ഈ മ്യൂസിയം പറ‌ഞ്ഞുതരും സിനിമയുടെ ചരിത്രം



vinodkviswaan@gmail.com തിയറ്റർ നിറഞ്ഞോടിയ സിനിമകൾ, പ്രേക്ഷകർ കൈയടിച്ച്‌ സ്വീകരിച്ച സിനിമകൾ, ദേശീയ അന്തർദേശീയ മേളകളിൽ കേരളത്തിന്റെ അഭിമാനമായി മാറിയ സിനിമകൾ. അവയെല്ലാം ഇന്നും പ്രേക്ഷകർ ഹൃദയത്തോടു ചേർത്തുനിർത്തുന്നു.   എന്നാൽ, സിനിമയ്‌ക്ക്‌ പിന്നിലെ സാങ്കേതികതയുടെ ചരിത്രം പറയാൻ കഴിയുന്ന ഒരു സ്ഥാപനമുണ്ട്‌ തലസ്ഥാനത്ത്‌. ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം. ഫിലിം പ്രിന്റുകളിൽനിന്നും റീലുകളിൽനിന്നും സിനിമയെ മാറ്റിയെടുത്ത പുതിയ കാലത്താണ്‌ നമ്മൾ സിനിമ കാണുന്നത്‌. ഫിലിം പെട്ടികൾ വരുന്നതും കാത്ത്‌ മാലപ്പടക്കവും ആർപ്പുവിളികളുമായി തിയറ്ററുകൾ സജീവമാക്കിയിരുന്ന ഒരു കാലം. എന്നാൽ, ഇപ്പോൾ ഹാർഡ്‌ ഡിസ്‌ക്കിലാണ്‌ സിനിമ തിയറ്ററുകളിൽ എത്തുന്നത്‌.  ഈ മാറ്റം തൊട്ടറിയാം ഫിലിം മ്യൂസിയം സന്ദർശിച്ചാൽ. 2010വരെ ഫിലിമിലായിരുന്നു ചിത്രീകരണം. 8 എംഎം മുതൽ 70 എംഎം വരെയുള്ള ഫിലിമുകളിൽ. ഷൂട്ടുചെയ്‌ത ഫിലിം നെഗറ്റീവുകൾ ഫിലിം പ്രോസസിങ്‌ മെഷീനുകളിലാണ്‌ ഡെവലപ്‌ ചെയ്‌തിരുന്നത്‌. 8എംഎം മുതൽ 70 എംഎം വരെയുള്ള ഫിലിമുകളും പ്രോസസിങ്‌ മെഷീനുകളും ഇപ്പോഴും ഫിലിം മ്യൂസിയത്തിലുണ്ട്‌. സിനിമ ഫിലിം ഉപയോഗിച്ച്‌ നിർമാണം നടത്തിയിരുന്ന കാലഘട്ടത്തിലെ ഉപകരണങ്ങളാണ്‌ മ്യൂസിയത്തിലുള്ളത്‌.   സിനിമാ ചിത്രീകരണം നടത്തിയ നെഗറ്റീവുകൾ പ്രോസസിങ്‌ ലാബിൽ എത്തിക്കുന്നു. ഫിലിം ലൈൻ മെഷീനിൽ കെമിക്കലുകൾ ഉപയോഗിച്ച്‌ നെഗറ്റീവ്‌ ഡെവലപ്‌ ചെയ്യുന്നു. കെമിസ്റ്റുകൾ ഫിലിമിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ഡെവലപ്‌ ചെയ്യുന്ന ഫിലിമുകൾ ഗുണനിലവാരം കുറയാതെ ദൃശ്യവിസ്‌മയത്തോടെ പ്രോസസ്‌ ചെയ്യുന്നു. പ്രോസസ്‌ ചെയ്യപ്പെടുന്ന ഫിലിമുകൾ കളർ അനലൈസർ ഉപയോഗിച്ച്‌ പോസിറ്റീവ്‌ ഡെവലപ്പിങ്‌ മെഷിനറിയുടെ സഹായത്താൽ തിയറ്റർ പ്രിന്റുകളാക്കുന്നു. വീഡിറ്റേർ എന്ന ഉപകരണത്തിലെപരിശോധനയ്‌ക്കുശേഷം ഫൈനൽ പ്രിന്റ്‌ നിർമാതാക്കൾക്ക്‌ നൽകുന്നു. ഈ പ്രിന്റിൽനിന്നാണ്‌ പ്രൊജക്‌ടർ വഴി തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നത്‌. ഈ സാങ്കേതിക ഉപകരണങ്ങൾ  ഇപ്പോഴും  മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌.   ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ ഫിലിം, കളർ ഫിലിം, സിനിമാസ്‌കോപ്പ്‌ ഫിലിം പ്രിന്റ്‌, 70എംഎം ഫിലിം പ്രിന്റ്‌ എന്നിവയും  ശേഖരത്തിലുണ്ട്‌. സെല്ലുലോയ്‌ഡ്‌ എന്ന സിനിമയിൽ ജെ സി ഡാനിയൽ സിനിമ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന  കാമറയാണ്‌ ആദ്യകാല മിച്ചൽ കാമറ. ഈ കാമറ ചിത്രാഞ്‌ജലി മ്യൂസിയത്തിലേതാണ്‌. ഒരുകാലത്തെ സിനിമാ നിർമാണത്തിന്‌ ഒഴിച്ചുകൂടാനാകാത്ത സാങ്കേതിക വിസ്‌മയമായിരുന്നു മിച്ചൽ കാമറ.  ഫെയ്‌ഡ്‌ ഇൻ ഫെയ്‌ഡ്‌ ഔട്ട്‌, ഡബിൾ റോൾ, ഒരു ദൃശ്യത്തിന്‌ മുകളിൽ മറ്റൊരു ദൃശ്യം കാണിക്കുന്ന സൂപ്പർ ഇംപോസിങ്‌ തുടങ്ങിയ സാങ്കേതികവിദ്യകൾ  മിച്ചൽ ക്യാമറ സാധ്യമാക്കിയിരുന്നു. ഇലക്‌ട്രിക്കൽ സപ്ലൈ ഉപയോഗിക്കാതെ കൈകൊണ്ട്‌ കീ കൊടുത്ത്‌ പ്രവർത്തിപ്പിക്കുന്ന ബോളക്‌സ്‌ കാമറയും അരിഫ്ലക്‌സ്‌, 16എംഎം, സിനിമാസ്‌കോപ്പ്‌ കാമറകൾ എന്നിവയും മറ്റനേകം ആദ്യകാല കാമറകളും സിനിമാ മ്യൂസിയശേഖരത്തിലുണ്ട്‌. സിനിമാ സ്റ്റുഡിയോകളിലെ ഏറ്റവും പഴക്കമേറിയ വേൾഡ്‌ ബക്ക്‌ സൗണ്ട്‌ മിക്‌സിങ്‌ കൺട്രോൾ മ്യൂസിയത്തിലെ ശേഖരത്തിലുണ്ട്‌. ഡയലോഗ്‌, എഫക്‌ട്‌, മ്യൂസിക്‌ എന്നിവ ഒരേസമയം ഉപയോഗിക്കാൻ വേൾഡ്‌ ബക്ക്‌ സൗണ്ട്‌ മെഷീന്‌ കഴിയുമായിരുന്നു. അതുപോലെതന്നെ ഫിലിം എഡിറ്റിങ്ങിന്‌ ഉപയോഗിച്ചിരുന്ന സ്റ്റീൻ ബക്ക്‌ എഡിറ്റിങ്‌ എക്യുപ്‌മെന്റ്‌സ്‌, മൂവിയോള എന്നിവയും സൂക്ഷിച്ചിട്ടുണ്ട്‌. ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സിനിമാ സാങ്കേതികവിദഗ്‌ധരുടെ ചിത്രങ്ങളും സിനിമാ ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്‌.  തിരുവനന്തപുരം നഗരത്തിൽനിന്ന്‌ എട്ട്‌ കിലോമീറ്റർ ദൂരം മാത്രമാണ്‌ ചിത്രാഞ്‌ജലി സ്റ്റുഡിയോയിലേക്ക്‌. കോവളം സന്ദർശിക്കുന്നവർക്ക്‌ ആറ്‌ കിലോമീറ്റർ സഞ്ചരിച്ചാൽ സ്റ്റുഡിയോയിൽ എത്താം.   Read on deshabhimani.com

Related News