ഒറ്റക്കൈയിലെ ചിലമ്പൊലി



ബിന്ദുവിനെ കാണുന്ന സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മുഖത്ത്‌ എപ്പോഴും നിറയുന്നത്‌ സഹതാപമായിരുന്നു. ഒരു കൈയില്ലാത്ത ഇവളെങ്ങനെ നൃത്തം ചെയ്യുമെന്ന ഭാവവും. അതവളെ ഏറെ വേദനിപ്പിച്ചു.  പിന്നെ എല്ലാം വാശിയോടെ കണ്ടു. ദുരിതതീരത്തുനിന്ന്‌ അതിജീവനത്തിന്റെ പ്രതീകമായി അവൾ.തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ്‌ പറയത്തുകോണം  ചെവള്ളിമുക്ക്‌ പടിഞ്ഞാറ്റുവിള പുത്തൻവീട്ടിൽ അശോകന്റെയും സുലോചനയുടെയും മകൾ. നൃത്ത സംഗീത നാടകം എന്ന പേരിലറിയപ്പെടുന്ന ബാലെ ട്രൂപ്പുകളുടെ അവിഭാജ്യ ഘടകമായിരുന്നു ബിന്ദു. കുടുംബം കടക്കെണിയിലാകുകയും ഭർത്താവ്‌ ഉപേക്ഷിക്കുകയും ചെയ്‌ത കാലത്ത്‌ പിടിച്ചുനിൽക്കാനും കടം വീട്ടാനുമാണ്‌ 18 മാസം ഗൾഫിൽ ജോലിക്ക്‌ പോയത്‌. അത്‌, ജീവിതത്തിലെ വലിയ ദുരന്തം അവിടെ കാത്തിരുന്നു.  2014 ഡിസംബർ എട്ടിന്‌ രക്‌തസമ്മർദം കൂടി താമസിക്കുന്ന ഫ്ളാറ്റിന്റെ പടിയിൽ വീണു. വലതുകൈ ഒടിഞ്ഞ്‌ എല്ല്‌ പുറത്തുവന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സ്‌പോൺസർ സ്ഥലത്തില്ലാത്തതിനാൽ ചികിത്സ തുടങ്ങാൻ ഒരു ദിവസം വൈകി. മൂന്ന്‌ തവണ കമ്പി ഇടേണ്ടി വന്നു.   കമ്പിയിട്ട ഭാഗത്തുകൂടി പഴുപ്പും രക്തവും വരാൻ തുടങ്ങി. കൈ മുറിച്ചുമാറ്റുകയല്ലാതെ പോംവഴിയില്ല. 14 ദിവസം ഐസിയുവിൽ. നാൽപ്പത്‌ ദിവസം കഴിഞ്ഞ്‌ നാട്ടിൽ. അന്ന്‌ കഴിച്ച മരുന്നുകൾ മറ്റൊരു ദുരന്തമായി. മക്കളെപ്പോലും തിരിച്ചറിയാനാകാത്ത സ്ഥിതി.  ഒരു വർഷം വേണ്ടിവന്നു പൂർവ സ്ഥിതിയിലാകാൻ. ജീവിതം വഴിമുട്ടിയ നാളുകൾ. അമ്മയുടെ ഒരു കണ്ണിന്‌ കാഴ്‌ചയില്ല. മക്കളുടെ പഠനം. കൈയിലുണ്ടായിരുന്നതും കൂട്ടുകാരിയിൽനിന്ന്‌ കടം വാങ്ങിയതുമടക്കം ആറ്‌ ലക്ഷത്തോളം ചികിൽസയ്‌ക്കായി ചെലവായി. സ്‌പോൺസറിൽനിന്ന്‌ ഒന്നും കിട്ടാത്ത സാഹചര്യം. കൂട്ടുകാരിയുടെ കടം ഇനിയും വീട്ടിയിട്ടില്ല. വീടിന്റെ കടം വീട്ടാനാണ്‌ ഗൾഫിൽ പോയത്‌. അത്‌ പുതിയ കടക്കെണിയിലാക്കി. കലാരംഗത്തേക്ക്‌ തിരിച്ചുവരാൻ ആഗ്രഹിച്ചു. ട്രൂപ്പുകളെല്ലാം സഹതാപത്തോടെ കൈമലർത്തി. ചില ഷോർട്‌ ഫിലിമുകളിൽ ഡബ്ബിങ്ങിന്‌ അവസരം കിട്ടി. അപ്പോഴും നൃത്തനാടകം എന്ന മോഹം ബാക്കിയായി. ഒടുവിൽ കൊല്ലം തിരുവിതാംകൂർ നൃത്ത നാടകവേദി ബിന്ദുവിന്റെ അവസ്ഥ മനസ്സിലാക്കി. ലോകാംബിക എന്ന നൃത്ത നാടകത്തിൽ അവസരം നൽകി. ഭദ്രകാളിയുടെ വേഷമാണ്‌ ചെയ്യേണ്ടത്‌. കൂടാതെ കണ്ണകിയുടെ തോഴി, ആയമ്മ എന്നീ വേഷങ്ങളും ആ ബാലെയിൽതന്നെ ചെയ്യണം. ഭദ്രകാളിക്ക്‌ ആറ്‌ കൈയാണ്‌. കൃത്രിമ കൈയിൽ മറ്റ്‌ കൈകൾ ഘടിപ്പിച്ച്‌ ശരീരത്തോട്‌ ചേർത്തുകെട്ടിയാണ്‌ വേഷം ചെയ്‌തത്‌.  ട്രൂപ്പിലെ സഹപ്രവർത്തകരുടെ സഹകരണം ബിന്ദു നന്ദിയോടെ സ്‌മരിക്കുന്നു.തിരുവനന്തപുരം നവോദയയിലാണ്‌ തുടക്കം. ഒമ്പത്‌ കൊല്ലം അവിടെയുണ്ടായിരുന്നു. നടി കൊല്ലം വിജിക്കൊപ്പം റിഹേഴ്‌സലിന്‌ കൂട്ടുപോയതാണ്‌. അവിടെ ഒരു ആർടിസ്റ്റ്‌ വരാത്തതിനാൽ പകരക്കാരിയായി തുടക്കം. ഗാന്ധാരിയുടെ വേഷത്തിൽ. ഇപ്പോൾ പുലർച്ചെ അഞ്ചിന്‌ എഴുന്നേറ്റ്‌ വീട്ടിലെ പാചകം ഉൾപ്പെടെ എല്ലാം ഒറ്റക്കൈ കൊണ്ടുതന്നെ.  പിന്നീടാണ്‌ തയ്യൽ. ഒറ്റക്കൈകൊണ്ട്‌ തയ്യൽ എളുപ്പമല്ല. അളവനുസരിച്ച്‌ തുണി വെട്ടിയെടുക്കുന്നതും അങ്ങനെതന്നെ. എല്ലാം ഇപ്പോൾ ശീലമായി. ബാങ്ക്‌ വായ്‌പ കുറേശെ അടയ്‌ക്കുന്നു. ഓണക്കാലത്ത്‌ കുറേ തയ്യൽ ഓർഡർ കിട്ടാറുണ്ട്‌. നൃത്ത നാടക സീസൺ തുടങ്ങിയാൽ തയ്യലിന്‌ അവധിനൽകും. Read on deshabhimani.com

Related News