പൂട്ടിയിട്ടാണോ സുരക്ഷ ഉറപ്പാക്കുക?... കീർത്തി പ്രഭ എഴുതുന്നു



വ്യക്തികൾ സുരക്ഷിതരായിരിക്കാൻ അടച്ചു പൂട്ടിയിരിക്കണം എന്ന് പറയുന്നത് ഈ നാട്ടിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ മറ്റൊരു മാർഗങ്ങളും സ്വീകരിക്കാൻ പോകുന്നില്ല എന്ന് വിളിച്ചു പറയുന്നതിന് തുല്യമല്ലേ. പ്രശ്നം എന്തായാലും ലേഡീസ് ഹോസ്റ്റൽ പത്തു മണിക്ക് അടക്കലും പെൺകുട്ടികളെ ഒതുക്കി ഇരുത്തലും മാത്രം പരിഹാര മാർഗമായി  തെളിഞ്ഞു വരുന്നതിന് കാരണമെന്താണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾക്ക് 10 മണിക്ക് ശേഷം പുറത്തിറങ്ങാൻ അനുവാദം വേണമെന്ന സമരമാണ്  ശ്രദ്ധാ കേന്ദ്രം. അവിടെ രാത്രി വൈകി പെൺകുട്ടികളെ ബൈക്കിൽ കൊണ്ടുവിടുന്നത് കാണാറുണ്ടെന്നും ഇങ്ങനെ വിട്ടാൽ പെൺകുട്ടികളെ  ഗർഭിണികളായി കാണാമെന്നും ആണ് കമന്റുകൾ. പെൺകുട്ടികൾ മാത്രം പുറത്തിറങ്ങിയാലോ ആൺകുട്ടികൾ മാത്രം പുറത്തിറങ്ങിയാലോ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണോ പറയുന്നത്. ഇരുകൂട്ടരും പുറത്തിറങ്ങുമ്പോൾ ആണ് പ്രശ്നം മുഴുവൻ. ആ പ്രശ്നം ഒഴിവാക്കാൻ ഏതെങ്കിലും ഒരു കൂട്ടരെ അടച്ചിടുക. എങ്ങനെ ടോസ് ഇട്ടാലും അടച്ചു പൂട്ടൽ നറുക്ക് വീഴുന്നത് പെൺകുട്ടികൾക്കാണ്. സത്യത്തിൽ ആർക്കാണ് പ്രശ്നം. പ്രായപൂർത്തിയായ വ്യക്തികളുടെ ഭരണഘടന അനുവദിച്ചു കൊടുക്കുന്ന അവകാശങ്ങൾക്കു മേൽ കൈ കടത്തുന്നതാണ് പ്രശ്നം. സ്നേഹം, "സദാചാര ബോധം' തുടങ്ങി നിരവധി കാരണങ്ങളാൽ നമ്മൾ ആ അവകാശങ്ങളിൽ കൈകടത്തുന്നുണ്ട് എന്ന് അറിയാതെ പോകുന്നതാണ് പ്രശ്നം. അതല്ല സുരക്ഷയാണ് നിങ്ങളുടെ ആശങ്ക  എങ്കിൽ വ്യക്തികളെ പൂട്ടിയിടുക എന്നത് ഒരിക്കലും ഒരു പരിഹാരമാർഗമേ അല്ല, നീതിയും അല്ല. വ്യക്തികൾക്ക് സുരക്ഷിതരായി ഇറങ്ങി നടക്കാനുള്ള സംവിധാനങ്ങൾ കർശനമായി നടപ്പിലാക്കുക. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ നിയന്ത്രിക്കുക, ശിക്ഷിക്കുക. ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നത് മാറി ശരിയായതും നീതിയുക്തവുമായ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് എന്ത് സാമൂഹ്യബോധമാണ് നമ്മെ പിന്നോട്ട് വലിക്കുന്നത്. മുഴുവൻ വ്യക്തികളുടെയും സംരക്ഷണവും  അവകാശങ്ങളും ഉറപ്പാക്കുന്ന നടപടികളിലേക്ക് നമ്മുടെ ചിന്തകൾക്ക് എന്തുകൊണ്ടാണ് പോകാൻ കഴിയാത്തത്. കൂട്ടായ സുരക്ഷയ്ക്ക് തന്നെയാണ് ഇനിയങ്ങോട്ട് പ്രാധാന്യം കൊടുക്കേണ്ടത്. എല്ലാവരും മനുഷ്യരാണ്. 1947 ആഗസ്റ്റ് 15 ന് എല്ലാവർക്കും സ്വാതന്ത്ര്യം ലഭിച്ചതും ആണ്. പെണ്ണ് പുറത്തിറങ്ങുന്നു എന്ന് കേൾക്കുമ്പോൾ പ്രസവം എന്ന് മാത്രം ചിന്ത പോകുന്നവർ ഈ ലോകത്ത് ആരെയൊക്കെയാണ് വ്യക്തികൾ ആയി കണക്കാക്കിയിട്ടുള്ളത്. കേരളത്തിൽ മാത്രമാണോ ഈ അടക്കി ഒതുക്കിപ്പിടിക്കൽ ഇത്ര അപകടകാരമായിട്ടുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിൽ, ഇന്ത്യക്ക് പുറത്ത് ഇത്രയും സദാചാരബോധം പേറുന്നൊരു സമൂഹം ഉണ്ടാവുമെന്ന് തോന്നുന്നില്ല. മൂടിവെക്കുന്തോറും അറിയാനുള്ള ത്വര കൂടുമെന്നപോലെ എത്രയേറെ നമ്മൾ അവരുടെ ആസ്വാദന സ്വാതന്ത്യത്തെ പിടിച്ചു വെക്കാൻ നോക്കുന്നോ അതിനേക്കാളേറെ അവർ പറന്നു നടക്കാൻ കൊതിക്കും. ആൺ പെൺ വ്യത്യാസമില്ലാതെ നമ്മുടെ മക്കൾ ജോലിക്കും പഠനത്തിനുമൊക്കെ പുറം നാടുകളിലേക്ക് പോവാൻ ആഗ്രഹിക്കുന്നത് ഒരുപക്ഷെ സകലതിനോടും ഇത്രയും നിരാശയും കണ്ണുകടിയും ബാധിച്ച ഒരു സമൂഹത്തിൽ നിന്നും രക്ഷപ്പെടാനാവും. കഴിഞ്ഞ നൂറ്റാണ്ടിൽ പോലും കേരളത്തിന് പുറത്തുള്ള ഐഐടി ഉൾപ്പെടെയുള്ള ക്യാമ്പസുകളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും  ഹോസ്റ്റലുകളിൽ ഇത്തരം നിരോധനങ്ങൾ ഉണ്ടായിരുന്നില്ല എന്ന് ചിലരുടെ അനുഭവ എഴുത്തുകളിൽ കണ്ടു. ഇവിടെ ഇപ്പോഴും നിരോധനങ്ങൾക്കെതിരെ സമരം ചെയ്യേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നില്ലേ. ഇതിനെതിരെ സർക്കാർ ഇടപെടലുകൾ അത്യാവശ്യമാണ്. പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പെൺകുട്ടികളെ നിയന്ത്രിക്കുന്നതാണ് എളുപ്പം എന്ന തോന്നലുകളുടെയെല്ലാം മുഖമടച്ചു പ്രഹരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ. ഇതിന് സമരം ചെയ്തില്ലെങ്കിൽ ഇനിയങ്ങോട്ട് പെൺകുട്ടികൾ പഠിക്കാൻ പോകുന്നതും ഹോസ്റ്റലിൽ താമസിക്കുന്നതും ജോലിക്ക് പോകുന്നതും എല്ലാം അവർക്ക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും, അല്ലെങ്കിൽ നിങ്ങളുടെ വികലമായ  സദാചാരബോധങ്ങൾക്ക് പൊള്ളലേൽക്കും എന്ന് കരുതി നിങ്ങളെല്ലാം ചേർന്ന്  പരിഹാരമാർഗങ്ങളെന്ന പേരിൽ ചുരത്തുന്ന നന്മയുടെ പടുകുഴിയിൽ വീണ് അവരങ്ങില്ലാതായിപ്പോകും.   Read on deshabhimani.com

Related News