ടൂറിസം പ്രതീക്ഷകൾ വാനോളം; കക്കാട്ടാറിൽ കയാക്കിങ്‌ ട്രയൽ റൺ

കോന്നി പഴയ കോന്നിയില്ല..... സീതത്തോട്ടിലെ കക്കാട്ടാറിൽ കായാക്കിങ്ങിനുള്ള ട്രയൽ റൺ നടത്തിയപ്പോൾ. കോന്നി മണ്ഡലത്തിൽ നിരവധി വിനോദസഞ്ചാര പദ്ധതികൾക്കാണ് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ തുടക്കമിടുന്നത്. ഫോട്ടോ > ജയകൃഷ്ണൻ ഓമല്ലൂർ


പെരുനാട്‌ > ടൂറിസം പ്രതീക്ഷകൾക്ക് ചിറകുനൽകി കക്കാട്ടാറിൽ കയാക്കിങ്‌ ട്രയൽ റൺ നടന്നു. സാഹസിക വിനോദസഞ്ചാര രംഗത്ത് അന്തർദേശീയ ശ്രദ്ധനേടാൻ കഴിയുന്ന കായികവിനോദത്തിനാണ് തുടക്കമായത്.  കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിങ്‌ ആരംഭിക്കുന്നത്. ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിലാണ് ട്രയൽ റണ്ണിന്റെ ഫ്ലാഗ് ഓഫ് നടന്നത്. ഇവിടെനിന്ന്‌ അഞ്ച് കിലോമീറ്റർ അകലെ പവർഹൗസ് ജങ്‌ഷൻ വരെയാണ് കയാക്കിങ്‌ നടത്തുന്നത്.  കയാക്കിങ്‌ വിദഗ്ധൻ നോമി പോളിന്റെ നേതൃത്വത്തിൽ നിഥിൻ ദാസ്, വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബു പോൾ എന്നിവരാണ് ട്രയൽ റണ്ണിനെത്തിയത്.   ഒരാൾക്ക് സാഹസികയാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. രണ്ടു മുതൽ എട്ടുവരെ ആളുകൾ കയറുന്ന കയാക്കും ഇവിടെ ഉപയോഗിക്കാൻ കഴിയുമെന്ന് സംഘം അഭിപ്രായപ്പെട്ടു. ഇതിനൊപ്പം റാഫ്റ്റിങ്‌, കനോയിങ്‌ തുടങ്ങിയവയും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.   കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിൽ മാത്രമാണ് കയാക്കിങ്‌ സെന്റർ നിലവിൽ പ്രവർത്തിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂര യാത്രകൾക്കും സാഹസിക യാത്രകൾക്കും മികച്ച സൗകര്യമാണ് കക്കാട്ടാറിൽ ഉള്ളത്. കുളു, മണാലി കേന്ദ്രങ്ങളേക്കാൾ മികച്ച നിലയിൽ സീതത്തോടിന് മാറാൻ കഴിയും.  അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ, കലക്ടർ ദിവ്യ എസ് അയ്യർ എന്നിവർ ചേർന്ന് ട്രയൽറൺ ഫ്ലാഗ്‌ ഓഫ് ചെയ്‌തു.  പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ അധ്യക്ഷനായി.   ജില്ലാ പഞ്ചായത്തംഗം ലേഖാ സുരേഷ്, ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി ഐ സുബൈർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സുജ, പി ആർ പ്രമോദ്, രവികല എബി, രവി കണ്ടത്തിൽ, റെയ്സൺ വി ജോർജ്, രമേശ് രംഗനാഥ്, ബിയോജ്, രാജേഷ് ആക്ലേത്ത്, ബിനോജ്, സിപിഐ എം ഏരിയ സെക്രട്ടറി എസ് ഹരിദാസ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News