ഇനി വെറും നീനയല്ല; അഡ്വ. കെ ജി നീന



കൊച്ചി > പത്താം ക്ലാസിൽ മുടങ്ങിയ പഠനം തുടർന്നത്‌ പതിനഞ്ചു വർഷത്തിനുശേഷം. തുല്യതാ പരീക്ഷയിലൂടെ എസ്‌എസ്‌എൽസി ജയം. ഒമ്പതു വർഷത്തിനുശേഷം ഈ നാൽപ്പത്തിരണ്ടുകാരി  സ്വപ്‌ന സാക്ഷാത്‌കാരമായ പുതിയ വേഷത്തിലേക്ക്‌. ഇനി വെറും നീനയല്ല; അഡ്വ. കെ ജി നീന. വ​ടു​ത​ല ക​ണ്ണാ​ട്ടു​വീ​ട്ടി​ൽ ജോ​ർ​ജിന്റെയും ഫ്ലോ​റി​യു​ടെ​യും മ​ക​ളാണ്‌ നീന. പഠനത്തിൽ ഒന്നാമതായിരുന്നു. ജീവിതം മാറ്റിമറിച്ച പ്രണയവും വിവാഹവും നീനയുടെ പഠനത്തിന്‌ പത്താം ക്ലാസിൽ തിരശ്ശീലയിട്ടു. താമസിയാതെ അർജുന്റെയും ആതിരയുടെയും അമ്മയായി. കുട്ടികൾ വലുതായപ്പോഴാണ്‌ ജോലിയില്ലെന്ന വിഷമം അലട്ടിയത്‌. അവരുടെ പഠനം മുടങ്ങാതിരിക്കാൻ നാലര വർഷത്തോളം മരക്കടയിലും പിന്നീട്‌ റിസപ്‌ഷനിസ്റ്റായും ജോലിചെയ്തു. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനം തെറ്റായി എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. ഒത്തുപോകാൻ കഴിയാത്തതിനാൽ ഭർത്താവുമായി പിരിഞ്ഞു. സഹോദരന്റെ ഭാര്യയാണ്‌ എറണാകുളത്ത്‌ അഡ്വ. ഡെന്നി ജോസഫിന്റെ ഓഫീസിൽ ടൈപ്പിസ്റ്റ്‌ ഒഴിവിലേക്ക്‌ അപേക്ഷിക്കാൻ പറഞ്ഞത്‌. അവിടെ ജോലി ചെയ്യുന്നതിനിടെ പഠിക്കണമെന്ന ആഗ്രഹം തുടങ്ങി. സാക്ഷരതാ പ്രേരക്‌ എൻ പി റാണിയാണ്‌ സാക്ഷരതാ മിഷന്റെ പത്താം ക്ലാസ്‌ തുല്യതാ കോഴ്‌സിൽ ചേർത്തത്‌. ജോലിക്കൊപ്പം ഞായറാഴ്‌ചകളിൽ ക്ലാസിനു പോയി 2010ൽ 405 മാർക്ക്‌ നേടി ചരിത്രം കുറിച്ചു. പ്ലസ്‌ടു ഓപ്പൺ സ്കൂളിലാണ്‌ പൂർത്തിയാക്കിയത്‌. ജോലിക്കിടെയാണ്‌ വക്കീലാകാൻ ആഗ്രഹം മുളപൊട്ടിയത്‌. പ്രവേശനപരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നതിനിടെ പഞ്ചവത്സര എൽഎൽബിക്ക്‌ 22 വയസ്സ്‌ എന്ന പ്രായപരിധി വന്നു. എന്നിട്ടും തളരാതെ അതിനെതിരെ അപ്പീൽ കൊടുത്തു അനുകൂലവിധി നേടി. 155–-ാം റാങ്കോടെ ജയിച്ച്‌ എറണാകുളം ലോ കോളേജിൽ പ്രവേശനം നേടി. 15ന്‌  എൻറോൾ ചെയ്യുന്നതോടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്‌ യാഥാർഥ്യമാകുന്നതെന്ന്‌ നീന പറഞ്ഞു. Read on deshabhimani.com

Related News