2018: മീടൂ വർഷം



എന്നെങ്കിലും നിങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ‘മീടൂ’ എന്ന് സ്റ്റാറ്റസിടുക. നമുക്കീ ലോകത്തെ അറിയിക്കണം, എത്രമാത്രം വ്യാപിച്ചിരിക്കുകയാണ് ഈ പ്രശ്നമെന്ന്...’ ഹോളിവുഡ് നടി അലീസ മിലാനോയുടെ ഈ ട്വീറ്റ് 2017 ൽ ആണ‌് പുറത്തു വരുന്നത‌്. കൃത്യം ഒരുവർഷത്തിനുശേഷം ഇന്ത്യൻ ചലച്ചിത്രരംഗവും  മീ ടുവിന്റെ ചൂടറിഞ്ഞു.  അന്താരാഷ്ട്രതലത്തിലെ മീടൂ തുറന്നു പറച്ചിലുകൾ ഇന്ത്യയിലും   ജോലിയിടത്തെ ചൂഷണങ്ങൾ തുറന്നുപറയാൻ സ്ത്രീകൾക്ക‌് കരുത്തു നൽകി. ഒന്നിനു പിറകേ ഒന്നായി നിരവധി സ്ത്രീകളാണ‌് തങ്ങൾക്ക‌് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത‌്. പുരുഷന്മാരിൽ നിന്നും മാത്രമല്ല സഹപ്രവർത്തകരായ സ്ത്രീകളിൽ നിന്നുപോലും മോശമായ അനുഭവങ്ങളുണ്ടായി എന്നത‌് ഇന്ത്യൻസിനിമാ ലോകം ഞെട്ടലോടെയാണ‌് കേട്ടത‌്.  ബോളിവുഡിൽ നിന്നും തെലുങ്ക‌്, കന്നട , തമിഴ‌് , സിനിമാ രംഗത്തും മീടൂവിന്റെ ശക്തമായ പ്രതിഫലനങ്ങളുണ്ടായി.  2008 ൽ സിനിമാ സൈറ്റിൽ നാനാ പടേക്കർ മോശമായി പെരുമാറി എന്ന‌ തനുശ്രീ  ദത്തയുടെ വെളിപ്പെടുത്തലോടെയാണ‌് സിനിമാ മേഖലയിൽ ചൂഷണങ്ങളും അവഹേളനങ്ങളും തുറന്നു പറയാൻ മടിച്ച പലർക്കും ധൈര്യം കൈവന്നത‌്. തുടർന്ന‌്  അലോക‌് നാഥ‌്,  ഗൗരംഗ‌് ദോഷി, വിവേക‌് അഗ്നിഹോത്രി,  വികാസ‌് ബാഹ്ൽ, ഉത്സവ‌് ചക്രബർത്തി, ചേതൻ ഭഗത‌്, രജത‌് കപൂർ, കൈലാഷ‌് ഖേർ, അഥിതി മിത്തൽ, രഘു ദീക്ഷിത‌് എന്നിവർക്കെതിരായി ആരോപണങ്ങളുയർന്നു. ജൂനിയർ താരങ്ങൾ മുതൽ കങ്കണ റണൗട്ട‌്, നയനി ദീക്ഷിത‌് ഉൾപ്പെടെയുള്ളവർ തങ്ങൾക്ക‌് നേരിടേണ്ടി വന്ന അതിക്രമങ്ങൾ അക്കമിട്ട‌് നിരത്തി. തെലുങ്കിൽ ശ്രീറെഡ്ഡി നിരവധി മുൻനിര സിനിമാ താരങ്ങൾക്കെതിരായ ആരോപണങ്ങളുമായി രംഗത്തെത്തി. തമിഴിൽ ഗായിക ചിന്മയിയും മീടൂവുമായി രംഗത്തുവന്നു.  മലയാളത്തിലും അതിന്റെ അലയൊലികളുണ്ടായി. തൊഴിലിടത്ത‌് നേരിടുന്ന അതിക്രമങ്ങളെ തുടർന്നും തുറന്നുപറയാൻ  ധൈര്യം  നൽകി എന്നതാണ‌്  മീടൂ ഇന്ത്യൻ സിനിമയിൽ വരുത്തിയ  പരിവർത്തനം. Read on deshabhimani.com

Related News