നിയമത്തെ വഴിമാറ്റിയ സ്‌ത്രീ അനുഭവങ്ങൾ



സമൂഹത്തിലെ സ്‌ത്രീകളുടെ അനുഭവങ്ങൾക്ക്‌ കഥയുടെ ചാരുതപകർന്നപ്പോൾ ബുക്കർ പ്രൈസ്‌ നിയമാവലികൾ പോലും വഴിമാറി. രണ്ടു നോവലുകൾക്ക്‌ സമ്മാനം പ്രഖ്യാപിച്ച്‌ ചരിത്രത്തിൽ ഒരു ഏടുകൂടി എഴുതിച്ചേർത്തു സ്‌ത്രീ അനുഭവങ്ങൾ.  2019ലെ ബുക്കർ സമ്മാനം പ്രഖ്യാപിച്ചപ്പോൾ സാഹിത്യ ലോകം ചെറുതായിട്ടല്ല അമ്പരന്നത്‌. മാർഗരറ്റ്‌ അറ്റ്‌വുഡിന്റെ ‘ദി ടെസ്‌റ്റ്‌മെന്റ്‌സ്‌’ എന്ന നോവലും ബർനാർഡൈൻ എവരിസ്‌റ്റോയുടെ ‘ഗേള്‍, വുമണ്‍, അദര്‍’ എന്ന നോവലും ചേർന്നാണ്‌ 2019ലെ ബുക്കർ സമ്മാനം പങ്കിട്ടത്. സമ്മാനത്തുകയായ 50,000 പൗണ്ട്സ്(62,800 ഡോളര്‍) ഇരുവരും പങ്കിട്ടെടുക്കും. 1992ലാണ്‌ അവസാനമായി ബുക്കർ സമ്മാനം രണ്ടു പേർ പങ്കിട്ടെടുത്തത്‌. അതിനുശേഷം നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രണ്ട്‌ വിജയികളെ തീരുമാനിക്കാൻ പറ്റില്ലെന്ന്‌ സംഘാടകർ ജൂറി അംഗങ്ങളോട്‌ പറഞ്ഞിരുന്നു. അഞ്ച്‌ മണിക്കൂർ നീണ്ട ചർച്ചകൾക്ക്‌ ശേഷമാണ്‌ ചുട്ടുപൊളളുന്ന സ്‌ത്രീ അനുഭവങ്ങൾ പരാമർശിക്കപ്പെടുന്ന രണ്ടു നോവലുകളിൽ ഒന്നുപോലും മാറ്റിവയ്‌ക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിൽ എത്തിയത്‌. നോവലുകളിൽ ഒന്നുപോലും മാറ്റിവയ്‌ക്കാൻ പറ്റാത്തതിനാലാണ്‌ ഈ ചരിത്ര തീരുമാനം എടുക്കുന്നതെന്നായിരുന്നു വിധികർത്താക്കളിൽ പ്രധാനിയായ പീറ്റർ ഫ്ലോറൻസിന്റെ വിശദീകരണം.   എഴുപത്തൊമ്പതുകാരിയായ മാർഗരറ്റ്‌ അറ്റ്‌വുഡ്‌ കനേഡിയൻ എഴുത്തുകാരിയാണ്‌. ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ പേരിലായി.  ‘ദ ബ്ലൈൻഡ്‌ അസാസിൻ’ എന്ന പുസ്‌തകത്തിന്‌ 2000ത്തിലും അറ്റ്‌വുഡ്‌ ബുക്കർപ്രൈസ്‌ നേടിയിട്ടുണ്ട്‌. 1985ൽ എഴുതിയ ‘ദ ഹാൻഡ്‌മെയ്‌ഡ്‌ ടെയ്‌ൽ’ എന്ന നോവലിന്റെ തുടർച്ചയാണ്‌ ദി ടെസ്‌റ്റ്‌മെന്റ്‌സ്‌. ഹാൻഡ്‌മെയ്‌ഡ്‌ ടെയ്‌ലും 1985ൽ ബുക്കർ സമ്മാനത്തിന്‌ പരിഗണിക്കപ്പെട്ടിരുന്നു. കനേഡിയൻ തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പാർടിക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ സാഹിത്യലോകത്തിന്‌ പുറത്തും ഇവർ അറിയപ്പെട്ടിരുന്നു. പരിസ്ഥിതി വിഷയങ്ങളിലും കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്ന മാർഗരറ്റ്‌ സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ മുൻനിരയിൽ പോരാടുന്ന എഴുത്തുകാരികളിൽ ഒരാളാണ്‌. ബുക്കര്‍ പ്രൈസിന്റെ ചരിത്രത്തിലെ ആദ്യ കറുത്ത വർഗക്കാരിയാണ് എവരിസ്റ്റോ. 19 മുതല്‍ 93 വരെ പ്രായമുള്ള കറുത്ത വർഗക്കാരികളായ 12 സ്ത്രീകളുടെ കഥയാണ് നോവലില്‍ പറയുന്നത്.   Read on deshabhimani.com

Related News