പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാട്‌



പ്രിയപ്പെട്ട ശൈലജ ടീച്ചർ, നിയമഭേദഗതി കൊണ്ടുവരണം. പ്രസവം നിർത്താനുള്ള തീരുമാനം സമ്പൂർണമായും സ്ത്രീകളുടേതാകണം. ഭർത്താവ് കൂടി ഒപ്പിടണം എന്ന പ്രാകൃത നിയമം എടുത്തുകളയണം. ഭർത്താവിന്റെ കൂടി താല്പര്യത്തോടെ പ്രസവം നിർത്തുന്നവരുടെ കാര്യത്തിൽ വാസക്ടമിക്ക് മുൻഗണന കൊടുക്കാനും അക്കാര്യം രണ്ട് പേരെയും അറിയിച്ചു അതവർക്ക് സമ്മതമല്ലെങ്കിൽ മാത്രം ട്യൂബക്ടമി ചെയ്യാവൂ എന്ന നിയമം കൊണ്ടുവരണം. ഇക്കാര്യം റെക്കോർഡ് ചെയ്യപ്പെടണം. കേരളത്തിൽ എത്ര പുരുഷന്മാർ അതിന് തയ്യാറാവും എന്നതിന് രേഖയുണ്ടാവട്ടെ. അബോർഷനും ഇത് ബാധകമാക്കണം. സ്ത്രീകളുടെ ശരീരത്തിൽ സ്ത്രീകൾക്ക് സ്വയം നിർണയാവകാശമില്ലാത്ത ഒരു പ്രാകൃതസമൂഹത്തിലാണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നത് എന്നത് എന്തൊരു നാണക്കേടാണ്!. സ്ത്രീകളുടെ നിശബ്ദസഹനം അവസാനിപ്പിക്കാനുള്ള സമയമായി. നിങ്ങൾ മന്ത്രി ആയിരിക്കുമ്പോൾ അല്ലെങ്കിൽ വേറെ എപ്പോഴാണ് അത് സാധ്യമാവുക. പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും.‘ഭർത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിർത്തിത്തരുമോ' എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്. ‘എനിക്കു വയ്യാതായി, അവരാരും സമ്മതിച്ചിട്ടതു നടക്കില്ല' എന്നാണത്രേ ആ ഇരുപത്തിനാലുകാരി കരഞ്ഞുപറഞ്ഞത്. ഭർത്താവിന്റെ ഒപ്പു വേണം പ്രസവം നിർത്താൻ. എപ്പോൾ പ്രസവിക്കണമെന്നും എപ്പോൾ പ്രസവം നിർത്തണമെന്നും സ്ത്രീകൾക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അവകാശബോധ്യങ്ങളുള്ള ഒരു സ്ത്രീയായതുകൊണ്ടു വേദനയോടെ പറയുകയാണ്, നമ്മൾ ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാകണം ടീച്ചർ. മദ്യപാനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായിൽ ആ ‘അത്ഭുതങ്ങൾ' ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. നാലു പെട്ടി ലാക്ടജനല്ല പരിഹാരം. വലിയ വിഷയങ്ങളാണതെല്ലാം. ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികളാവിഷ്കരിക്കണം. ഭരണത്തിൽ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണ്. കുറ്റവാളികളുമാണ്. കവികൾ ധർമ്മശാസ്ത്രക്കുറിമാനങ്ങൾ തെല്ലിട നിർത്തുക. മാതൃമാഹാത്മ്യം ഒത്തിരിയൊന്നും കവിതയിലാക്കണ്ട. പത്രങ്ങൾ കണ്ണീരും മുലപ്പാലും ചേർത്ത് വാർത്തകൾ ചാലിക്കയുമരുത്. ക്രൂരമാണതൊക്കെ. എസ്.ശാരദക്കുട്ടി 3. 12. 2019   Read on deshabhimani.com

Related News