മഞ്ഞിൽ വിരിഞ്ഞ കഥകൾ



‘ഗെദ്ദ’, അതിജീവനത്തിന്റെ കഥയാണ്‌ പറയുന്നത്‌.   ജീവിച്ചുതീർത്ത നിമിഷങ്ങളുടെ.. പോരാടി നേടിയ കുഞ്ഞുസന്തോഷങ്ങളുടെ, വലിയ ചിരികളുടെ ആകെയുത്തരം. തമിഴ്നാട്ടിലെ  ‘ഗെദ്ദ’യിൽനിന്ന് രേഖ തോപ്പിൽ എന്ന മലയാള കഥാകാരിക്ക്‌ പറയാൻ ഇനിയുമേറെ.   നീലഗിരിയോട് ചേർന്ന് കിടക്കുന്ന "ഗെദ്ദ’ എന്ന ഗ്രാമം.  ഗെദ്ദയെന്നാൽ വയൽ.  1990ലെ ഉരുൾപൊട്ടലിൽ ഒരു നാടൊന്നാകെയില്ലാതെയായി. എഴുപതോളം പേർ മരിച്ചു. അതിലേറെപ്പേരെ കാണാതായി. കുറേപ്പേർക്ക്‌ വീട്‌ ഇല്ലാതെയായി. അവിടേക്കാണ്‌ തൃശൂർ വടക്കാഞ്ചേരി സ്വദേശി രേഖ എത്തുന്നത്‌.   തമിഴ് സംസ്‌കൃതിയുടെ  വേറിട്ടഭൂമി.-   കോടമഞ്ഞും കൊടുംകാടും മാനംമുട്ടും മലനിരകളും താഴ്‌വരകളും.  വന്യജീവികൾ വിഹരിക്കുന്ന പ്രകൃതിയുടെ ഈ തുരുത്തിൽനിന്ന്‌ എഴുത്തുവഴിയിലെ സഞ്ചാരം രേഖ വീണ്ടും ആരംഭിച്ചു.  ഈ ഘട്ടത്തിലാണ്‌  ‘ഗെദ്ദ’ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചത്‌. ഭാവനയിൽ ചാലിച്ചെഴുതിയ കഥകളല്ല ഇവയൊന്നും.  അനുഭവങ്ങളുടെ നേർക്കാഴ്‌ചകളെ കഥകളിൽ ആവാഹിക്കുകയായിരുന്നു രേഖ തോപ്പിൽ എന്ന കഥാകാരി. സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ,  എഴുത്തുകാരി ദീപ നിശാന്തിന് നൽകിയാണ്‌ പുസ്‌തകം പ്രകാശനംചെയ്‌തത്‌.    ‘ഗെദ്ദ’യ്‌ക്ക്‌  അവതാരിക എഴുതിയത്  യു എ ഖാദറാണ്.  കോഴിക്കോട്ടെ വീട്ടിലെത്തിയാണ്‌ രേഖ പ്രിയ കഥാകാരനോട്‌  ആഗ്രഹം പറഞ്ഞത്‌.  ഏറെ താമസിയാതെ അദ്ദേഹം എഴുതി നൽകി. ജീവിതത്തിലെ ധന്യമായ നിമിഷങ്ങളിലൊന്നായി രേഖ ആ ഓർമ ചേർത്തുവയ്‌ക്കുന്നു.   ‘ഗെദ്ദ’ തമിഴിലേക്ക്‌ മൊഴിമാറ്റം ചെയ്യാനുള്ള ശ്രമത്തിലാണ്‌ രേഖ.  യാത്രാവഴികൾ... ഒരു സ്‌ത്രീ കഥയെഴുതുന്നതും പുസ്‌തകം പ്രസിദ്ധീകരിക്കുന്നതും  പുതുമയുള്ളതല്ല.  പക്ഷേ രേഖയെ സംബന്ധിച്ചിടത്തോളം  ഇത്‌  പ്രതിസന്ധികളെ  അതിജീവിച്ച്‌ നേടിയ ഉത്തരമാണ്‌.  വായനക്കാർ ആരെന്നും എന്തെന്നുമറിയാതെ. അവർക്കിടയിൽ ഒരാളായി ഇരുന്ന്‌ രേഖ കഥയെഴുതുന്നു. വിവാഹിതയായി ബംഗളൂരുവിലേക്ക്‌ ഭർത്താവിനൊപ്പം യാത്ര പുറപ്പെടുമ്പോൾ ഒപ്പം ചേർത്തു പിടിച്ചു കുറേ പുസ്‌തകങ്ങൾ. എന്തുകൊണ്ടോ അക്കാലങ്ങളിലെല്ലാം അന്യമായതും ഈ പുസ്‌തകക്കൂട്ടെന്ന്‌ രേഖ പറയുന്നു. "അച്ഛൻ മാരാത്തകുന്നിൽ മുല്ലപ്പറമ്പിൽ കൃഷ്‌ണനെഴുത്തച്‌ഛൻ. അദ്ദേഹത്തിൽനിന്നാണ്‌ വായന പകർന്നുകിട്ടിയത്‌. കുട്ടിക്കാലത്ത്  ബാലപ്രസിദ്ധീകരണങ്ങളിൽ കുട്ടിക്കവിതകൾ എഴുതി. പിന്നീട്‌ ആനുകാലികങ്ങളിൽ  കഥകളും.  ഗെദ്ദയിൽ പത്രവും ആനുകാലികങ്ങളും ഒന്നും വായിക്കാൻ കിട്ടില്ല.  ഇന്റർനെറ്റ്‌ അപൂർവം.  അവിടെനിന്ന്‌ സ്വയം കലഹിച്ചും കഥപറഞ്ഞും രേഖ എഴുത്ത് ആരംഭിച്ചു.    ‘ ഗെദ്ദ’യും പെണ്ണും സ്‌ത്രീപക്ഷ രചനകളാണ്‌  ‘ഗെദ്ദ’ പറയുന്നതിലേറെയും.  ഗെദ്ദ പവർഹൗസിൽ  ഉദ്യോഗസ്ഥനാണ്  ഭർത്താവ് മുരളി.  മകൾ ഗായത്രി.   ‘ശ്‌മശാനത്തിലെ സൂക്ഷിപ്പുകാർ’ എന്ന കഥയ്‌ക്ക്‌ ഡോ. ബി ആർ അംബേദ്‌കർ സാഹിത്യശ്രീ പുരസ്‌കാരം ലഭിച്ചു.  കേരള എഴുത്തച്‌ഛൻ സമൂഹ സംഘടനയുടെ മികച്ച കഥാകാരിക്കുള്ള പുരസ്‌കാരം, ശ്രീനാരായണ ധർമ സേവാ സംഘം അവാർഡ്‌, കോയമ്പത്തൂർ മലയാളി അസോസിയേഷൻ യുവപ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. jishaabhinaya@gmail.com   Read on deshabhimani.com

Related News