ദൃശ്യമികവിൽ ‘രാജപ്പാറ’

രാജപ്പാറയിൽനിന്നുള്ള തമിഴ്നാടിന്റെ വിദൂരദൃശ്യം


ശാന്തൻപാറ  > ദൃശ്യമികവിന്റെ രാജകീയ കാഴ്‌ചകളുമായി ‘രാജപ്പാറ’ സഞ്ചാരികളെ വരവേൽക്കുന്നു. ശാന്തൻപാറ പഞ്ചായത്തിലാണ് സൂര്യാസ്‌തമയങ്ങൾ കിരീടമണിയിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന രാജപ്പാറമെട്ട് സ്ഥിതിചെയ്യുന്നത്. കുമളി– മൂന്നാർ സംസ്ഥാനപാതയിൽ ശാന്തൻപാറയ്‌ക്കടുത്തുള്ള രാജപ്പാറയിലേക്കുള്ള യാത്ര ചരിത്രവും പുരാണവും ഉറങ്ങുന്ന മണ്ണിലേക്കാണ്. തമിഴ്‌നാട്ടിലെ തൊണ്ടേയ്‌മാൻ രാജവംശത്തിലെ രാജാവ് ഈ പ്രദേശത്തെ പർവതങ്ങളിൽ ഒന്ന്‌ ശത്രുക്കളിൽനിന്ന് ഒളിക്കാനായി ഉപയോഗിച്ചിരുന്നതായി ഐതിഹ്യം.   തന്റെ രാജവംശത്തിന്റെ മുഴുവൻ സമ്പത്തും ഈ പർവതത്തിലെ രഹസ്യഗുഹയിൽ നിക്ഷേപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഗുഹാമുഖത്ത് ഒരു വലിയ കല്ല് സ്ഥാപിക്കുകയും അത് തുറക്കാൻ കല്ലിൽ ഇരുമ്പുചങ്ങല ഘടിപ്പിക്കുകയും ചെയ്‌തു. ചങ്ങലയുടെ മറ്റേയറ്റം ഗുഹയ്‌ക്കടുത്തുള്ള ഒരു കുളത്തിൽ എറിഞ്ഞെന്നാണ് പറയപ്പെടുന്നത്. അതിനാലാണ് ഈ ഗ്രാമം രാജപ്പാറ എന്ന് അറിയപ്പെടുന്നത്. രാജപ്പാറയോട് ചേർന്നുള്ള കാട്ടുപാറയിൽ കയറിയാൽ ശക്തമായ കാറ്റ് വിനോദസഞ്ചാരികളെ തഴുകിയെത്തും. അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ വിശാലദൃശ്യവും ആസ്വദിക്കാം.   പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും രാജപ്പാറയുടെ മറ്റൊരു ആകർഷണമാണ്. തൊട്ടുചേർന്നുള്ള കഥകുപാലമേടും അതിനോട് ചേർന്നുള്ള കുന്നുകളും സാഹസിക ട്രക്കിങ്ങിന്‌ അനുയോജ്യമാണ്. കഥകുപാലമേട് കുന്നിൻ മുകളിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ടെന്നുമാണ് പറയുന്നത്. തമിഴ്നാട്ടിലെ തേവാരത്തേക്ക് പോയിരുന്നതും ഈ മലമ്പാത വഴിയാണ്. Read on deshabhimani.com

Related News