അണയാത്ത വെളിച്ചം



സമകാലിക ഉറുദു സാഹിത്യത്തിലെ ധീരതയുടെയും നിർഭയത്വത്തിന്റെയും  ശബ്ദമായി വിശേഷിപ്പിക്കപ്പെട്ട  ഫഹ് മിദ  റിയാസ് ഇനി ഓര്‍മ.  പാകിസ്ഥാനിലെ പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീവാദിയുമായ ഇവർ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ജീവിതത്തോട്  വിടവാങ്ങിയത്. കഴിഞ്ഞ കുറേ  മാസങ്ങളായി അസുഖബാധിതയായി  കിടപ്പിലായിരുന്നു അവര്‍. മീററ്റിലെ  സാഹിത്യപാരമ്പര്യമുള്ള കുടുംബത്തിൽ  1946 ൽ ജനിച്ച ഫഹ് മിദ  നാലാം വയസില്‍ അച്ഛന്‍ മരിച്ചതിനെത്തുടർന്ന്    അമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഉറുദു, സിന്ധി സാഹിത്യത്തിലും  പേർഷ്യൻ ഭാഷയിലും  അവഗാഹം നേടിയ അവർ   വിവാഹശേഷം ഭർത്താവിനൊപ്പം  യു കെയിലേക്കു പോയി. അവിടെ  ബി ബി സി യുടെ ഉറുദു വിഭാഗത്തിൽ  കുറച്ചു കാലം സേവനമനുഷ്ഠിച്ചെങ്കിലും വിവാഹബന്ധത്തില്‍ അസ്വാരസ്യങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് വിവാഹമോചനം നേടി അവര്‍  തിരിച്ചു പോന്നു. പിന്നീട്  പാകിസ്ഥാനിലെ ഇടതുപക്ഷ പ്രവർത്തകനും ആക്ടിവിസ്റ്റുമായ  സഫർ  അലി ഉജാന്റെ  ജീവിത പങ്കാളിയായി. പാകിസ്ഥാനില്‍ സ്ത്രീകൾക്കെതിരെ നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ  ശക്തമായി പ്രതിഷേധമുയര്‍ത്തിയതോടെയാണ് ഫഹ് മിദ ഭരണകൂടത്തിന്റേയും  മതനേതൃത്വത്തിന്റേയും  നോട്ടപ്പുള്ളിയായിത്തീര്‍ന്നത്. സിയാ ഉൾ  ഹഖിന്റെ  ഭരണകാലത്ത് അവർ ക്രൂരമായി വേട്ടയാടപ്പെട്ടു. ഫഹ് മിദ പത്രാധിപരായ  ‘ആവാസ്' എന്ന മാസികയ്ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റുചെയ്തും ഭരണകൂടം  പീഡനം തുടര്‍ന്നപ്പോള്‍  അവര്‍ക്ക് പാകിസ്ഥാന്‍ വിടേണ്ടിവന്നു.  ഏഴു വര്‍ഷത്തോളം കുടുംബസമേതം ഇന്ത്യയില്‍ താമസിച്ച ഈ എഴുത്തുകാരി  ഹഖിൻെറ മരണശേഷമാണ്  പാകിസ്ഥാനിലേക്ക് തിരിച്ചു പോയത്. കവിതകളും നോവലുകളുമായി  പതിനഞ്ചിലധികം പുസ്തകങ്ങളുടെ രചയിതാവാണ്  ഫഹ് മിദ റിയാസ്.   ‘ഗോദാവരി', ‘സിന്ദ  ബാഹർ', ‘കറാച്ചി' എന്നിവയാണ് അവരുടെ പ്രധാന നോവലുകൾ.  കാവ്യ സമാഹാരങ്ങളിൽ  ‘ധൂപ്', ‘പുര ചന്ദ്', ‘ആദ്മി കി സിന്ദഗി' എന്നിവ ശ്രദ്ധേയങ്ങളാണ്.  നല്ലൊരു വിവർത്തകകൂടിയായ  അവർ ജലാലുദ്ദീൻ റൂമിയുടെ ‘മസ്നവി' യുൾപ്പെടെ അനേകം പുസ്തകങ്ങൾ പേർഷ്യനിൽ നിന്നും ഉറുദുവിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. അൽബേനിയൻ എഴുത്തുകാരൻ ഇസ്മായിൽ കാദരെയേ  ഉറുദുവിൽ  പരിചയപ്പെടുത്തിയതും  ഈ എഴുത്തുകാരിയാണ്.   ഉറുദു കവിതയിലെ പുരോഗമന ധാരയുടെ പ്രതിനിധിയെന്നറിയപ്പെടുന്ന ഫഹ് മിദ റിയാസ് വിപ്ലവകരമായ  നിലപാടുകൾ കൊണ്ട്  എഴുത്തിനേയും ജീവിതത്തേയും നിരന്തരം നവീകരിച്ച   എഴുത്തുകാരിയാണ്.   പരമ്പരാഗത കാവ്യവഴിയിലൂടെ നടക്കാൻ ഇഷ്ടപ്പെടാതിരുന്ന അവർ   പാക്കിസ്ഥാന്‍ പൊതുസമൂഹത്തില്‍  സ്ത്രീകളനുഭവിച്ച എല്ലാ വിലക്കുകളേയും എഴുത്തിന് വിഷയമാക്കി.  ബേനസീര്‍ ഭൂട്ടോയുടെ ഭരണകാലത്ത് ഫഹ് മിദയെ പാകിസ്ഥാൻ നാഷണൽ ബുക്ക് കൗൺസിലിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചിരുന്നു. പിന്നീട്  ഉറുദു ഡിക്ഷണറി ബോർഡിന്റെ ചീഫ് എഡിറ്ററായും അവര്‍ നിയമിതയായി.  2014 ൽ പാകിസ്ഥാൻ അക്കാഡമി ഓഫ് ലെറ്റേഴ്സിന്റെ  പരമോന്നത ബഹുമതിയായ കമാൽ  ഇ  ഫൺ  അവാര്‍ഡിന്  അവർ അർഹയായപ്പോൾ  പറഞ്ഞത്‌  ഇങ്ങനെ . "  ഇപ്പോൾ രാഷ്ട്രത്തിന്റെ  പരമോന്നത പുരസ്കാരത്തിന്  എന്നെ തെരഞ്ഞെടുത്തിരിക്കുന്നു.  എന്റെ രാജ്യം  മാറുകയാണ്. അത് ജനാധിപത്യത്തിലേക്ക് നടന്നടുക്കുകയാണെന്നത് എന്നെ വളരെയേറെ സന്തോഷിപ്പിക്കുന്നു.'' ഏകാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ കത്തിജ്വലിച്ചു നിന്ന  ദീപസ്തംഭമെന്നാണ്   പ്രശസ്ത എഴുത്തുകാരി കാമില ശാംസി ഫഹ് മിദ റിയാസിനെ വിശേഷിപ്പിച്ചത്. ആ ദീപസ്തംഭം ഇപ്പോള്‍ അണഞ്ഞിരിക്കുന്നു. എങ്കിലും  അത് പ്രസരിപ്പിച്ച പുരോഗമന ചിന്തയുടേയും സമത്വ ബോധത്തിന്റെയും വെളിച്ചം  ലോകമെങ്ങുമുള്ള എഴുത്തുകാര്‍ക്ക് വഴികാട്ടിയായി ഏറെക്കാലം നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. Read on deshabhimani.com

Related News