ഈ കത്തിന് പഴക്കം 63 വർഷം



മഹാകവി വള്ളത്തോൾ. ആധുനിക കവിത്രയത്തിലൊരാൾ, സാഹിത്യപ്രേമികളുടെ ആരാധനാപാത്രം, ശബ്ദസൗന്ദര്യംകൊണ്ടും സർഗാത്മകതകൊണ്ടും അനുഗൃഹീതൻ, എല്ലാത്തിലുമുപരി കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ. വള്ളത്തോൾ നാരായണ മേനോൻ എന്ന മലയാളത്തിന്റെ അഭിമാനത്തെ എത്ര പുകഴ്‌ത്തിയാലും അതു കുറഞ്ഞുതന്നെ നിൽക്കും. മാർച്ച്‌ 13ന്‌ അദ്ദേഹത്തിന്റെ 62–-ാം ചരമവാർഷികമാണ്‌. കഥകളിയോടുള്ള  കമ്പമാണ്‌ കലാമണ്ഡലമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേക്ക്‌ വള്ളത്തോളിനെ നയിച്ചത്‌. 1957ൽ ദേശാഭിമാനി പ്രഥമ മാനേജിങ് എഡിറ്ററും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന പി നാരായണൻ നായർക്ക് വള്ളത്തോൾ ഒരു കത്തയച്ചിരുന്നു. 63 വർഷം പഴക്കമുള്ള ആ കത്ത്‌ ഇന്നും ഒരാൾ സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നുകേട്ടാൽ അത്ഭുതം തോന്നിയേക്കാം. എന്നാൽ, അങ്ങനെയൊരാൾ ഉണ്ട്‌. നാരായണൻ നായരുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന ഇന്ദിരാ വാസുദേവമേനോന്റെ ശേഖരത്തിലാണ് ഈ കത്തുള്ളത്‌.   പ്രിയപ്പെട്ട ശ്രീ നാരായണൻ നായർ, എനിക്ക്‌ താങ്കളെ ധരിപ്പിക്കാനുള്ളത്‌ ഞാൻ മുക്കാലും പറഞ്ഞുകഴിഞ്ഞിരിക്കുന്നു എന്നായിരുന്നു ആ കത്തിന്റെ തുടക്കം-. കലാമണ്ഡലത്തിൽ അന്ന് ഉണ്ടായിരുന്ന ചില പ്രശ്നങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ എം എസിന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നതായിരുന്നു ആവശ്യം. കലാമണ്ഡലത്തിൽ വിദ്യാർഥികളുടെ അനാരോഗ്യത്തെ തുടർന്ന് പതിവുപോലെ പഠനം നടക്കുന്നില്ലെന്നും, ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്നും കത്തിൽ പറയുന്നു. സ്വഭാഷ അധ്യാപകനായി ചെറുകാടിനെ നിയമിക്കണമെന്നും മോഹിനിയാട്ടം അധ്യാപികയായി സത്യഭാമ ടീച്ചറെ നിയമിക്കുന്നതിന്‌ സർക്കാർ അനുമതി ആവശ്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്‌. ഓട്ടൻതുള്ളൽ പഠിപ്പിക്കാൻ ഒരു അധ്യാപക തസ്‌തിക അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രിയോട് പറയണമെന്നും വള്ളത്തോൾ തന്റെ അടുത്ത സുഹൃത്തായിരുന്ന നാരായണൻ നായർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. താങ്കളുടെ തിരിച്ചുവരവ്‌ കാത്തിരിക്കുന്നു എന്നുപറഞ്ഞാണ്‌ അദ്ദേഹം തന്റെ കത്ത്‌ അവസാനിപ്പിക്കുന്നത്‌. കലാമണ്ഡലത്തിന്റെ അഭിവൃദ്ധി വള്ളത്തോളിനെ സംബന്ധിച്ച്‌ പരമപ്രധാനമായിരുന്നെന്ന്‌ സൂചിപ്പിന്നു ഈ കത്ത്‌.-- Read on deshabhimani.com

Related News