കളിവിളക്കകലെ; കവിത അരികെ



മഹാമാരിക്കാലത്ത്‌ കളിവിളക്ക്‌ തെളിഞ്ഞില്ലെങ്കിലും കഥകളിയാചാര്യന്‌  വെറുതെയിരിക്കാനായില്ല. മനസ്സിൽ തെളിഞ്ഞ അഭിനയ മുഹൂർത്തങ്ങൾ കവിതകളായി പിറന്നു. ആ കവിതകളാകട്ടെ മോഹിനിയാട്ടത്തിന്റെ ലാസ്യഭാവങ്ങളായും വിരിഞ്ഞു. ഗോപിയാശാന്റെ ആദ്യ കവിത ‘അമ്മ' യാണ്  മോഹിനിയാട്ടം കലാകാരി  മിനി ബാനർജി നൃത്തച്ചുവടുകളാക്കിയത്. ഗോപിയാശാന്റെ  കഥകളി വേഷമെല്ലാം നേരിൽക്കണ്ട്‌ ഹൃദയത്തിൽ സൂക്ഷിക്കുന്ന നർത്തകി  മിനി ബാനർജി, അദ്ദേഹത്തിന്റെ കവിതകളും ഹൃദയത്തോടു ചേർത്ത്‌  നൃത്തച്ചുവടുകളായി മാറ്റുകയായിരുന്നു. കലാമണ്ഡലം ഗോപിയുടെ അമ്മയെന്ന ആദ്യ കവിതാസമാഹാരത്തിലെ  അമ്മയെന്ന കവിതയുൾപ്പടെ മൂന്നു കവിതയാണ്‌ മോഹിനിയാട്ടമാക്കി ചിട്ടപ്പെടുത്തിയത്‌.  ‘കഷ്ടമെൻ മാതാവാട്ടെ.. കുട്ടിയാമ്മെന്നെ വിട്ടു... പെട്ടെന്ന്‌ മറഞ്ഞുപോയ്‌... പട്ടടയ്‌ക്കുള്ളിൽ കഷ്ടം..’ എന്നുതുടങ്ങുന്ന കവിതയിൽ  ബാല്യത്തിൽ അമ്മ വേർപെട്ടതിന്റെ വേദനകളാണ്‌ ആശാൻ പങ്കുവയ്‌ക്കുന്നത്‌. ഈ കവിത മനോഹരമായി  മോഹിനിയാട്ടമാക്കി ചിട്ടപ്പെടുത്തി. വ്യാകുല നായിക, അമ്മേ ശരണം തുടങ്ങി  കവിതകളും നൃത്തരൂപമാക്കി മാറ്റി.  ഒന്നരവർഷത്തെ അധ്വാനമാണത്‌. ആശാൻ  തന്റെ ആദ്യകവിതയായ അമ്മ എഴുതിയശേഷം അഭിപ്രായം തേടിയത്‌ മിനിയോടും  മിനിയുടെ  ഭർത്താവും  സംസ്‌കൃത അധ്യാപകനുമായ ബാനർജിയോടുമായിരുന്നു.  പിന്നീട്‌ പുസ്‌തകമാക്കാനും  മിനി സഹായിച്ചു. പുസ്‌തകപ്രകാശന ചടങ്ങിൽ കവിതകൾ മോഹിനിയാട്ടമാക്കി അവതരിപ്പിക്കാനുള്ള മിനിയുടെ ആഗ്രഹത്തിനും  ഗോപിയാശാൻ അനുവാദം നൽകി. കലാമണ്ഡലം കൂത്തമ്പലത്തിലായിരുന്നു അവതരണം. കലാമണ്ഡലം സുഗന്ധിയാണ് മോഹിനിയാട്ടത്തിലെ ഗുരു. കലാമണ്ഡലം സുഗന്ധിയാണ്‌ കവിതകളെ നൃത്തമാക്കി ചിട്ടപ്പെടുത്തിയത്‌.   ഗോപി ആശാന്റെ കവിതകളുടെ ഭാവവും താളവും അഭിനയസാധ്യതയുമാണ്‌ മോഹിനിയാട്ടരൂപേണ അവതരിപ്പിക്കാൻ പ്രേരകമായതെന്ന്‌ മിനി ബാനർജി പറയുന്നു. തന്നെയുമല്ല ആശാന്റെ കവിതകളെല്ലാം വായിച്ചു മനസ്സിലാക്കി പകർത്തിക്കൊടുക്കാനും കഴിഞ്ഞു. കലാമണ്ഡലത്തിലെ അരങ്ങേറ്റത്തെക്കുറിച്ചും കോവിഡ് തുടങ്ങിയ കാലത്തെ ദുരിതവുമെല്ലാം കവിതയായി പിറന്നു.  പല കവിതയിലും കഥകളി നിറഞ്ഞുനിൽക്കുന്നു.    വ്യാഴവട്ടത്തിലേറെയായി ഗോപി ആശാന്റെ ഒന്നോ രണ്ടോ വേഷമൊഴികെ എല്ലാം കണ്ടിട്ടുണ്ട്. ആശാന്റെ 10 പച്ചവേഷങ്ങളുടെ മനോധർമ ആട്ടങ്ങൾ പത്തനംതിട്ട കഥകളി ക്ലബ്ബിന്റെ വാട്‌സാപ്‌ ഗ്രൂപ്പിൽ എഴുതിക്കൊണ്ടിരിക്കുകയാണ്‌. തീർന്നാലുടൻ പുസ്‌തകമാക്കണം.   ആശാന്റെ വേഷങ്ങളുടെ വിശേഷതയെക്കുറിച്ച്  ഗവേഷണം കേരളകലാമണ്ഡലത്തിൽ നടത്തണമെന്നും ആഗ്രഹമുണ്ടെന്നും മിനി പറഞ്ഞു. ചെറുപ്പത്തിൽത്തന്നെ ഭരതനാട്യം, കഥകളി തുടങ്ങിയവ അഭ്യസിച്ച മിനി വിവിധ വേദിയിൽ അവ അവതരിപ്പിച്ചിട്ടുണ്ട്‌. തൃപ്പൂണിത്തുറയിലാണ്‌ താമസം. എളമക്കര ഭവൻസ് വിദ്യാ മന്ദിറിലെ ഗണിതശാസ്ത്ര വിഭാഗം മേധാവിയാണ്‌. അഡ്വ. ശ്രീമുകുന്ദ് മകനാണ്‌. premachandranca@gmail.com Read on deshabhimani.com

Related News