്കിയപ്പോൾ നാടിനു പുറത്തും അവസരങ്ങൾ തേടിയെത്തി. ചിലർ പാതിവഴിയിൽ പിരിഞ്ഞു പോയെങ്കിലും പിന്നെയുംപുതുതായി ആളുകൾ  സംഘത്തിൽ ചേർന്നു. ‘‘എല്ലാരും ചൊല്ലണ്‌...’’ എല്ലാരും ചൊല്ലണ്‌ എന്ന  നിത്യഹരിത ഗാനത്തിന്റെ റീമിക്‌സിന്റെ സിനിമാറ്റിക്‌ ഡാൻസാണ്‌ ഇപ്പോ ൾ അരങ്ങുതകർക്കുന്ന ഐറ്റം. തളിപ്പറമ്പ്‌ മണ്ഡലത്തിൽ എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച   വിനോദ  വിജ്ഞാന ഉത്സവം ഹാപ്പിനെസ്‌ ഫെസ്‌റ്റിന്റെ  വേദിയിലും വാടാമലർ സംഘം നിറഞ്ഞാടി. വി കല്യാണി (75),  വി കാർത്ത്യായനി (75), വി കല്യാണി(74), മാധവി (70), സി യശോദ (69), കെ കമലാക്ഷി (63), ശ്യാമള കൂവോടൻ(63),    ഐ വി വനജ (57) സി ബിന്ദു (47) എന്നിവരാണ്‌ അരങ്ങിലെത്തുന്നത്‌. ഇവരിൽ ഭൂരിഭാഗം പേരും തൊഴിലെടുക്കുന്നവരാണ്‌. തൊഴിലുറപ്പിന്‌ പോകുന്നവരും തേപ്പ്‌ പണിക്ക്‌ പോകുന്നവരും കൂലിപ്പണിക്ക്‌ പോകുന്നവരുമുണ്ട്‌ ഇക്കൂട്ടത്തിൽ. ജോലി കഴിഞ്ഞ്‌ വൈകുന്നേരം ഒരാളുടെ വീട്ടിൽ ഒത്തു ചേർന്നാണ്‌ റിഹേഴ്‌സൽ.   മനസ്സ്‌ നിറയെ സന്തോഷം ‘‘ഞങ്ങൾക്കിത്‌ വലിയ സന്തോഷമാണ്. ഈ പ്രായത്തിലും ഡാൻസ്‌ കളിക്കാൻ ഞങ്ങൾ ഇറങ്ങിപ്പുറപ്പെട്ടത്‌ ആ സന്തോഷം ഒന്നു കൊണ്ടു മാത്രമാണ്‌’’.  പറയുമ്പോൾ എഴുപത്തഞ്ചുകാരി കല്യാണിയുടെ മുഖത്ത് ഉത്സാഹം നിറയുകയായിരുന്നു. സ്വന്തം വീടുകളിൽ നിന്ന്‌ കിട്ടുന്ന വലിയ പിന്തുണയെക്കുറിച്ചും എല്ലാവരും വാചാലരായി. സഭാ കമ്പമില്ലാതെ വേദികളിൽ നിറഞ്ഞാടാൻ ഇവർക്ക് കരുത്താകുന്നത് നൃത്തത്തോടുള്ള അതിരറ്റ ഇഷ്ടമാണ്. ചുളിവുവീണ തൊലിയും അൽപ്പം ആയാസത്തോടെയുള്ള ചലനങ്ങളും നടപ്പു നൃത്ത സങ്കൽപ്പങ്ങളെയും മാറ്റിയെഴുതുകയാണ്. വയോജനങ്ങളുടെ സന്തോഷ പൂർണമായ ജീവിതമെന്ന ആശയം യാഥാർഥ്യമാക്കുന്ന മാതൃകാ സംരംഭമായും ഈ നൃത്ത സംഘത്തെ വായിക്കാവുന്നതാണ്. പ്രായം ചെന്നവരുടെ ഉള്ളിലുള്ള ഒറ്റപ്പെടലുകളെ മറികടക്കാനുള്ള ശ്രമമാണ്‌ ഈ കൂട്ടായ്‌മയെന്ന്‌ നൃത്താധ്യാപിക പ്രവീണ പറഞ്ഞു. ഭൂരിഭാഗം പേരും  വിധവകളാണ്‌. സ്വയം തൊഴിലെടുത്ത്‌ സമ്പാദിച്ച്‌ ജീവിക്കുന്നവർ. വാർധക്യകാലത്തെ നല്ല ഓർമകൾ കൊണ്ട്‌ നിറയ്‌ക്കാനുള്ള ശ്രമമാണിതെന്നും പ്രവീണ പറഞ്ഞു. ഏഴോം പിഎച്ച്‌സി 17–-ാം വാർഡിലെ ആശാ പ്രവർത്തകയായ പ്രവീണ ജോലിത്തിരക്കുകൾക്കു ശേഷമാണ്‌ പരിശീലനം നൽകുന്നത്‌. ജീവിത സായാഹ്നത്തിലെ എല്ലാ പ്രതിസന്ധികളെയും  മായ്‌ച്ചുകളയാനുള്ള  മരുന്നാണ്‌  ഈ പെൺകൂട്ടത്തിന്‌ നൃത്തം. താളം പിഴയ്‌ക്കാതെ ഒാരോ നിമിഷവും ചുവടുറപ്പിച്ച്‌ പുഞ്ചിരി വിടരുന്ന വാടാമലരുകളായി ഇനിയും ഇവർ മുന്നേറും. Read on deshabhimani.com

Related News