തെക്കു തെക്കൊരു ദേശത്ത് , സൗത്തെൻഡ് എന്നൊരു തീരത്ത്, നമ്മൾ കണ്ടൊരു സായാഹ്‌നം...



പുസ്തകങ്ങൾ മാത്രം വായിച്ചുറങ്ങിയ കുട്ടിക്കാലത്ത് , സ്ഥിരമായി കാണുന്നൊരു സ്വപ്നമുണ്ടായിരുന്നു.ഒരു ആകാശയാത്ര, ലില്ലിപുട്ടെന്ന ദ്വീപ്, വണ്ടർലാൻഡ് , ഗോഥം നഗരം, മായാ-സഭ എന്നിങ്ങനെ വായിച്ചും മനസ്സിൽ വരച്ചുമുള്ള കാഴ്ചകളുടെ വിരുന്നൊരുക്കുന്ന സ്വപ്‌നങ്ങൾ... പറന്നുപറന്നങ്ങനെ കുറേദൂരം ചെല്ലുമ്പോളാവും അമ്മ വന്ന് വിളിച്ചുണർത്തുന്നത്. കൂട്ടിയും ഗുണിച്ചും ഹരിച്ചുമിരിക്കുന്നതിനിടയിൽ അല്പം മുൻപ് മാത്രം നഷ്ടപ്പെട്ടുപോയ കാഴ്ചകളെ ഒന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ച തണുത്ത പ്രഭാതങ്ങൾ. ആ കാലമൊക്കെ വേഗം കടന്ന് , ഉത്തരവാദിത്വങ്ങളിലേക്ക് ഊളിയിട്ടിറങ്ങുന്ന ഞാനായത് എത്ര പെട്ടെന്നാണ്! ഇടയ്ക്കെപ്പോളെങ്കിലും ഒരല്പംകൂടി അവനവനെ സ്നേഹിക്കണമെന്ന ആശ വിടർന്നുതുടങ്ങുമ്പോൾ, കുഞ്ഞു സന്തോഷങ്ങൾ സമ്മാനിക്കണമെന്ന് സ്വയം തോന്നുമ്പോൾ, ചെറു-തൂവലുകളാണ് ഞാൻ എന്നിലേയ്ക്ക് ചേർത്തുവയ്ക്കുന്നത് . വിവിധ ദേശങ്ങളുടെ, ഭാഷകളുടെ , അനുഭവങ്ങളുടെ നൂലിൽ നെയ്തെടുത്ത തൂവലുകൾ . അവയെല്ലാം ചേർത്തിണക്കിയ ചിറകുകളാണ്, 'അനുയാത്ര'. ഓരോ യാത്രയും പൂർണമായെന്ന വിശ്വാസത്തിൽ തിരികെ വീടണയുമ്പോളും 'മറന്നുവോ?' എന്ന് പരിഭവിച്ച് എന്നെത്തിരഞ്ഞെത്തുന്ന ഓർമ്മകൾ , എന്റെ യാത്രാനുഭവങ്ങൾ , 'അനുയാത്ര--അലഞ്ഞുതിരിയുന്നവയെല്ലാം  വഴിതെറ്റിപ്പോയതല്ല!' സ്‌കൂളിലായിരിക്കുമ്പോൾ ഏറ്റവും സന്തോഷം ഉണ്ടായിരുന്നത് വാർഷിക-ടൂറിന്റെ ദിവസങ്ങളിലായിരുന്നു. ഏതൊക്കെ ഉടുപ്പുകൾ വേണമെന്ന് കുറേ ദിവസം മുൻപേ പ്ലാൻ ചെയ്യുന്നതും തലേന്ന് തന്നെ സ്‌കൂളിൽ പോയി കിടക്കുന്നതും ബെഞ്ചുകൾ കൂട്ടിയിട്ട് ഒരു ബെഡ്ഷീറ്റും വിരിച്ച് പിറ്റന്നേക്കുള്ള സ്വപ്‌നങ്ങൾ പങ്കുവെച്ച് ഉറങ്ങാത്ത ഒരു രാത്രിയും രാവിലെ മൂന്നു മണിക്കോ മറ്റോ പുറപ്പെടുന്ന യാത്രയും  കടൽത്തീരങ്ങളും സന്ധ്യകളും... പാലാ പോലൊരു ചെറുപട്ടണത്തിൽ നിന്നും കടല് 'കാണാൻ' (തിരകളിൽ കാലു നനയ്ക്കുക എന്നതിനപ്പുറം കടലിലിറങ്ങിയുള്ള കുളി അന്നുമിന്നും ഒരു പേടിസ്വപ്നമാണ്) പോവുക എന്നത് അക്കാലത്തൊക്കെ ഒരാഡംബരം തന്നെയായിരുന്നു.അന്നത്തെ കടലിനോടുള്ള കൊതി ഇപ്പോളും കുറെയൊക്കെ ബാക്കി കിടപ്പുണ്ട്, ഓരോ വർഷവും യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങുമ്പോൾത്തന്നെ കടൽത്തീരങ്ങളുള്ളയിടങ്ങൾ മുന്നിലെത്തും. അരുതെന്നു പറഞ്ഞു പേടിപ്പിക്കാൻ ആരും കൂടെയില്ലാത്ത കൗതുകവുമായാണ് 'സൗത്തെൻഡ് ഓൺ സീ' കാണാൻ പുറപ്പെട്ടത്. ലണ്ടനിൽ നിന്നും രാവിലെ അവിടേയ്ക്ക് ഏതാണ്ട് ഒരു മണിക്കൂറോളം യാത്രയുണ്ട്. പുലർച്ചെ തന്നെ ട്രയിനിൽ അവിടെചെന്നിറങ്ങുമ്പോൾ ആദ്യമൊന്ന് അമ്പരന്നു, പ്രതീക്ഷിച്ചതിന്റെ പകുതി പോലും തെരക്കില്ലാത്ത റയിൽവേ പ്ലാറ്റ്ഫോമുകൾ. ആദ്യമായി ഒരു എയർ -ഷോ കാണാൻ പോകുന്നതിന്റെ സർവ്വ അഹങ്കാരത്തിലും കെട്ടിയൊരുങ്ങി ഇറങ്ങിയതാണ്, ഇനിയിപ്പോ എങ്ങാനും അബദ്ധം പറ്റിയതാവുമോ എന്ന പേടിയിൽ ഒരഞ്ച് മിനിറ്റ് അവിടെത്തന്നെ നിന്നു, പിന്നെന്തായാലും വന്നതല്ലേ ഉള്ളതൊക്കെ കണ്ടുകളയാം എന്ന ദൃഢനിശ്ചയവുമെടുത്ത്‌ മുന്നോട്ട് നീങ്ങി ബീച്ചിലെത്തിയപ്പോൾ നാല് പള്ളിപ്പെരുന്നാളിനുള്ള ആൾക്കൂട്ടം! സ്വല്പം നേരത്തെയായിപ്പോയോ എന്ന നമ്മുടെ സംശയത്തിനെ മൊത്തത്തിൽ ഫ്യുസാക്കി എല്ലാവരും കൂട്ടം കൂട്ടമായി ഓരോയിടത്തും സ്ഥലം കണ്ടെത്തിയിരിക്കുന്നു.  കസേരകളും ടെന്റുമെല്ലാം വിടർത്തി കയ്യിലോരോ ബിയർ ബോട്ടിലും പിടിച്ചു ഓരോ മരച്ചുവട്ടിലും ഇരിക്കുന്നവർ, എത്ര തേച്ചാലും മതിവരാതെ പിന്നെയും പിന്നെയും സൺസ്‌ക്രീൻ ലോഷന്റെ കുപ്പി ഞെക്കിപ്പിഴിയുന്ന വേറെ ചിലർ,  ഈ ആളും ബഹളവുമൊക്കെയുണ്ടെങ്കിലും കയ്യിലിരിക്കുന്ന പുസ്തകം വായിച്ചു തീർക്കാൻ വേണ്ടി അവിടേക്കെത്തിയതെന്ന മട്ടിൽ കുറേ പുസ്തകപ്പുഴുക്കൾ ! ഈ നഗരത്തിനിതെന്തു പറ്റി എന്ന ചോദ്യവുമായി നടന്നു നീങ്ങിയ ഞാൻ നേരെ മുന്നിൽ കണ്ട ഒരു ആർമി സ്റ്റാളിലേക്ക് കയറി.       രണ്ടാം ലോകമഹായുദ്ധകാലത്തെ വെറ്ററൻസ് ആണ് അവിടെയുണ്ടായിരുന്നത് . പറഞ്ഞു വന്നപ്പോൾ ഇന്ത്യയിലും ജോലി ചെയ്തിട്ടുള്ളവരാണത്രെ.  ആ സ്നേഹം കൊണ്ട് ഒന്ന് മിണ്ടിത്തുടങ്ങിയതാണ്, അവർക്കു ഹിന്ദി അറിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഒടുക്കം സൗത്തിന്ത്യനാണ് , ഹിന്ദി നഹീം നഹീം എന്നും പറഞ്ഞു രക്ഷപെട്ടു. മുതിർന്നവർക്ക് മാത്രമല്ല , കുട്ടികൾക്കും ആർമിയിൽ ചേരാൻ താല്പര്യമുള്ള മുതിർന്നവർക്കും ചരിത്രാന്വേഷികൾക്കുമായി നിരവധി പവിലിയനുകൾ. ഓരോയിടത്തും നമുക്കാവശ്യമുള്ള കാര്യങ്ങൾ പറഞ്ഞു നൽകുവാനും പാംഫ്ലെറ്റ്സ് വിതരണം ചെയ്യുവാനും നിരവധിയാളുകൾ. അതിനിടയിലേക്കാണ് വലിയ മുഴക്കത്തോടെ ചെറുവിമാനങ്ങൾ പറന്ന് തുടങ്ങിയത്. എയർ ഷോ തുടങ്ങിയതും ആളുകൾ നിശ്ശബ്ദരായി. ആകാശത്ത് കുതിച്ചുയർന്നും താഴേയ്‌ക്ക് പറന്നിറങ്ങിയും വിമാനങ്ങളുടെ കൂട്ടങ്ങൾ, അവ പടർത്തുന്ന വിവിധവർണ്ണങ്ങളിലുള്ള ധൂമങ്ങൾ, വായുവിൽ വരച്ചിടുന്ന ചിത്രങ്ങൾ, അവയെല്ലാം അത്ഭുതത്തോടെ നോക്കിക്കാണുമ്പോളാണ് ചില വിമാനങ്ങളുടെ മേലെ കൈവിടർത്തിയും ഉയർത്തിയുമൊക്കെ അഭ്യാസം നടത്തുന്ന ചിലരെക്കൂടി ശ്രദ്ധിക്കുന്നത് . കണ്ടിരിക്കുന്നവർക്കു കൂടി ഭയം തോന്നുന്ന തരം പ്രകടനങ്ങൾ! സൗത്ത് എൻഡിലെ എയർഷോ ഓർത്തുവയ്ക്കുവാൻ ആ നിമിഷങ്ങൾ തന്നെ ധാരാളം!       ഇന്നിപ്പോൾ സൗത്തെൻഡ് ഓൺ സീയിലെ എയർഷോ നിർത്തലാക്കി , സാമ്പത്തികപ്രതിസന്ധിയാണ്‌ കാരണമെന്ന് പറയുന്നു. പക്ഷേ യൂറോപ്പിലെ ഏറ്റവും മികച്ച കര-നാവിക-വ്യോമസേനകളുടെ പ്രകടനങ്ങളിൽ ഒന്നായിരുന്നു അത്. അതൊന്നുമില്ലെങ്കിലും  സൗത്തെൻഡ് ഓൺ സീ ഒരു ഗംഭീര വീക്കെൻഡ്  ഗെറ്റവേ ആണ്. അവിടുത്തെ പിയർ തന്നെയാണ് ഏറ്റവും വലിയ ആകർഷണം, വിനോദത്തിനായുള്ള ലോകത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണത്. കൈകൾ കൊരുത്ത് ഐസ്ക്രീമും നുണഞ്ഞു ഒന്നരമയിൽ നടന്ന് കടലിന്റുള്ളിലേക്ക് പോകാം. പുതിയ ഇടങ്ങൾ കാണാനും ഫോട്ടോ എടുക്കാനുമൊക്കെ ഇഷ്ടമുള്ളവർക്ക് ബീച്ചിനോട് ചേർന്ന അഡ്‌വെൻചർ പാർക്കും  പഴയ കപ്പലുകളും യുദ്ധത്തിൽ ജീവൻ നഷ്‌ടമായവർക്ക്‌ വേണ്ടിയുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളുമുണ്ട് , ഇഷ്ടമുള്ളവ തെരഞ്ഞെടുക്കേണ്ട കാര്യമേയുള്ളൂ. എന്നിരുന്നാലും സൗത്തെന്റിൽ പോയ നിർബന്ധമായും ചെയ്യേണ്ടുന്ന രണ്ടു കാര്യങ്ങൾ പറയാം, ഒന്ന് അവിടുത്തെ സ്ട്രീറ്റ് ഷോപ്പുകളിൽ ഏതെങ്കിലുമൊന്നിൽ നിന്നും ഫിഷ് ആൻഡ് ചിപ്സ് കഴിക്കുക, രണ്ട് , ബീച്ചിനരികിൽ Rossi എന്ന പേരിൽ ഒരു ഐസ്‌ക്രീം കണ്ടാൽ പറ്റുന്നത്രയും രുചികൾ ഒന്ന് പരീക്ഷിക്കുക, എൺപതു വർഷത്തിനുമേൽ ചരിത്രമുള്ള റോസ്സിയുടെ  ബട്ടറും ഡബിൾ ക്രീമും പാലുമൊക്കെ ചേർന്ന നറും രുചികളിൽ ഞാൻ ഫുൾ മാർക്ക് കൊടുക്കുന്നത് ലെമൺ കേർഡ് മെറാനും സാൾട്ട് കാരമേൽ റിപ്പിളിനുമാണ്. ഒരു ദിവസത്തേയ്ക്ക് ഡയറ്റ് ഒക്കെ ഒന്ന് മറന്നാലും വലിയ സങ്കടപ്പെടേണ്ടി വരില്ല, കാരണം അത്രത്തോളം സൗത്തെന്റിന്റെ മാത്രം അഭിമാനങ്ങളാണ് ഈ രണ്ട് രുചിയനുഭവങ്ങളും. പറയാൻ ബാക്കി വെച്ചത് - മഴയും വെയിലുമൊക്കെ എങ്ങനെയുണ്ടെന്ന് ഒന്ന് ഗൂഗിൾ ചെയ്തിട്ട് വേണം സൗത്തെൻഡ് യാത്ര. ദേഹത്തധികം ചൂട് തോന്നിയില്ലെങ്കിലും സൗത്തെന്റിലെ ഒരു ദിവസം കൊണ്ട് ശരീരത്ത് കരുവാളിപ്പ് ഉണ്ടാവാൻ സാധ്യതയുണ്ട്, അതിനാൽ സൺസ്‌ക്രീൻ ഉപോയോഗിക്കുക. സൗത്തെന്റിൽ ഏറ്റവും ഭംഗിയുള്ള സമയം ഉദയാസ്തമയങ്ങളാണ്, യാത്ര ചെയ്യുമ്പോൾ അത് കൂടി കാണാൻ പാകത്തിന് പ്ലാൻ ചെയ്യുക Read on deshabhimani.com

Related News