പ്രതിരോധത്തിന്റെ ഇരട്ടപ്പഞ്ചുമായി ബ്ലാക്ക് ബെൽറ്റ് മിടുക്കികൾ



അസ്ലമയെയും അസ്ലഹയെയും കണ്ടാൽ തിരിച്ചറിയാൻ സുഹൃത്തുക്കൾക്ക് പോലും ബുദ്ധിമുട്ടാണ്. കാഴ്ചയിൽ മാത്രമല്ല,  'ഇടി' യിലും ഉണ്ട് അവരുടെ ആ 'ഇരട്ട' വീര്യം.   അതറിയണമെങ്കിൽ ഗോദയിലെ പ്രകടനം കാണണം. തൈക്വാൻഡോ മത്സരത്തിനായി കളത്തിലിറങ്ങിയാൽ പിന്നെ ക്വിക്കുകളും പഞ്ചുകളും കൊണ്ട് തീഗോളങ്ങൾ തീർത്താണ് ഈ ബ്ലാക്ക് ബെൽറ്റ് മിടുക്കികളുടെ മടക്കം.  മലപ്പുറം ജില്ലയിലെ കരിമ്പുഴ പാത്തിപ്പാറ സ്വദേശികളായ ജാഫർ ശരീഫിന്റെയും കമറുന്നീസയുടെയും മക്കളാണ് ഈ ഇരട്ടകൾ. അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണ് പെൺകുട്ടികൾ എന്ന് ചിന്തിക്കുന്ന ചുറ്റുപാടിലാണ് പ്രതിരോധത്തിന്റെ ബ്ലാക്ക് ബെൽറ്റുകളുമായി ഇവർ മുന്നേറുന്നത്.  ആദ്യം  പരിശീലനം തുടങ്ങിയപ്പോൾ കുടുംബത്തിനകത്തു നിന്നും നാട്ടുകാരിൽ നിന്നും മുറുമുറുപ്പകളും അസ്വാരസ്യങ്ങളും നേരിട്ടു. 'അടങ്ങി ഒതുങ്ങി ജീവിക്കേണ്ട പെൺകുട്ടികളെ  ആവശ്യമില്ലാത്തതൊക്കെ പഠിപ്പിക്കുന്നു, അതും ആളുകളെ  മെക്കിട്ട് കേറാനുള്ള അഭ്യാസം' എന്നായിരുന്നു ആക്ഷേപം. എന്നാൽ ഇതിനൊന്നും ചെവി കൊടുക്കാതെ  ഉമ്മയും ഉമ്മയുടെ ഉമ്മ മൈമൂനയും വളരേയേറെ താൽപര്യമെടുത്താണ്  പരിശീലനത്തിന് ചേർത്തതും  പിന്തുണ നൽകിയതും.  ചാമ്പ്യൻഷിപ്പുകളിൽ മലപ്പുറത്തിന്റെ ഉശിരുള്ള പെൺകുട്ടികളാവുന്ന ഇവരിലൂടെ ഇപ്പോൾ സമീപത്തെ നിരവധി പെൺകുട്ടികളും തൈക്വണ്ടോയിൽ പരിശീലനം നേടുന്നുണ്ട്. റഫറി ടെസ്റ്റും പരിശീലനത്തിനുള്ള ഇൻസ്ട്രക്ടർ ടെസ്റ്റും  ഇതിനകം വിജയിച്ചു മിടുക്കികൾ. തൈക്വണ്ടോ വിപുലമായ രീതിയിൽ പരിശീലിപ്പിക്കാൻ നാട്ടിൽ ഒരു ക്ലബ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് പഞ്ചായത്ത് തലത്തിൽ നടത്തിയ പരിശീലന ക്ലാസിൽ ഇരുവരും പങ്കെടുത്തത്. കാഴ്ചയിലെ സാമ്യത പോലെ തൈക്വാണ്ടോ  തുടർന്ന് പഠിക്കാനും ഇരുവർക്കും ഒരേ ആഗ്രഹം. വീട്ടുകാരുടെ സമ്മതം കൂടി ആയപ്പോൾ ഏഴാം ക്ലാസ് മുതൽ സമീപത്തെ ക്ലബിൽ പരിശീലനത്തിന് പോയി. അയൽവാസികളെയും ബന്ധുക്കളെയൊന്നും ആദ്യം അറിയിച്ചില്ല. മത്സരങ്ങളിൽ ജേതാക്കളായി പത്രങ്ങളിൽ വാർത്ത വരാൻ തുടങ്ങിയതോടെയാണ് എല്ലാവരും അറിഞ്ഞു തുടങ്ങിയത്. പരിശീലനം തുടങ്ങിയത് മുതൽ െതൈക്വണ്ടോ ചാമ്പ്യൻഷിപ്പിന് പങ്കെടുക്കുന്നുണ്ട്. എല്ലാ വർഷവും ജില്ലാ തലത്തിൽ വിവിധ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാറുണ്ട്. സംസ്ഥാന തലത്തിൽ കഴിഞ്ഞ തവണ അസ്ലമ നാലാം സ്ഥാനം നേടി. യാത്രയിലും മറ്റും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടത്താൻ ശ്രമിക്കുന്നവരെ ധൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം ഇപ്പോൾ കൈവന്നതായി ഇരുവരും പറയുന്നു.  അതോടൊപ്പം ഏത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാനസികവും ശാരീരികവുമായ ഉണർവും ആർജ്ജിക്കാനായി. ഒറ്റയ്ക്ക് രാത്രിയിൽ പോലും യാത്ര ചെയ്യാനുള്ള ധൈര്യം കൂടെയുണ്ട്. സ്ത്രീകളുടെ മാനസിക ശാരീരിക ശക്തിക്കും പ്രതിരോധത്തിനും ഇത്തരം കായികാഭ്യാസത്തിൽ പരിശീലനം നേടേണ്ടത് അനിവാര്യമാണെന്ന് ഇരുവരും ഓർമിപ്പിക്കുന്നു. ഇപ്പോൾ സമീപത്തുള്ള പത്തോളം കുട്ടികൾക്ക് തൈക്വണ്ടോ പരിശീലനം നൽകുന്നുണ്ട് ഇരുവരും. എടക്കര ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ്ടു പൂർത്തീകരിച്ച ഇവർ തൈക്വാണ്ടോയ്ക്കൊപ്പം പഠനവും തുടരും. സഹോദരൻ ജാഫർ ഷറീഫിന്റെ പ്രോത്സാഹനവും ഇവർക്കുണ്ട്. Read on deshabhimani.com

Related News