‘എക്രോസ്‌ ദ ഓഷ്യൻ’ ... ചിറകുവിരിച്ച പെൺസ്വപ്‌നങ്ങൾ



തൃശൂർ> ഇരുഭൂഖണ്ഡങ്ങളിൽ നിന്ന്‌ രണ്ടു വനിതകൾ ഒരുക്കിയ സിനിമ ‘എക്രോസ്‌ ദ ഓഷ്യൻ’ തൃശൂർ അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ ഞായറാഴ്‌ച ശ്രദ്ധേയമായി. തൃശൂർ സ്വദേശിനി ഉമ കുമരപുരവും  കാലിഫോർണിയയിൽനിന്ന്‌ നിക്കോൾ ഡൊനാഡിയോയും ചേർന്നാണ്‌ 82 മിനിറ്റ്‌ ദൈർഘ്യമുള്ള ചിത്രം ഒരുക്കിയത്‌.  ഒരേ മനസ്സുള്ള ഉമയും നിക്കോളും ഓൺലൈനിലാണ്‌ കണ്ടുമുട്ടുന്നത്‌. രണ്ടുവർഷം നീണ്ട ആശയവിനിമയത്തിലൂടെയാണ്‌ സിനിമ രൂപപ്പെട്ടത്‌. 20 തവണ തിരക്കഥ മാറ്റിയെഴുതി. ആത്യന്തികമായി ചിറകുകൾ വിരിക്കുന്ന പെണ്ണിനെക്കുറിച്ചുതന്നെയാണ്‌ സിനിമ. ലോകത്തിന്റെ രണ്ടറ്റത്തിരുന്ന്‌ പരസ്‌പരം നേരിൽ കണ്ടിട്ടില്ലാത്ത രണ്ടുപേർ ഒരുക്കി, കേരളത്തിലും കാലിഫോർണിയയിലും ഒരേ സമയം രണ്ടു സാങ്കേതികസംഘം പകർത്തിയതാണ്‌ സിനിമ. ഏറ്റവും പുതിയ സാങ്കേതികതകൾ ഉപയോഗിച്ച്‌ എഡിറ്റിങ്‌. പണം കണ്ടെത്തിയതാകട്ടെ സോഷ്യൽ ഫണ്ടിങ്‌ വഴി.    മലയാളത്തിലും ബോളിവുഡിലുമുൾപ്പെടെ സാന്നിധ്യമുറപ്പിച്ചുകൊണ്ടിരിക്കുന്ന ഛായാഗ്രാഹകകൂടിയാണ്‌ ഉമ കുമരപുരം. ലോസ്‌ ഏഞ്ചൽസുകാരിയായ നിക്കോൾ ഡൊനാഡിയോ എഴുത്തുകാരിയും സിനിമാസംവിധായകയുമാണ്‌. മലയാളത്തിലും ഇംഗ്ലീഷിലുമാണ്‌ സിനിമയിലെ സംഭാഷണങ്ങൾ.   ഇന്ത്യയിൽ ജീവിക്കാൻ കൊതിക്കുന്ന ഹോളി എന്ന കാലിഫോർണിയക്കാരി ബിസിനസ്‌ എക്‌സിക്യുട്ടീവും അമേരിക്കയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന കൊച്ചിക്കാരി  സോഫ്‌റ്റ്‌വെയർ എൻജിനിയർ നിളയുമാണ്‌ കഥാപാത്രങ്ങൾ.  ചിക്കാഗോ ഫെസ്‌റ്റിവൽ ഉൾപ്പെടെ ലോകത്തിലെ നിരവധി ഫെസ്‌റ്റിവലുകളിൽ ഇതിനകം സിനിമ ഇടം നേടി. ഒട്ടേറെ പുരസ്‌കാരങ്ങളും നേടി. Read on deshabhimani.com

Related News