ദേവദാസി വനിതാ വിമോചന സംഘടനയുമായി സിപിഐഎം മുന്നോട്ട്: ദാവൻഗരെയില്‍ മുന്‍ദേവദാസി പാര്‍ട്ടി ജില്ലാസെക്രട്ടറി



ബംഗലൂരു> കേരളത്തില്‍ അനാചാരം സംരക്ഷിയ്ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും സ്ത്രീകളെ തെരുവിലിറക്കുമ്പോള്‍ കര്‍ണാടകത്തില്‍ അനാചാരത്തിന്റെ മറവില്‍ കടുത്ത ചൂഷണം നേരിടുന്ന  ദേവദാസികളെ സംഘടിപ്പിച്ച് സിപിഐ എം മുന്നോട്ട്. കർണാടക സംസ്ഥാന ദേവദാസി വനിതാ വിമോചന സംഘടനയുടെ മൂന്നാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബെല്ലാരിയിലെ ഹോസ്‌പേട്ടിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ ആയിരക്കണക്കിന് ദേവദാസി സ്ത്രീകൾ പങ്കെടുത്തു. പാർടി സംസ്ഥാന സെക്രട്ടറി യു ബസവരാജ് റാലിയില്‍  സംസാരിച്ചു. പാര്‍ട്ടി മുന്‍കയ്യെടുത്ത് സംഘടന രൂപീകരിച്ച ശേഷം ആയിരക്കണക്കിന് സ്ത്രീകളെ ദേവദാസി സമ്പ്രദായത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിമോചിതരാകുന്ന ദേവദാസികളെ പാര്‍ട്ടി സംഘടനയില്‍ ഒപ്പം കൂട്ടുന്നു.ഈ അനാചാരത്തിനെതിരെ അതിശക്തമായ സമരങ്ങൾ നയിച്ച, പോരാട്ടങ്ങളിലൂടെ ആയിരക്കണക്കിന് ദേവദാസികളെ വിമോചിപ്പിക്കാൻ നേതൃത്വം നൽകിയ ഇവരുടെ സമര നായികയായ ടി വി രേണുകാമ്മ ഇപ്പോൾ പാർടിയുടെ ദാവൻഗേരെ ജില്ലാസെക്രട്ടറിയാണ്.    2007ൽ വിവിധ സംഘടനകൾ നടത്തിയ പ്രക്ഷോഭത്തെത്തുടർന്ന് ദേവദാസി സ്ത്രീകൾക്ക് പെൻഷൻ നൽകാൻ സർക്കാർ നിർബന്ധിതമായിരുന്നു. പെൻഷന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും സമരത്തിലൂടെ ഇവർ നേടിയെടുത്തിട്ടുണ്ട്.   1982 ൽ തന്നെ ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ നിയമം കൊണ്ടുവന്നിരുന്നെങ്കിലും ഭൂപ്രഭുക്കന്മാരടക്കമുള്ളവർ അവരുടെ താല്പര്യാനുസരണം ഈ സമ്പ്രദായത്തെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്. പെൺകുട്ടികൾ ദേവദാസികളാവുന്നില്ലെങ്കിൽ ദൈവം കോപിക്കുമെന്ന രീതിയിൽ ഭൂപ്രഭുക്കന്മാർ പ്രചാരണം നടത്തുന്നത് തുടരുകയാണ്. ഈയവസരത്തിലാണ് സിപിഐഎം മുൻകൈ എടുത്ത് കർണാടക സംസ്ഥാന ദേവദാസിവനിതാ വിമോചന സംഘടന ആരംഭിച്ചത്. ഇപ്പോഴും കർണാടകയിൽ മാത്രം ഒരുലക്ഷത്തോളം സ്ത്രീകൾ ദേവദാസികളായി തുടരുകയാണ്. ദൈവത്തിന്റെ അടിമകളാണിവരെന്ന പരിവേഷം നൽകിയ ശേഷം സമ്പന്നരും ഭൂപ്രഭുക്കന്മാരും സവർണരും ഇവരെ ലൈംഗീകാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. നീചവും നിന്ദ്യവുമായ ഈ ആചാരത്തിനെതിരെ ഇപ്പോഴും തുറന്ന പോരാട്ടമാണ് ദേവദാസിവനിതാ വിമോചന സംഘടന നടത്തുന്നത്. ലൈംഗിക അടിമകളായി പോവുന്ന ഭൂരിഭാഗം പേരും ദളിതരോ അടിസ്ഥാനവർഗങ്ങളിലുള്ള ആളുകളോ ആണെന്നത് സംസ്ഥാനത്ത് ഇപ്പോഴും നിലനിൽക്കുന്ന കടുത്ത ജാതിവിവേചനത്തിന്റെ ഉദാഹരണം കൂടിയാണ്. Read on deshabhimani.com

Related News