‘ഡികൂപ്പെ’ റോയ്‌സിയുടെ വിജയമന്ത്രം



‘ഡികൂപ്പെ’ എന്ന ഫ്രഞ്ച‌് പദത്തിന്റെ അർത്ഥം പേപ്പറുകൾ ഉപയോഗിച്ച‌് ഫർണിച്ചറുകളെ മനോഹരമാക്കുക എന്നാണ‌്. എന്നാൽ പഴയതിനെ പുതുമയുള്ളതാക്കി തീർക്കാനും ഒരു നല്ല വരുമാനം കണ്ടെത്താനും ഈ കല സഹായിക്കും എന്നതിന‌് തെളിവാണ‌് റോയ‌്സി ജയിംസിന്റെ കഥ. ചെറുപ്പം മുതൽ തന്നെ ക്രാഫ‌്റ്റ‌് വർക്കുകളോട‌് ഇഷ‌്ടമുണ്ടായിരുന്നു എ‌റണാകുളം അയ്യപ്പൻകാവ‌് സ്വദേശിയായ റോയ‌്സി ജയിംസിന‌്. ഇന്റീരിയർ ഡിസൈനർ കൂടിയായ അച്ഛൻ ജെയിംസ‌് ഫിലിപ്പ‌് നന്നായി പ്രോത്സാഹിപ്പിക്കുകയും ചെയ‌്തിരുന്നു. എന്നാൽ പഠനവും വിവാഹവും കഴിഞ്ഞ‌് കോയമ്പത്തൂരിൽ എത്തിയപ്പോൾ  ഐടി ഉദ്യോഗസ്ഥയാകാനായിരുന്നു നിയോഗം. ഇടവേളകളിൽ യു ട്യൂബിൽ നിന്ന‌് ലഭിച്ച അറിവുകൾ ഉപയോഗിച്ച‌്  കുപ്പിയിലും  പേഴ‌്സിലും മെഴുകുതിരിയിലും ഭംഗിയുള്ള കിളികളെയും പൂക്കളെയും വരച്ചതുപോലെ ചേർത്തുവെച്ചു. സുഹൃത്തുക്കളും വീട്ടിലുള്ളവരും ‘കൊള്ളാമല്ലോ’ എന്ന‌് പറഞ്ഞപ്പോൾ റോയ‌്സിക്ക‌് ആവേശമായി. ഡിക്കൂപ്പെ എന്ന കല പഠിക്കാൻ ഒരു പരിശീലന കളരിയിൽ പോകാൻ തീരുമാനിച്ചു. ഐടി ഉദ്യോഗസ്ഥനായ ഭർത്താവ‌് റോജറും പ്രോത്സാഹിപ്പിച്ചു. പഴയ കുപ്പിയും പാത്രങ്ങളും ഫോട്ടോ ഫ്രെയിമുക‌ളും പേപ്പറും പശയും ഉപയോഗിച്ച‌് മോടി പിടിപ്പിച്ച‌് പുതുമയുള്ളതാക്കുന്നതാണ‌് ‘ഡികൂപ്പെ’ എന്ന അലങ്കാര കല. മൊബൈൽ കവറുകളിലും ടിഷ്യൂ പേപ്പർ ബോക‌്സുകളിലും ഇവ പരീക്ഷിക്കാറുണ്ട‌്.  ‌ഇതിനായി ഉപയോഗിക്കുന്നത‌് ജർമ്മനിയിൽ നിന്ന‌് വരുന്ന ടിഷ്യൂ പേപ്പറും പശയും കളറുകളുമാണ‌്. ഓൺലൈനിൽ ഇവയെല്ലാം വാങ്ങാൻ കിട്ടും. ജോലിയുളളവർക്ക‌്  ഒഴിവു സമയങ്ങളിൽ ഹോബിയായി സ്വീകരിക്കാവുന്ന ഈ കല നല്ലൊരു വരുമാനം കൂടിയാണെന്ന‌് റോയ‌്സി മനസിലാക്കിയത‌് ‘കൊള്ളാമല്ലോ’ എന്നു പറഞ്ഞവർ ‘ഇത‌് എങ്ങനെയാണ‌് ഉണ്ടാക്കുന്നതെന്ന‌്’ ചോദിച്ച‌് തുടങ്ങിയപ്പോഴാണ‌്. നാലുവർഷമായി കോയമ്പത്തൂരിലും കേരളത്തിലും റോയ‌്സി ഇത്തരം വർക്ക‌്ഷോപ്പുകൾ നടത്തുന്നു. തന്റെ അടുത്തു നിന്ന‌് പഠിച്ചവരും നല്ല വരുമാനം ഉണ്ടാക്കുന്നതായി റോയ‌്സി പറയുന്നു.  ഫേസ‌് ബുക്കിൽ ‘അച്ചൂസ‌് മഡ‌് പൈ’ എന്ന പേജിലൂടെ നിർമ്മിച്ച കൗതുക വ‌സ‌്തുക്കളുടെ വിൽപ്പനയും നടത്തുന്നുണ്ട‌്‌. എക‌്സിബിഷനുകളും സംഘടിപ്പിക്കാറുണ്ട‌്. Read on deshabhimani.com

Related News