ആർദ്രതയുടെ എഴുത്തുകാരി



 മാതൃത്വത്തിന്റെ തീവ്രതയും പുത്രവാത്സല്യത്തിന്റെ ഊഷ്മളതയും അനാവരണം ചെയ്യുന്ന വരികളിലേക്ക് സന്ധ്യയുടെ മനസിൽ നിന്നുള്ള ദൂരം വളരെ ചെറുതാണ്. കാരണം സന്ധ്യ നിത്യവും ഇടപഴകുന്നത് ആർദ്രത ഏറ്റവും ആവശ്യമുള്ള ഇടമായ ആതുര ശുശ്രുഷാ രംഗത്താണ്. സന്ധ്യ ജലേഷ് എന്ന എഴുത്തുകാരിയുടെ വരികളിൽ ആർദ്രത ഇഴ ചേർന്നതും അവിടെ നിന്നാണ്. കുടുംബ ബന്ധങ്ങൾ ശിഥിലമായി പോകുന്നതിന്റെ ജീവിത ഗന്ധിയായ നേർക്കാഴ്ച വിവരിക്കുന്ന സന്ധ്യയുടെ 'മഴ മേഘങ്ങളെയും കാത്ത്' എന്ന നോവലിന് 2018ലെ ഭാഷാശ്രീ അവാർഡും മാധവിക്കുട്ടി അവാർഡും ലഭിച്ചു. സ്വന്തം മകനെ തെറ്റിൽ നിന്നും രക്ഷിക്കാൻ ഒരമ്മ സ്വയം വിൽക്കാൻ തയ്യാറാകുന്ന കഥയാണ് മഴമേഘങ്ങളെയും കാത്ത് എന്ന നോവലിൽ സന്ധ്യ പറയുന്നത്. ആ അമ്മയെ സന്ധ്യയ്ക്ക് നേരിട്ടറിയാം. ജീവിത വഴിയായി സ്വീകരിച്ച നഴ്സിങ് ജോലിയുടെ ഭാഗമായി സന്ധ്യ കുറച്ചുകാലം സ്കൂളിൽ നഴ്സിങ് കൗൺസിലറായി ജോലി നോക്കിയിരുന്നു. നിർധനരായ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളിൽ സമീപ പ്രദേശങ്ങളിലെ കഞ്ചാവ് മാഫിയ പിടിമുറുക്കിയ കാലം. വഴിതെറ്റിയ കൗമാരത്തെയോർത്ത് നിരവധി അമ്മമാർ കരഞ്ഞതിന് സന്ധ്യയും സാക്ഷിയായി. ആ വേദനകൾ മനസിലിട്ട് ഉരുക്കിയാണ് മഴമേഘങ്ങളെയും കാത്ത് എന്ന നോവൽ എഴുതിയത്. നഴ്സിങ് ജീവിതമാർഗ്ഗമായി സ്വീകരിക്കുന്നതിന് മുമ്പ് പുസ്തകങ്ങളെ പ്രണയിച്ചിരുന്ന ഒരുകാലം സന്ധ്യയ്ക്കുണ്ടായിരുന്നു. മൂവാറ്റുപുഴ നിർമ്മല കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത നോവലുകളും മാധവിക്കുട്ടിയുടെ കഥകളുമാണ് വായിച്ചിരുന്നത്. ആശാപൂർണ്ണാ ദേവിയും മഹാശ്വേതാ ദേവിയും മനസിൽ നിറഞ്ഞു നിന്ന കാലം. ആശാപൂർണ്ണാ ദേവിയുടെ സുവർണ്ണലത വായിച്ചാണ് സന്ധ്യ സ്ത്രീപക്ഷവാദിയായത്. തിരിച്ചുകിട്ടാത്ത സ്നേഹമാണ് മഹാഭൂരിപക്ഷം സ്ത്രീകളുടെയും വേദനയെന്ന് മാധവിക്കുട്ടിയിലൂടെ മനസിലാക്കി. പിന്നീടുള്ള ജീവിത വീക്ഷണം കൂടി ഉരുത്തിരിഞ്ഞതോടെ കവിതകൾ എഴുതാൻ തുടങ്ങി. വായനയിലൂടെ മനസിൽ മുളച്ച വാക്കുകൾ വരികളായി പകർത്താൻ കോളേജിലെ അധ്യാപകനായ സെബാസ്റ്റ്യൻ സാർ പിൻതുണ നൽകിയതോടെ കോളേജ് മാഗസിനിൽ സന്ധ്യയുടെ കവിതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പാതിവഴിയിൽ ഇഷ്ടവിഷയമായ ഇംഗ്ലീഷ് സാഹിത്യ പഠനം ഉപേക്ഷിച്ചു. പിന്നീട് വിവാഹവും ജോലിയും ഒക്കെയായി കുറച്ചുകാലം എഴുത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. കുറച്ചുകാലം മുമ്പ് മനസിൽ തോന്നിയത് ‘'എന്റെ എഴുത്ത് പുര' എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പ്രസിദ്ധീകരിച്ചതാണ് തിരിച്ചു വരവിന് കാരണമായത്. വായനക്കാരിൽ നിന്ന് ലഭിച്ച പ്രേരണ വിസ്മയിപ്പിക്കുന്നതായിരുന്നു. എഴുത്തുകാരായ കൂട്ടുകാർക്കൊപ്പം നടത്തിയ യാത്രകളെ കുറിച്ചും സന്ധ്യ എഴുതി. അച്ചടി മാധ്യമങ്ങളെക്കാൾ കൂടുതൽ വായിക്കപ്പെടുന്നത് ഫേസ് ബുക്കാണെന്ന തിരിച്ചറിവ് അവിടെ തന്നെ തുടരാൻ പ്രേരിപ്പിച്ചു. 2016ൽ എഴുതിയ 'നീയെന്റെ സുകൃതം' എന്ന നോവലിനും ഭാഷാശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട്. ആലുവയിൽ താമസിക്കുന്ന സന്ധ്യ തൃശൂർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സാണ്. ദിനം പ്രതി എട്ടുമണിക്കൂർ ട്രെയിൻ യാത്രയ്ക്കിടയിലാണ് സന്ധ്യ കഥകൾ കുത്തിക്കുറിക്കുന്നത്. ദിവസേനയുള്ള യാത്രകൾ കൂടാതെ സുഹൃത്തുക്കളുമായി ധാരാളം യാത്രകൾ പോകാറുണ്ട് സന്ധ്യ. അനാഥാലയങ്ങൾ സന്ദർശിക്കാറുണ്ട്. ഇവിടെയൊക്കെ കണ്ടുമുട്ടുന്നവരുടെ ജീവിതമാണ് ആർദ്രതയോടെ കഥകളായി പകർത്തുന്നത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ഭർത്താവ് കെ പി ജലേഷും വിദ്യാർത്ഥികളായ മക്കൾ ലക്ഷ്മിയും അമർനാഥും എല്ലാ പിൻതുണയും നൽകുന്നതിനാൽ എഴുത്തിലും യാത്രയിലും ജോലിയിലും സന്ധ്യയ്ക്ക് മുഴുകാൻ സാധിക്കുന്നു. തുറന്നെഴുതാൻ സ്ത്രീകൾ തയ്യാറാവണം എന്ന പക്ഷക്കാരിയായ സന്ധ്യയ്ക്ക് രാത്രികാലങ്ങളിൽ സ്ത്രീകൾ സ്വതന്ത്രമായി കേരളത്തിൽ സഞ്ചരിക്കാൻ ഇനിയും കാലം എടുക്കുമെന്നും അഭിപ്രായമുണ്ട്. ഒരു മാന്ത്രിക നോവലിന്റെ പണിപ്പുരയിലാണ് സന്ധ്യ ജലേഷ്. ഏറ്റവും പുതിയ കഥയായ വിഷുപ്പുലരിക്ക് മൊയ്തീൻ ലൈബ്രറിയുടെ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വളർന്നു വരുന്ന ഈ എഴുത്തുകാരി. Read on deshabhimani.com

Related News