സുലുവിന്റെ ഉണക്കമീന്‍ പരിചരണം



‘ബിഎസ്‌സി നഴ്‌സിങ് പഠിച്ചിട്ട്‌ ഉണക്കമീൻ വിറ്റാൽ എന്താ ശരിയാകില്ലെ?’  കൊല്ലം ശക്തികുളങ്ങര സ്വദേശി സുലു ലൂക്ക നിത്യവും കേൾക്കുന്ന ചോദ്യത്തിന്‌ മറുചോദ്യം കരുതിവച്ചിട്ടുണ്ട്‌. ‘ചോദ്യം കേൾക്കുമ്പോൾ ചിരിയാണ്‌ വരിക. നമ്മൾ പഠിച്ചതേ  ചെയ്യാവൂ എന്ന്‌ സമൂഹത്തിന്‌ നിർബന്ധമുള്ളതുപോലെ തോന്നും. ഒരുപാട്‌ ഇഷ്‌ടത്തോടെയാണ്‌ നഴ്‌സിങ് പഠിച്ചത്‌. പഠനത്തിൽനിന്നും കിട്ടിയ സാങ്കേതിക അറിവുകൾകൂടി പ്രയോജനപ്പെടുത്തിയാണ്‌ ഇപ്പോൾ ‘പാഷൻ’ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌.’ നഴ്‌സിൽനിന്നും ഉണക്കമീൻ കച്ചവടക്കാരി എന്ന സ്വയം സംരംഭകത്വത്തിലേക്കുള്ള യാത്ര സുലു വിശദീകരിച്ചു. പഠനം കഴിഞ്ഞ്‌ തിരുവനന്തപുരത്തും കൊല്ലം കൊട്ടിയത്തും ആറു വർഷത്തിലധികം സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്‌തു. വിവാഹം കഴിഞ്ഞതോടെ  ഭർത്താവ്‌ ജിത്ത്‌ ജോസഫിനൊപ്പം ദുബായിക്ക്‌ പോയി. ഒന്നര വർഷത്തിൽ അധികം അവിടെയും നഴ്‌സായി ജോലി ചെയ്‌തു. രണ്ടാമത്‌ ഗർഭിണിയായപ്പോൾ ആരോഗ്യകാരണങ്ങളാൽ നാട്ടിലേക്ക്‌ മടങ്ങി. പ്രസവ സമയത്ത്‌ കോവിഡും എത്തി. വീട്ടിലെ സാഹചര്യങ്ങളും കോവിഡുംമൂലം ദുബായിലേക്കുള്ള മടക്കത്തിന്‌ പ്രതിസന്ധികൾ നേരിട്ടു. രണ്ട്‌ കുഞ്ഞുങ്ങളെ വളർത്തുന്ന ഉത്തരവാദിത്വം കഷ്‌ടപ്പെട്ടു പഠിച്ച നഴ്‌സിങ് ജോലിക്ക്‌ വിലങ്ങുതടിയായി. വീട്ടിൽ ഇരുന്ന്‌ ചെയ്യാൻ പറ്റുന്ന ജോലികളെക്കുറിച്ചായി അന്വേഷണം. അത്‌ എത്തിനിന്നത്‌ ഓൺലൈൻ ബിസിനസിൽ. ആദ്യം തുടങ്ങിയ വസ്‌ത്ര വിൽപ്പന വേണ്ടത്ര ക്ലച്ച്‌ പിടിച്ചില്ല. അപ്പോഴാണ്‌ ചുറ്റുമുള്ള  വിഭവങ്ങളിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌. സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളായതിനാൽ മീൻ വിറ്റാലോ എന്നായി ആലോചന. പച്ചമീനിലും നല്ലത്‌ ഉണക്കമീനാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ‘മറൈൻ ഫ്ലേവേഴ്‌സ്‌’ എന്ന എഫ്‌ബി പേജ്‌ ആരംഭിച്ചു. അച്ഛനും അമ്മായിഅച്ഛനും കടലിൽ പോയി കൊണ്ടുവരുന്ന മീൻ വില നിശ്‌ചയിച്ച്‌ വാങ്ങും. പച്ചമീനിന്റെ ഫോട്ടോ അപ്‌ലോഡ്‌ ചെയ്‌ത്‌ ഓർഡർ എടുക്കും. അമ്മയുടെ സഹായത്തോടെ മീൻ വെട്ടി കഴുകി സ്വന്തംവീടിനു മുകളിലെ ടെറസിൽ ഉണക്കി പാക്കറ്റിലാക്കി ആവശ്യക്കാർക്ക്‌ കൊറിയർ വഴി എത്തിക്കും. ആദ്യ കസ്‌റ്റമർ മുംബൈയിൽ നിന്നായിരുന്നു. കോവിഡ്‌ രൂക്ഷമാകുന്നതിന്‌ മുമ്പ്‌ യുകെയിൽനിന്നുവരെ ഓർഡർ ലഭിച്ചു. ഇപ്പോൾ ഭക്ഷണ സാധനങ്ങൾ വിദേശത്തേക്ക്‌ അയക്കുന്നതിന്‌ തടസ്സമുള്ളതിനാൽ നാടൻ ഓർഡറുകളാണ്‌ ലഭിക്കുന്നത്‌. നെയ്‌മീൻ, അയല, മാന്തൽ, വാള, ചെമ്മീൻ, പരവ, കുട്ടിസ്രാവ്‌ തുടങ്ങി എല്ലാത്തരം മീനുകളും ഉണങ്ങിയത്‌ മറൈൻ ഫ്ലേവേഴ്‌സിൽ ലഭ്യമാണ്‌. ഇടുക്കിപോലെയുള്ള മലയോര മേഖലകളിലെ കസ്‌റ്റമേഴ്‌സ്‌ ഒരുമിച്ച്‌ അഞ്ചുകിലോവരെ വാങ്ങും. ഓണം, ശബരിമല വ്രതകാലം എന്നീ സമയങ്ങളിൽ വിൽപ്പനയിൽ അൽപ്പം ഇടിവ്‌ നേരിടുമെങ്കിലും ഒരു മാസം ശരാശരി 75 മുതൽ 80 കിലോവരെ വിൽപ്പനയുണ്ട്‌. ഓണത്തിന്‌ മുമ്പുള്ള മാസത്തിൽ 42 ഓർഡറാണ്‌ പൂർത്തീകരിച്ചത്‌. മൂന്നര വർഷമായി മറൈൻ ഫ്ലേവേഴ്‌സിന്റെ സിഇഒയായിട്ട്‌. സിഇഒ തന്നെയാണ്‌ മീൻ വൃത്തിയാക്കൽ, ഉണക്കൽ, പാക്കിങ്, മാർക്കറ്റിങ് എല്ലാം നടത്തുന്നതെന്ന പ്രത്യേകതയും സുലുവിന്റെ സ്‌ത്രീ സംരംഭത്തിനുണ്ട്‌. ഭർത്താവ് ജിത്ത്‌ ജോസഫും ഒന്നാം ക്ലാസുകാരൻ ജെയ്‌തൻ ജിത്തും ഇളയ മകൾ ഇവ ജിത്തും അടങ്ങുന്നതാണ്‌ കുടുംബം. Read on deshabhimani.com

Related News