തവാങിലെ ബുദ്ധൻ... പ്രസാദ് അമോര്‍ എഴുതുന്നു



അരിയിൽ വാറ്റിയ അപുങ്ങ് (നാടൻ ചാരായം) ഗ്ലാസിൽ ഒഴിച്ചുകൊണ്ടിരിക്കുന്നതിൽ ആ ബീഹാറി പറഞ്ഞു :”ഈ തണുപ്പത്തു കൂടെ കിടക്കാൻ എന്റെ ഇളയമകളെ പറഞ്ഞയക്കട്ടെ ” തവാങിലേയ്ക്കുള്ള യാത്ര മദ്ധ്യേ സേലാ പാസിൽ എത്തിയപ്പോഴേക്കും സന്ധ്യയായി. മോശം കാലാവസ്ഥയെ തുടർന്നു അവിടെ അന്ന് തങ്ങുകയെ നിവൃത്തിയുള്ളു. താമസസൗകര്യങ്ങൾ ഉള്ള ഒരിടമല്ല. അവിടെ റോഡിൽ കുടിൽ കെട്ടി താമസിക്കുന്ന ജ്യോതി എന്ന് പേരുള്ള നേപ്പാളി യുവതിയും അവരുടെ ബീഹാറിയായ പങ്കാളിയും കനിഞ്ഞു. പുറമ്പോക്കിലെ അവരുടെ കുടിലിനോടു ചേർന്നു നടത്തുന്ന ചായക്കടയാണ് അവരുടെ ജീവിതവൃത്തി. വിജനമായ ഒരിടത്തു താമസിക്കുന്ന അവർക്ക് വല്ലപ്പോഴും ആ വഴി വരുന്ന ആളുകളെ സത്കരിക്കുന്നത് സന്തോഷമാണെന്ന് തോന്നി. ചാരായതിന്റെ ലഹരിയിൽ ബീഹാറി അയാളുടെ വിഷമങ്ങൾ പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു   നേപ്പാളിലെ സ്വരതോക് എന്ന ഗ്രാമത്തിൽനിന്ന് ജോലിതേടി ഡാർജലിംഗിൽ വന്ന ജ്യോതിയെ അഞ്ഞൂറ് രൂപയ്‌ക്ക്‌ ബീഹാറി വാങ്ങുകയായിരുന്നുവത്രെ. പതിനെട്ടു വർഷമായി ജ്യോതി ഇയാളുടെ കൂടെ താമസിക്കുന്നു. ജ്യോതിക്ക് ബീഹാറിയിൽ രണ്ടു പെൺകുട്ടികളുണ്ട്. ബീഹാറിയ്ക്കാകട്ടെ വൈശാലിയിൽ ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ പെറുതിമുട്ടി ജീവിക്കുന്ന ഈ കുടുബത്തിനു വല്ലവിധേനെയും അല്ലലുകൾ ഒഴിവാക്കാൻ കഴിയുന്നത് വല്ലപ്പോഴും തവാങിലേയ്‌ക്ക്‌ പോകുന്ന ചിലർ അവിടെ തങ്ങുമ്പോൾ അവരെ സന്തോഷിപ്പിക്കുന്നതിന്റെ പ്രതിഫലം കൊണ്ടാണ്. ആ ശീത രാത്രിയിൽ ഞങ്ങൾക്കുവേണ്ട തീൻവിഭവങ്ങൾ കൊണ്ടുവന്ന അവരുടെ ഇളയ മകളെ ഞാൻ ശ്രദ്ധിച്ചു. കൃശപ്രകൃതിയായ അവളുടെ മുഖത്തു് കരുണയും ആർദ്രതയും ദൃശ്യമായിരുന്നു. അപരിചിതനായ ഒരു പുരുഷനുമുന്പിലുള്ള അവളുടെ പെരുമാറ്റം ഹൃദ്യവും ഉഷ്‌മളവുമായിരുന്നു. ഭീതിയുടെയും ആകാംഷയുടെയും നിമിഷങ്ങൾ അന്യപ്പെട്ട ആ അന്തരീക്ഷത്തിൽ കാമത്തിന്റെ അലയടികൾക്ക് സ്ഥാനമില്ലായിരുന്നു . ഗുവാഹത്തിയിലെ അരുണാചൽ പ്രദേശിലെ ഇന്നർ ലൈൻ ഓഫീസിലെ ഉദ്യോഗസ്ഥന്റെ സ്നേഹത്തോടെയുള്ള മുന്നറിയിപ്പിനെ ഒട്ടും ഗൗനിക്കാതെയായിരുന്നു തവാങിലേയ്‌ക്ക് യാത്ര പുറപ്പെട്ടത്. ‌ജൂൺ ആദ്യവാരത്തിലെ ഈ യാത്ര ദുർ പ്രാപ്യമായ ഒരിടത്തേയ്‌ക്കാണെന്നുള്ള തിരിച്ചറിവ് ഇല്ലായിരുന്നു. തേസ്‌പുരിൽ നിന്ന് രാവിലെ ഏഴുമണിക്ക് യാത്ര പുറപ്പെടുമ്പോൾ തന്നെ ചാറ്റൽ മഴയും മേഘാവൃതമായ മാനവും സൃഷ്ടിച്ച പ്രകൃതിയുടെ മ്ലാനത ദുർഗ്രാഹ്യം രൂപപെടുത്തിയിരുന്നു. മഴക്കാലമായതിനാൽ മണ്ണിടിച്ചലിൽ വീണ വന്മരങ്ങളും ചിതറിക്കിടക്കുന്ന പാറകഷണങ്ങളുമെല്ലാം അനിശ്ചിതത്തിലേക്കുള്ള പ്രയാണമാണെന്നുള്ള മുന്നറിയിപ്പ് തരുന്നുണ്ടായിരുന്നു. ഏകാന്തമായ വനപാതയിലൂടെ ഞങ്ങളുടെ കാർ ചെങ്കുത്തായ മലയിടുക്കുകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുകയാണ്. തൊട്ടരികത്തു കോമങ് നദി വല്ലാതെ പ്രകമ്പിതമാകുന്നുണ്ട്. റോഡിനെ മുറിച്ചു കുത്തൊലിഞ്ഞു വരുന്ന വെള്ള പ്രവാഹത്തിൽ പെട്ട് രണ്ടു ദിവസം മുൻപേ ഒരു ട്രക്ക് കോമ്മങ് നദിയിൽ നിപതിച്ചു മൂന്ന് പേർ മരണപെട്ടുവെന്നു ഞങ്ങളുടെ ഡ്രൈവർ പറഞ്ഞുവെന്ന് എന്റെ സഹയാത്രികയായ ആസ്സാമീസ് എഴുത്തുകാരി കവിത കർമാർക്കർ അറിയിച്ചു. തവാങിലേയ്ക്കുള്ള പാതകളിലെ ദുര്ഘടങ്ങളെ ക്കുറിച്ചു കൃത്യമായ വിവരം നൽകിയില്ല എന്ന പരിവേദനം കൊണ്ടാകാം കവിത യാത്രയിലുടനീളം ആ ആസാമീസ് ഡ്രൈവറെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു അപകടകരമായ റോഡിലൂടെയുള്ള മലഞ്ചെരുവിലൂടെയുള്ള തുടർച്ചയായ യാത്ര ഇത്രമാത്രം ദുഷകരമാണെന്നു ഞങ്ങൾ നിനച്ചില്ല. ഒരുവശത്തു് കുത്തൊഴുകികൊണ്ടിരിക്കുന്ന കോമങ് നദി മുകളിലാണെങ്കിൽ ഇടിഞ്ഞു വീഴാനായി ഇളകി നിൽക്കുന്ന പാറകൾ പിന്നെ ഭയങ്കരമായ കൊടുംവളവുകൾ വിജനമായ മലകളും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കൃഷിയിടങ്ങളും ഒറ്റപ്പെട്ട കുടിലുകളുമെല്ലാം –അരഷിതത്തിന്റേതായ ഒരനുഭവം സൃഷ്ടിക്കുന്നുണ്ട്. ഹിമാലയം പർവ്വത പ്രദേശത്തെ ഈ അപകടകരമായ വഴികളിൽ ബംഗാളികളും, നേപ്പാളികളും, ബീഹാറികളുമായ റോഡുപണിക്കാരെ കാണാം. മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന തടസ്സങ്ങളെ നീക്കി യാത്ര സാധ്യമാക്കുന്നത് ഇവരാണ്. റോഡിലെ പുറമ്പോക്കിൽ തകിടും പ്ലാസ്റ്റിക്കും മുളകളും കൊണ്ട് കെട്ടിയ കുടിലുകളിൽ താമസിക്കുന്ന ഇവരെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കുന്നത്. അടിമകളെപ്പോലെ പണിയെടുക്കുന്ന ഇവരുടെ ദൈന്യത, നിസ്സംഗത, ദാരിദ്ര്യത്തിന്റെയും അപമാനത്തിന്റെയും മുഖഭാവങ്ങൾ -സങ്കടം തോന്നും. അരുണാചൽ പ്രദേശിലെ ബുദ്ധമത വിശ്വാസികളുടെ പ്രമുഖ ആരാധന കേന്ദ്രമാണ് തവാങ് .സമുദ്ര നിരപ്പിൽ നിന്ന് 3048 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തവാങ് മൊണാസ്‌ട്രിയിൽ മാത്രം അഞ്ഞുറോളം ലാമമാരുണ്ട് . മോൺപാസ്, ഷെർട്‌പെൻസ്, അകാസ്, ഹോസ്, മിജിസ് എന്നീ ബുദ്ധമത ഗോത്ര വിഭാഗങ്ങൾ തവാങിലും കൊമെങ് ജില്ലയിലും താമസിക്കുന്നു .ലാമാമാരോടും ബുദ്ധമത അനുഷ്ടാനകളോടും പ്രതിപത്തി പുലർത്തുന്ന ഇവർ തങ്ങളുടെ പൗരോഹത്യ ശാസന യ്ക്കനുസരിച്ചു സംഘടിതമായി ജീവിക്കുന്നവരാണ്. മഹാനായ ബുദ്ധിസത്തിന്റെ അനുചാരകരാണവർ. മതപരമായ ചടങ്ങുകളിൽ സമ്പന്നർക്ക് പ്രാമുഖ്യം ലഭിക്കുന്നു. സമ്പന്നർ മൃതശരീരം വിവിധ സുഗന്ധദ്രവ്യങ്ങളുമായി കാര്പോചങ്, ബും ലാ പാസ് എന്ന സ്ഥലത്തിനപ്പുറം ,എന്ന സ്ഥലത്തു വെച്ച് ദഹിപ്പിക്കുന്നു. ദരിദ്രരുടെ മൃതശരീരം നിരവധി കഷണങ്ങളാക്കി നുറുക്കി കാമെങ് നദിയിലെ മത്സ്യങ്ങൾക്ക് തിന്നാനായി എറിഞ്ഞുകൊടുക്കുന്നു .ജനനത്തിന്റെയും മരണത്തിന്റെയും ഭാഗമായി നടത്തുന്ന ചടങ്ങുകളിൽ ലാമാമാരുടെ സാന്നിധ്യം ശ്രദ്ധേയമാണ് .അവരുടെ ഗൃഹനിർമൃതി പ്രധാനമായും കല്ലുകളും മരത്തടികളും ഉപയോഗിച്ചാണ്. സമ്പന്നരുടെ വീടുകൾക്ക് രണ്ടു നിലകളുണ്ട് .മരത്തിൽ കൊത്തുപണികൾ നടത്തിന്നതിനും ചിത്ര രചനയിലും ഇവർക്കു പ്രാവീണ്യമുണ്ട് ഇവരുടെ കലാരൂപങ്ങളിൽ തിബത്തൻ ചൈനീസ് സ്വാധീനം പ്രകടമാണ്. ഇവർ കമ്പിളി വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. തവാങ് മേഖലയിൽ താമസിക്കുന്നവരുടെ ഭാക്ഷയിൽ ഭൂട്ടാനീസ് ഭാക്ഷയുടെ സ്വാധീനം കാണാം. തവാങിലും പരിസര പ്രദേശങ്ങളും താമസിക്കുന്ന മോൺപാസ് വർഗത്തിന് പുറംലോകവുമായുള്ള പരസ്പരപ്രവർത്തനത്തിനോട് താൽ‌പര്യമൊന്നുമില്ല. കൊച്ചിയിൽ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള യാത്രയിൽ എന്റെ സഹയാത്രികനായ ക്രിസ്‌ത്യൻ മിഷനറി ഫാദർ ജോസഫ് (യഥാർത്ഥ പേരല്ല ) അരുണാചൽ പ്രദേശിലെ ബുദ്ധമതക്കാരുടെ ഐക്യത്തിൽ വല്ലാതെ അസ്വസ്ഥനാണ്. നാഗാലാൻഡിലും മിസോറാമിലും നടത്തുന്ന മതപരിവർത്തന പ്രവർത്തനത്തിലും അവിടത്തെ ആളുകളുടെ ക്രിസ്‌തുമതത്തിനോടുള്ള മമതയിലും ഏറെ സന്തുഷ്‌ടനായ അദ്ദേഹം തവാങ് - വെസ്റ്റ് കാമെങ് മേഖലകളിലെ ബുദ്ധമതക്കാരെ ക്രിസ്‌തുമതത്തിലേയ്‌ക്ക് ആകര്ഷിപ്പിക്കാൻ കഴിയാത്തതിൽ ഖിന്നനാണ്. അരുണാചൽ പ്രദേശിലെ ഗിരിവർഗ്ഗ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനുള്ള സഹായം നൽകി മതപരിവർത്തനം തടത്തുന്ന രീതികളാണ് മിഷനറികൾ ഇപ്പോൾ പിന്തുടരുന്നത്. ഉയർന്ന വിദ്യാഭാസവും ജോലിയും തേടി നഗരങ്ങളിലേയ്‌ക്ക് കുടിയേറുന്നവർ തങ്ങളുടെ ഗിരിവർഗ്ഗ വിശ്വാസങ്ങളിൽനിന്ന് വിഭിന്നമായ രീതികളുമായി പിന്നീട് ഗ്രാമങ്ങളിലേയ്‌ക്ക് വരുന്നത് ഭീതിയോടെയാണ് പ്രായമായവർ കാണുന്നത്. തവാങിലെ ഒരു ഗ്രാമത്തിലെത്തിയപ്പോൾ കണ്ട കാഴ്ച പഴമയുടെ ഒരു അനുഭവമായിരുന്നു. തട്ടു തട്ടായികിടക്കുന്ന നെൽപ്പാടങ്ങൾ, അവിടെ കാർഷികവൃത്തിയിലേർപ്പെട്ടുകൊണ്ടിരിക്കുന്ന കർഷക സ്‌ത്രീകൾ, ആ ഗ്രാമത്തിൽ നിന്ന് മടങ്ങുന്ന വഴിയിൽ ഒരു തൂക്ക് പാലമുണ്ട് -ചഗസം ബ്രിഡ്ജ് -പതിഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണിത്, അതിനടുത്തെ പാതയോരത്തു റോഡുപണി ചെയ്യുന്ന ഒരു കൂട്ടം സ്‌ത്രീകൾ വട്ടം കൂടിയിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു .നനുത്ത ആ അന്തരീക്ഷത്തിൽ അവർ പകർന്നു നൽകിയ ബട്ടർ ചായയും ചോളം കൊണ്ടുണ്ടാക്കിയ പലഹാരവും രുചികരമായിരുന്നു. മലമുകളിൽനിന്ന് ഇറങ്ങിവന്ന ഇരുട്ട് സാന്ദ്രമായ ആ സന്ധ്യയിൽ ഞങ്ങൾ ഒരു കർഷകുടുബത്തേയ്‌ക്കു പോയി, അപരിചിതരായ ഞങ്ങളോടുള്ള അവരുടെ ഹൃദയമായ പെരുമാറ്റം പർവത പ്രദേശത്തു താമസിക്കുന്ന ലാളിത്യത്തിന്റേതായിരുന്നു. അരിയിൽ നിന്ന് വാറ്റിയെടുക്കുന്ന അര എന്നുപേരുള്ള മദ്യം പങ്കുവെച്ചും ചോളം കൊണ്ടും അരികൊണ്ടും ഉണ്ടാക്കിയ വിവിധ വിഭവങ്ങൾ തന്നും സ്നേഹോപചാരങ്ങൾ അറിയിക്കാൻ അവർ പണിപെട്ടുകൊണ്ടിരുന്നു. രാവിലെ വരുകയാണെങ്കിൽ എന്റെ മനോഹരമായ പൂന്തോട്ടം കാണാമെന്ന് ആ ബുദ്ധമതാകുടുബത്തിലെ ഇളയമകൾ പറഞ്ഞു. വിസ്‌മയകരമായ വൈവിധ്യം കാണാനാകുന്ന ഹിമാലയൻ ഭൂപ്രകൃതിയുടെ ഹൃദയലാളനയിൽ ജീവിക്കുന്ന അവർ പർവ്വതങ്ങളിലും മരങ്ങളിലും, കല്ലുകളിലും,പൂക്കളിലുമെല്ലാം ദിവ്യത്വം ദർശിക്കുന്ന (Totem-ism) വിശ്വാസങ്ങളും അവരുടെ ദൈനംദിന വ്യാപാരത്തിന്റെ ഭാഗങ്ങളാണ്. പിറ്റേ ദിവസം രാവിലെ തവാങ് മൊണാസ്‌ട്രിയിലെത്തിയപ്പോൾ അവിടെ ഒരു ശാന്ത പ്രകൃതനായ ഒരു ലാമ ധ്യാനനിരതനായി ഇരിക്കുന്നത് കണ്ടു. സ്വന്തം ഹൃദയമിടിപ്പിൽ ശ്രദ്ധിച്ചു അഹ്‌ദേഹത്തിനു അഭിമുഖമായി ഇരിക്കാൻ അവിടെ നിന്നിരുന്ന ഒരു പുരോഹിതൻ അഭ്യർത്ഥിച്ചു. ഒരുസന്ദേഹവാദിയായ എന്നെ സംബന്ധിച്ചിടത്തോളം ഭക്തി സൃഷ്ടിക്കുന്ന അഭൗമമായ അനുഭൂതി ഒട്ടും രുചികരമല്ല . എന്നാൽ ആ ലാമയോട് മര്യാദയോടെ പെരുമാറേണ്ടതുണ്ട് എന്ന ചിന്ത എന്നെ അനുസരണയുള്ളവനാക്കി. ധ്യാനനിരതനായിരുന്ന മാത്രയിൽ തന്നെ ഓം മാണി പദ്മെ ഹം എന്ന മന്ത്രോച്ചാരണത്തിന്റെ അകമ്പടിയുമുണ്ടായി . ഏതാണ്ട് ഇരുപതു മിനിറ്റ് പിന്നിട്ടപ്പോഴേയ്ക്കും ശരീരത്തിന്റെ ഭാരം കുറഞ്ഞുവരുന്നു പോലെ തോന്നി. കണ്ണുതുറന്നപ്പോൾ എന്റെ മുൻപിൽ ഇരിക്കുന്ന ലാമ അദ്ദേഹത്തിന്റെ, കൈ ഉയർത്തികാണിച്ചു കൊണ്ട്, പൾസ് പരിശോധിക്കാൻ ആവശ്യപ്പെട്ടു . പത്തു് സെക്കൻഡ് കഴിഞ്ഞ പൊഴേയ്ക്കും ആ ലാമയുടെ കൈയിലെ ഞരബുകളുടെ സ്പന്ദനം നിശ്ചലമായി. നിരന്തരമായധ്യാനത്തിലൂടെ ലഭിച്ച ദിവ്യശക്തികൊണ്ടാണ് ഇത് സാധ്യമാകുന്നതെന്നു മറ്റൊരു ലാമ വിവരിച്ചു. ജീവിതത്തെ അതിന്റെ തനിമയിൽ നുകരനാണ് ബുദ്ധൻ ഉദ്‌ബോധിപ്പിച്ചതെന്നു ആ ബുദ്ധ സന്യാസി പറഞ്ഞു. ക്ഷണികയും സൂതാര്യതയും സമൂർത്ത അടയാളങ്ങളാണ്. ഓരോ നിമിഷത്തിലും ധർമം പ്രബോധിതമാകുന്നുണ്ട്. ധാന്യലീനതയോടുകൂടെയുള്ള ഉണർവിലേയ്ക്ക് ബുദ്ധൻ നിങ്ങളെ നയിക്കുന്നു. ബുദ്ധദര്ശനത്തിലെ സൗന്ദര്യം വിവരിക്കുന്നത് കേട്ടുകൊണ്ടിരിക്കൂബോഴും ലളിതമായ ഒരു സൂത്രം കാണിച്ചു് എന്നെആശ്ചര്യപ്പെടുത്താൻ, തവാങിലെ ആ ബുദ്ധൻ, എന്തിനു ശ്രമിച്ചു എന്ന ചിന്തയുമായി ഞങ്ങൾ തവാങിൽനിന്ന് തെസ്‌പുരിലേയ്ക്ക് യാത്രതിരിച്ചു. പൾസ്‌ എങ്ങനെ നിർത്തികാണിക്കാം ? ഒരു ചെറിയ നാരങ്ങ കക്ഷത്തിൽ വെച്ച് അമർത്തുക ,രണ്ടു കൈകളും ചേർത്ത് പിടിച്ചു് അമർത്തുന്നതനുസരിച് ആർട്ടറിയിലൂടെ രക്തം വരുന്നത് സമ്മർദത്തിലാകുന്നു .പൾസ്‌ സാവധാനത്തിലായി അപ്രത്യക്ഷമാകും .പരിശോധിക്കുമ്പോൾ മനസിലാക്കാൻ കഴിയില്ല. Read on deshabhimani.com

Related News