ഉയരെ, ഉയരെ... മുത്തശ്ശി പൈലറ്റ്



വർഷങ്ങൾക്കുശേഷം വിമാനത്തിന്റെ കോക്പിറ്റിലിരിക്കുമ്പോൾ പേടി തോന്നിയില്ല മിർത ഗേജിന്. പാർക്കിൻസൺസ്‌ രോഗം കീഴടക്കിയെങ്കിലും ആ  എൺപത്തിനാലുകാരിയുടെ കൈകൾ വിറച്ചില്ല. ആത്മവിശ്വാസത്തോടെ അവർ വിമാനം പറത്തി. കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ താരമാണ് ഈ മുൻ അമേരിക്കൻ  പൈലറ്റ്‌.  പാർക്കിൻസൺസ്‌ പിടികൂടിയതോടെ താൻ ചെയ്‌തിരുന്ന ജോലി ഒരിക്കൽക്കൂടി ചെയ്യണമെന്ന്‌ മിർതയ്‌ക്ക്‌ വലിയ മോഹം. രോഗം ജീവിതതാളം തെറ്റിച്ചെങ്കിലും അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മക്കൾ തീരുമാനിച്ചു. അങ്ങനെയാണ് മിർതയുടെ മകൻ ഏൾ ഗേജ്, കോഡി മാറ്റിയല്ലോ എന്ന പൈലറ്റിനെ കണ്ടെത്തുന്നത്. മിർതയുടെ ആഗ്രഹമറിഞ്ഞ മാറ്റിയല്ലോ സഹായിക്കാമെന്നേറ്റു. മിർതയെയും ഏളിനെയുംകൊണ്ട് അമേരിക്കയിലെ വിന്നിപിസ്യുക്കി തടാകത്തിന് മുകളിലൂടെയും കീർസാജ് കൊടുമുടിക്ക് മുകളിലൂടെയും വിമാനം പറത്തി. വിമാനം പൊങ്ങി മുകളിലെത്തിയപ്പോൾ  നിയന്ത്രണം മിർത ഗേജിന് കൈമാറി. മിർതയുടെ ആഗ്രഹത്തിന് മുന്നിൽ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ തോറ്റു. കൈവിറയ്‌ക്കാതെ  വിമാനം പറത്തി. ചെറുപ്പത്തിലെ അതേ ചുറുചുറുക്കോടെ. ശരിക്കും പ്രായം ഒരു സംഖ്യ മാത്രമായി മാറുന്ന കാഴ്‌ച. മകൻ ഏൾ പുറകിലിരുന്ന് അമ്മയെ പ്രോത്സാഹിപ്പിച്ചു. മാറ്റിയല്ലോയാണ് മിർത ഗേജ് വിമാനം പറത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം അവ വൈറലായി.  ഇൻഷുറൻസിന്റെ പ്രശ്നങ്ങളുള്ളതിനാൽ പരിശീലന കേന്ദ്രങ്ങളിൽ വിമാനം പറത്താനാകില്ല. അതിനാൽ മിർതയുടെ ആഗ്രഹം സാധിച്ചു നൽകാനായതിലുള്ള സന്തോഷവും മാറ്റിയല്ലോ പങ്കുവച്ചു. sreelakshmis473@gmail.com Read on deshabhimani.com

Related News