പ്രതീക്ഷയുടെ നറുമണം തൂകി ജാസ്മിന്‍

ജാസ്മിൻ, അഖിൽ, അജി ഫോട്ടോ: അപ്പു എസ്‌ നാരായണൻ


പലവട്ടം തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ തോൽക്കാൻ തയ്യാറല്ല. മകന്റെ രോഗാവസ്ഥയ്ക്കിടയിൽ തന്നെ തേടിയെത്തിയ അന്ധതയും മറികടന്ന് ഇന്ന് നിരവധി പേർക്ക് തൊഴിൽ നൽകുന്ന സംരംഭകയാണ് ജാസ്‌മിൻ. തൊടുപുഴ തുടങ്ങനാട് വെച്ചാട്ട് വീട്ടിൽ അജിയുടെ ഭാര്യ ജാസ്മിൻ ഹോം സയൻസ് പഠനം പൂർത്തിയാക്കി തയ്യലും ബ്യൂട്ടീഷ്യൻ കോഴ്‌സും വശമാക്കിയ ശേഷമാണ് വിവാഹിതയാകുന്നത്. വിവാഹശേഷം ഭർത്താവ്‌ അജിയുടെ കടയോട്‌ അനുബന്ധിച്ച്‌  സ്റ്റിച്ചിങ്‌ സെന്റർ തുടങ്ങാൻ ആഗ്രഹിച്ചിരുന്നു. അധികം താമസിയാതെ വിരുന്നെത്തിയ ആദ്യത്തെ കൺമണി അപ്പു എന്ന അഖിലിലായി ശ്രദ്ധ മുഴുവൻ. മോൻ അൽപ്പം വളർന്നശേഷം കട തുടങ്ങാനായി തീരുമാനം. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റി. ജനിച്ച്‌ ആറുമാസം ആയപ്പോൾത്തന്നെ അപ്പുവിന്‌ സെറിബ്രൽ പാൾസിയാണെന്ന്‌ തിരിച്ചറിഞ്ഞു. പിന്നെ ചികിത്സകളായി. മണിപ്പാൽ, മൈസൂർ, തമിഴ്നാട് തുടങ്ങി മകനെ ചികിത്സിക്കാനായി ജാസ്മിനും അജിയും പോകാത്ത സ്ഥലങ്ങൾ ഇല്ല. 2001 ൽ  ചെന്നൈയിൽ താമസിച്ച് ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും അടക്കം എല്ലാ ചികിത്സാ രീതികളും  പരീക്ഷിച്ചു. മകൻ സ്വന്തം കാലിൽ നടക്കുന്നത്‌ സ്വപ്‌നം കണ്ട്‌ ചെന്നൈയിൽ താമസിക്കുമ്പോഴാണ്‌ തന്റെ കണ്ണിന്റെ വെളിച്ചം അധികം താമസിയാതെ ഇല്ലാതാകും എന്ന യാഥാർഥ്യം ജാസ്‌മിൻ മനസ്സിലാക്കുന്നത്‌. കാഴ്‌ചയില്ലായ്‌മയിൽ പുഞ്ചിരിയോടെ 2001ൽ കണ്ണിന്‌ മൂടൽ അനുഭവപ്പെട്ടു. ഡോക്ടറെ കാണിച്ചപ്പോൾ കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുന്ന ‘റെറ്റ്നിറ്റിസ്‌ പിഗ്‌മന്റോസ’ എന്ന ജനറ്റിക്‌ രോഗമാണെന്ന് മനസ്സിലായി. കാര്യമായ ചികിത്സ ഇല്ലാത്തതിനാൽ ക്രമേണ കാഴ്ച കുറഞ്ഞ്  60 വയസ്സാകുമ്പോൾ പൂർണമായും അന്ധയാകും എന്ന് ഡോക്ടർമാർ വിധിയെഴുതി. മെല്ലെ എത്തുന്ന ഇരുട്ടിനെ സ്വീകരിക്കാൻ മനസ്സും ശരീരവും പൊരുത്തപ്പെടുത്തുന്ന കാലത്ത്‌ മുഖത്തിന്റെ വലതുവശം നീരുവന്ന്‌ വീർത്തു. പല്ലുവേദനയെന്ന്‌ തെറ്റിധരിച്ച്‌ കുറച്ചു നാൾ ചികിത്സിച്ചു. വേദന കുറയാതെ വന്നപ്പോൾ എംആർഐ ഉൾപ്പടെ ചെയ്‌താണ്‌ ‘ട്രൈജീമിനൽ നുറാൽജിയ’ എന്ന അപൂർവ രോഗം കണ്ടെത്തിയത്‌. മുഖത്തിലൂടെ കടന്നുപോകുന്ന രണ്ട്‌ ഞരമ്പുകൾ കൂട്ടിമുട്ടുന്നതാണ്‌ കാരണം. ഷോക്കടിക്കുന്നതുപോലെ കഠിനമായ വേദനയാണ്‌ ലക്ഷണം. മകന്റെ ചികിത്സകൾക്കിടയിൽ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും ഇല്ലാതായി. 2008 ൽ മങ്ങൽ കൂടിവന്നതോടെ ശസ്ത്രക്രിയ ചെയ്തു. പക്ഷേ, ഫലം ഉണ്ടായില്ല. വശങ്ങളിൽ നടക്കുന്നത് പൂർണമായും കാണാൻ പറ്റാതായി. അതോടെ വാഹനം ഓടിക്കുന്നത് ഉപേക്ഷിച്ചു. ആരും തളർന്നു പോകുന്ന സാഹചര്യം. ഉണ്ണിയപ്പ നിർമാണം രോഗങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി എത്തിക്കൊണ്ടിരുന്നു. മകന്റെ ചികിത്സകളുടെ ഇടവേളകളിൽ സ്ഥിരമായി വേളാങ്കണ്ണിയിൽ പോകുന്ന ശീലം ജാസ്‌മിനും കുടുംബത്തിനും ഉണ്ടായിരുന്നു. അവിടെവച്ച്‌ കണ്ടു മുട്ടിയ ഒരു ഫാദറാണ്‌ മനസ്സിനെ മറ്റുകാര്യങ്ങളിലേക്ക്‌ തിരിച്ചുവിടാനുള്ള ആശയത്തിന്‌ വിത്തുപാകുന്നത്‌. വീട്ടിൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന്‌ പലപ്പോഴും സാക്ഷിയായിട്ടുള്ളത്‌ പ്രചോദനമായി. ആദ്യം രണ്ടുകിലോ അരി എടുത്ത്‌ ഉണ്ണിയപ്പം ഉണ്ടാക്കി അജിയുടെ കടയിൽ വിൽപ്പന നടത്തി. വളരെ നല്ല അഭിപ്രായം വന്നതിനെ തുടർന്ന്‌ ക്രമേണ ഉണ്ണിയപ്പത്തിന്റെ എണ്ണം കൂട്ടി. കണ്ണടച്ച്‌ പരിശീലനം അധികം താമസിയാതെ കാഴ്ച പൂർണമായും നഷ്ടമാകുമെന്ന് മനസ്സിലാക്കിയ ജാസ്മിൻ കണ്ണടച്ച്‌ ജോലികൾ പരിശീലിക്കാൻ തീരുമാനിച്ചു. അപ്പുവിന്റെ കാര്യങ്ങൾ ചെയ്യാനും മീനും ഇറച്ചിയും നന്നാക്കാനും വയ്ക്കാനും അടുക്കളപ്പണികൾ ചെയ്യാനും ഒക്കെ കണ്ണടച്ച് പരിശീലിച്ചു. 2011 ൽ പൂർണമായും അന്ധത എത്തിയപ്പോൾ പരിശീലനം ഗുണം ചെയ്തു. മിക്കവാറും ജോലികൾ ചെയ്യുമെങ്കിലും ചായ തിളപ്പിക്കാനും മീൻ വറക്കാനും കഴിയില്ല. ആദ്യമായി എത്തിയ വലിയ ഓർഡർ ഉണ്ണിയപ്പ ബിസിനസ്‌ പച്ചപിടിച്ച്‌ തുടങ്ങിയ സമയത്താണ്‌ ഭരണങ്ങാനം പള്ളിയിലേക്കുള്ള വലിയ ഓർഡർ ലഭിക്കുന്നത്‌. 1000 ഉണ്ണിയപ്പം ഉണ്ടാക്കാനായിരുന്നു ഓർഡർ. പാത്രങ്ങളും മറ്റ്‌ സാധന സാമഗ്രികളും വാടകയ്‌ക്ക്‌ എടുത്തു. ലാഭം കൂട്ടിച്ചേർത്ത്‌ വച്ച്‌ വീടിന്‌ ചുറ്റും ഷെഡ്‌ നിർമിച്ചും പാത്രങ്ങളും യന്ത്രങ്ങളും വാങ്ങിയും ബിസിനസ്‌ വിപുലീകരിച്ചു. കൂടുതലും പള്ളികളിൽ നിന്നുള്ള ഓർഡറാണ്‌ ലഭിക്കുന്നതെങ്കിലും കടകളിലും സ്ഥിരമായി സപ്ലൈചെയ്യുന്നുണ്ട്‌. സ്ഥിരമായി 12 ജീവനക്കാർ ഉണ്ട്‌. സീസണിൽ 32 പേരെ വരെ ദിവസ വേതനത്തിൽ എടുക്കും. കോവിഡ്‌ ബിസിനസിൽ ചില താളപ്പിഴകൾ ഉണ്ടാക്കിയെങ്കിലും അപ്പൂസ്‌ ഫുഡ്‌സ്‌ എല്ലാം അതിജീവിക്കുകയാണ്‌. പരിഭവങ്ങളും പരാതികളും മാറ്റിവച്ച്‌ എല്ലാവരുടെ മുന്നിലും പുഞ്ചിരിയോടെ പ്രതീക്ഷയുടെ പരിമളം തൂകുകയാണ്‌ ജാസ്‌മിൻ. Read on deshabhimani.com

Related News