അമേരിക്കൻ അമ്മക്കൂട്ടം



രണ്ടു കൈക്കുഞ്ഞുങ്ങളെയുംകൊണ്ട്‌  മിസിസിപ്പിയിൽനിന്ന്‌ കലിഫോർണിയയിലേക്ക്‌ വണ്ടികയറുമ്പോൾ ഡൊമിനിക്‌ വാക്കറെന്ന മുപ്പത്തിനാലുകാരിയുടെ മനസ്സിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. നേഴ്‌സിങ്‌ ബിരുദം. എന്നാൽ, കാലം കാത്തുവച്ചത്‌ മറ്റൊന്നായിരുന്നു. അമേരിക്കയിലെ അമ്മമാരുടെ വലിയൊരു സമരത്തെ മുന്നിൽനിന്ന്‌ നയിക്കുകയാണ്‌ അവരിന്ന്‌. അമേരിക്കയെന്ന ലോകത്തെ വൻ ശക്തി നേരിടുന്ന ആരും പ്രതീക്ഷിക്കാത്ത പ്രതിസന്ധികളോടുള്ള പോരാട്ടത്തിന്റെ പ്രതീകമാണ് ഇന്ന് വാക്കർ. അവരും, അതുപോലെ മറ്റിടങ്ങളിൽനിന്ന് കുടിയേറിയ ഒരുപാട് അമ്മമാരും വലിയൊരു പോരാട്ടത്തിന്റെ മുൻനിരയിലുണ്ട്‌. അമേരിക്കയിലെ ഭവനരഹിതരായ അനേകം കുടിയേറ്റക്കാരോടൊപ്പം മോംസ്‌ ഫോർ ഹൗസിങ്‌ എന്ന അമ്മമാർ നയിക്കുന്ന പ്രസ്ഥാനം രാജ്യത്തെ ഭവനരഹിതരായ ലക്ഷക്കണക്കിനു പേരുടെ ശബ്ദമാവുകയാണ്.  തുടക്കം ഗാർഹിക പീഡനം  ഗാർഹിക പീഡനങ്ങളിൽനിന്ന് രക്ഷപ്പെടാനാണ്‌ കഴിഞ്ഞ ഏപ്രിലിൽ സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് ഓക്‌ലാൻഡിലേക്ക് വാക്കറെത്തിയത്‌. തന്റെ മക്കളായ ഒരുവയസ്സുകാരൻ ആമിറിനും അഞ്ചുവയസ്സുകാരി അജയ്‌ക്കുമൊപ്പം ഒരു ഹോട്ടലിലേക്ക്‌ താമസം മാറിയെങ്കിലും അവിടത്തെ ഭീമൻ വാടക താങ്ങാനായില്ല. പോകാനിടമില്ലാത്ത അവസ്ഥ. വാക്കറും കുറച്ചുപേരും ചേർന്ന്‌ ഓക്‌ലാൻഡിൽ വീട്‌ വാടകയ്‌ക്കെടുത്തു. ഭവനരഹിതർക്കിടയിലെ പകർച്ചവ്യാധികളെക്കുറിച്ച്‌ ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. അത്‌ ഫലം കണ്ടു. എന്നാൽ, 58 ദിവസത്തിനുശേഷം അവർക്ക്‌ അവിടം വിടേണ്ടിവന്നു. അപ്പോഴേക്കും അവരുടെ മുന്നേറ്റം രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. "ചെറിയ ആളുകൾക്കുവേണ്ടി ആരെങ്കിലും പോരാടുന്നത് ഞങ്ങൾ കണ്ടിട്ടില്ല, അതിനാൽ ആരും സംസാരിക്കാനില്ലാത്തവർക്കുവേണ്ടി സംസാരിക്കാൻ  ഞങ്ങൾ തീരുമാനിച്ചു.’ ഞങ്ങളുടെ നഗരമോ രാജ്യത്തെ അധികാരികളോ ഇതിന്‌ പരിഹാരം കാണണം. അമ്മക്കൂട്ടത്തിലെ  മിസ്റ്റി  ക്രോസ്‌പറയുന്നു.  തെരുവിൽ ജീവിതം ഓക്‌ലാൻഡിൽമാത്രം ആറായിരത്തോളം പേർ തെരുവിലുണ്ടെന്നാണ്‌ സർക്കാർ കണക്ക്‌. എന്നാൽ, ഭവനരഹിതരായ 4,25,000 ലേറെപേർ ഇവിടെയുണ്ടെന്നാണ്‌ മോംസ്‌ ഫോർ ഹൗസിങ്ങിന്റെ കണ്ടെത്തൽ. രണ്ടു വർഷത്തിൽ 47 ശതമാനമാണ്‌ വർധന. തെരുവിൽ കഴിയുന്ന സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം മൂന്നാണ്ടിനിടെ 15 ശതമാനം വർധിച്ചതായി നാഷണൽ സെന്റർ ഫോർ ഹോംലെസ് എഡ്യൂക്കേഷന്റെ റിപ്പോർട്ടിൽ പറയുന്നു. ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. കലിഫോർണിയയിൽ 2,63,000 വിദ്യാർഥികൾക്ക്‌ വീടില്ല.  സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളാണ്‌ ഇവർക്ക്‌ ആശ്രയം.   വാടക വർധനയും റിയൽ എസ്റ്റേറ്റ്‌ മാഫിയയുടെ ചൂഷണവും നിരവധിപേരെ ഭവനമില്ലാത്തവരാക്കിയെന്ന്‌ മോംസ്‌ ഫോർ ഹൗസിങ്‌ പറയുന്നു. വാക്കർ ബെർക്ലിയിൽ പുതിയ വീട്ട്‌ കണ്ടെത്തിയെങ്കിലും പാതിവഴിയിൽ മുടങ്ങിയ നേഴ്‌സിങ്‌ പഠനം പൂർത്തിയക്കണമെന്ന്‌ ആഗ്രഹിക്കുന്നു. ഒപ്പം ശബ്ദമില്ലാത്ത, ആശ്രയമില്ലാത്ത ലക്ഷക്കണക്കിനുപേരുടെ ശബ്ദമാകാനും. Read on deshabhimani.com

Related News