കരി മായാത്ത അടുക്കളകൾ



അടുപ്പിലേക്ക്‌ കുനിഞ്ഞിരുന്ന്‌ തീയൂതുന്ന ഒരമ്മയുടെ വീഡിയോ വൈറലായിട്ട്‌ അധികനാളൊന്നും ആയിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒഡിഷയിലെ പുരി മണ്ഡലത്തിൽ മത്സരിച്ച ബിജെപി സ്ഥാനാർഥി ഡോ. സമ്പിത്‌ പത്രയ്‌ക്ക്‌  ‘ബൂമറാങ്‌’ ആയത്‌ ആ അടുപ്പും തീയൂതലുമാണ്‌. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ സമ്പിത്‌ പത്ര  കയറിയ വീടുകളിലൊന്ന്‌.  ദാരിദ്ര്യം പുകയുന്ന ആ വീട്ടിൽ നിലത്തിരുന്ന്‌ കുട്ടികൾക്കൊപ്പം ഭക്ഷണം പങ്കിട്ടു കഴിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചു. അത്‌ വോട്ടു കൊണ്ടുവരുമെന്ന്‌  ബിജെപി ദേശീയ വക്താവ്‌ കൂടിയായ ഡോ. പത്ര കരുതി. പക്ഷേ   വീഡിയോ എല്ലാം തുലച്ചു.  ഒരു ഗ്യാസ്‌കുറ്റി പോലുമില്ലാത്ത വീട്‌. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക്‌ സൗജന്യമായി പാചകവാതകം നൽകുമെന്ന്‌ കെട്ടിഘോഷിച്ച്‌ കൊണ്ടുവന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതി അമ്പേ പരാജയമാണെന്ന്‌ ആ വീട്ടിൽനിന്ന്‌ പകർത്തിയ വീഡിയോ സാക്ഷി പറഞ്ഞു. പത്ര അങ്ങനെ പുരിയിൽ പരാജയത്തിന്റെ പടുകുഴിയിലേക്ക്‌ സ്വയം എടുത്തുചാടി.   ഇന്ന്‌ അവസ്ഥ വീണ്ടും മാറി. തെരഞ്ഞടുപ്പ് കഴിഞ്ഞ്‌ പത്തുമാസം പിന്നിടുമ്പോൾ  തീയും പുകയുമേറ്റ്‌ കരിപുരണ്ട ജീവിതങ്ങൾ ഇന്ത്യാ മഹാരാജ്യത്ത്‌ ഏറുകയാണ്‌. ഈ വസ്‌തുത  മറ്റ്‌ രാജ്യങ്ങൾവരെ പറഞ്ഞു തുടങ്ങി.  പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതി വൻ പരാജയമാണെന്നാണ്‌ രാജ്യാന്തര പഠനത്തിന്റെ ഒരു റിപ്പോർട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. ക്യാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിലെ ഗവേഷകരുടേതാണ്‌ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ.  പാഴായ ലക്ഷ്യം 2019 ഓടെ ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകാൻ  ഉദ്ദേശിച്ച്‌  എൻഡിഎ സർക്കാർ തുടങ്ങിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന  (പിഎംയുവൈ) . ശുദ്ധമായ ഇന്ധനം,  മെച്ചപ്പെട്ട ജീവിതം,  സ്‌ത്രീകൾക്ക് അന്തസ്സ് എന്നതായിരുന്നു  പദ്ധതിയുടെ ആപ്തവാക്യം.  ഇപ്പോഴും രാജ്യത്തെ ഭൂരിഭാഗം വരുന്ന ദരിദ്ര വീടുകളിൽ പാചകത്തിനുപയോഗിക്കുന്നത്‌ വിറകും ചാണകവറളിയും തന്നെ.  വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മിക്ക വീടുകളിലും ഇപ്പോഴും അടുപ്പിൽ പുകയൂതുന്ന സ്‌ത്രീകൾ തന്നെയാണ്‌ കൂടുതൽ.  എന്നിട്ടും കേന്ദ്ര സർക്കാരിന്റെ കണ്ണിൽ  മാത്രം പദ്ധതി വൻ വിജയം. ഗ്യാസ്‌, പേരിന്‌ മാത്രം പദ്ധതി പ്രോത്സാഹിപ്പിക്കാൻ  മുന്നൊരുക്കങ്ങളോ മറ്റു ക്രമീകരണങ്ങളോ ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതായി വെളിപ്പെടുത്തുന്ന  ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിലെ ഗവേഷകരുടെ പഠനറിപ്പോർട്ട്‌ നേച്ചർ ജേണലിലാണ്‌ പ്രസിദ്ധീകരിച്ചത്‌.  കർണാടകയിലെ കൊപ്പൽ ജില്ലയിലെ  25,000 ‌ഓളം എൽപിജി ഉപയോക്താക്കളിലാണ്‌ പഠനം നടത്തിയത്‌. ഒരു ശരാശരി ഗ്രാമീണ കുടുംബത്തിൽ ഒരു വർഷം വേണ്ടത്‌ 14.2 കിലോയുടെ അഞ്ച്‌ സിലിണ്ടറുകളാണ്‌. എന്നാൽ കൊപ്പലിൽ  കുടുംബങ്ങൾ ശരാശരി രണ്ടോ അതിൽ കൂടുതലോ സിലിണ്ടറുകൾ ഉപയോഗിച്ചിട്ടില്ല.  ഉജ്വല പദ്ധതി ഉപയോക്താക്കളിൽ  45 ശതമാനം മാത്രമാണ്‌ അഞ്ചിൽ കൂടുതൽ സിലിണ്ടറുകൾ ഉപയോഗിച്ചതെന്നും പഠനം തെളിയിച്ചു.  പദ്ധതി അവതരിപ്പിച്ച ആദ്യ 40 മാസങ്ങളിൽ 80 കോടി പേരാണ്‌ ഗ്യാസ്‌ കണക്ഷനും സ്റ്റൗവും എടുത്തത്‌. എന്നാൽ കണക്ഷൻ എടുത്തു എന്നതുകൊണ്ടുമാത്രം പദ്ധതി വിജയിക്കില്ല. ഇവരിലൊരുംതന്നെ സ്ഥിരമായി എൽപിജി ഗ്യാസ്‌ ഉപയോഗിക്കുന്നില്ല. പൊതുജനാരോഗ്യം, പരിസ്ഥിതി, സാമൂഹ്യവികസനം തുടങ്ങിയ ഘടകങ്ങളെ പുകയുള്ള അടുപ്പുകൾ പ്രതികൂലമായി ബാധിക്കുമെന്ന്‌ ഗവേഷകർ പറയുന്നു. Read on deshabhimani.com

Related News