വിശ്വാസങ്ങളെ പുനർനിർവചിക്കാനും സ്വാതന്ത്ര്യം വേണം



ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിശ്വാസസ്വാതന്ത്ര്യമെന്നാൽ, ഏതെങ്കിലും ഒരു വ്യവസ്ഥാപിത വിശ്വാസരീതിയെ അതേപടി പിന്തുടരാൻ ഉള്ള സ്വാതന്ത്ര്യം മാത്രമല്ല.  വിശ്വാസങ്ങളെ സ്വീകരിക്കുമ്പോൾ തന്നെ അവയെ  പുനർനിർവചിക്കാനും ഉള്ള സ്വാതന്ത്ര്യമാണ്. സ്ത്രീകൾക്കോ മറ്റേതെങ്കിലും വിഭാഗത്തിനോ അധമത്വം  കല്പിക്കുന്ന ഏതു വിശ്വാസവും ഏത് ആചാരവും എതിർക്കപ്പെടേണ്ടതാണ്. ശബരിമലയിലേക്ക് പോകുന്നത് തന്റെ വിശാസത്തിന് വിരുദ്ധമാണെന്ന് കരുതുന്ന ഒരു യുവതി അങ്ങോട്ട്‌ പോകേണ്ടതില്ല. എന്നാൽ തനിക്ക് കൂടി പ്രവേശിക്കാവുന്ന ഒരിടമായി വിശ്വാസിയായ ഒരു യുവതി ശബരിമലയെ നിർവചിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണ്. ശബരിമലയിലേക്ക് വരാൻ മുതിരുന്ന  യുവതികൾ ഒരിക്കലും യഥാർത്ഥ വിശ്വാസികൾ ആയിരിക്കില്ല എന്ന് വാദിക്കുന്നവരോട് ചോദിക്കാനുള്ളത്‐ അവിടെ വരുന്ന എല്ലാ പുരുഷന്മാരും അമ്പതു കഴിഞ്ഞ സ്ത്രീകളും തികഞ്ഞ വിശ്വാസികളാണെന്ന് തെളിയിക്കാൻ എന്തെങ്കിലും മാർഗം നിലവിലുണ്ടോ, അങ്ങനെ തെളിയിച്ചിട്ടാണോ അവരെ പ്രവേശിപ്പിക്കുന്നത്? മതപരമോ അല്ലാത്തതോ ആയ ഏതു വിശ്വാസവും അതാതു കാലഘട്ടത്തിന്റെ  അവബോധങ്ങളോട് ആർജവത്തോടെ സംവദിക്കേണ്ടതുണ്ട്.  അശുദ്ധി എന്നാൽ അധമത്വമാണ്. Read on deshabhimani.com

Related News