പൊന്മുടിക്ക്‌ പോന്നോളു... മഞ്ഞു പെയ്യണ മലകാണാം

പൊന്മുടി


വിതുര > ധനുമാസക്കുളിരിൽ മഞ്ഞുപെയ്‌തിറങ്ങുന്ന മല കാണാൻ പൊന്മുടിയിലേക്ക് പോന്നോളൂ.‌ കോവിഡ് മൂലം ഒമ്പതുമാസമായി സന്ദർശകർക്കുണ്ടായിരുന്ന വിലക്ക്‌ നീക്കിയാണ്‌ ശനിയാഴ്‌ച മുതൽ പൊന്മുടി തുറന്നുകൊടുത്തത്‌‌. രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശനസമയം. അപ്പർ സാനിറ്റോറിയത്തിൽ രണ്ടു മണിക്കൂറിലധികം ചെലവിടാൻ അനുവാദമില്ല.   സഞ്ചാരികൾ എത്തുന്ന വാഹനങ്ങളിൽ സാനിറ്റൈസർ കരുതണം. മാസ്കും സാമൂഹിക അകലവും നിർബന്ധമാണ്. തിരക്ക് വർധിച്ചാൽ നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ നേരത്തെ ശക്തമാക്കിയതിനാൽ ലയങ്ങളിൽ താമസിക്കുന്ന ഇരുനൂറോളം തോട്ടം തൊഴിലാളികളിൽ ഒരാൾക്കും രോഗം വരാതെ സംരക്ഷിക്കാനായി.   സന്ദർശകർ ഇല്ലാതായതോടെ വരുമാനം നിലയ്ക്കുമോ എന്ന ആശങ്കയിലായിരുന്നു പൊന്മുടിയിലെ വനസംരക്ഷണ സമിതിയിലെ അംഗങ്ങൾ. എന്നാൽ, ഇവരെ ചെക്ക്പോസ്റ്റുകളിൽ ജോലിക്ക് നിയോഗിച്ച് വനം വകുപ്പ് ലഘുവരുമാനം നൽകി. ഇതിനിടെ, കെടിഡിസി ഹോട്ടൽ തുറന്നതോടെ മുറികൾ ബുക്ക് ചെയ്തവരെ പൊന്മുടിയിലേക്ക്‌ കടത്തിവിട്ടിരുന്നു.   പൊന്മുടി വേറെ ലെവലായി   ഇതുവരെ കണ്ട പൊന്മുടിയല്ല സന്ദർശകർക്കായി കാത്തിരിക്കുന്നത്. കാഴ്ചയിലും അനുഭവത്തിലും പുത്തൻ പൊന്മുടി. അസൗകര്യങ്ങളുടെ പഴങ്കഥ ഇനിയില്ല. 2.8 കോടി ചെലവിട്ട് സൗന്ദര്യവൽക്കരിച്ച ലോവർ സാനിറ്റോറിയം സജ്ജമായിട്ടുണ്ട്‌. അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിന് 2017ലാണ് തുടക്കമായത്.   സഞ്ചാരികൾക്കായി ലാൻഡ് സ്കേപ്പിങ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്ക് കളിക്കളം എന്നിവയും സജ്ജമാക്കി. കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് വിശാലമായ പാർക്കിങ്ങിനും ലോവർ സാനിറ്റോറിയം റെഡിയാക്കി. നിലവിൽ സഞ്ചാരികൾക്ക് തങ്ങാൻ ഗവ. ഗസ്റ്റ് ഹൗസും കെടിഡിസി കോട്ടേജുകളുമാണുള്ളത്. നാലു കോടി രൂപയിൽ നൂതന സൗകര്യങ്ങളോടെ പുതിയ ബ്ലോക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. സന്ദർശകരുടെ സുരക്ഷയ്ക്കായി പുതിയ പൊലീസ് സ്റ്റേഷനുമുണ്ട്. Read on deshabhimani.com

Related News