ഇടുക്കിഅണക്കെട്ടില്‍ ദിവസവും ബോട്ടിങ്ങ്



ഇടുക്കി >  ഇടുക്കി  അണക്കെട്ട് ക്രിസ്മസ് അവധിക്കായി തുറന്നു. ദിവസവും 20 പേരടങ്ങുന്ന സംഘത്തിന് ബോട്ടിങ്ങിനായി സൌകര്യമുണ്ട്.  ഇടുക്കി– ചെറുതോണി ഡാമുകളുടേയും വനമേഖലകളുടെയും വശ്യ സൌന്ദര്യം ആസ്വദിക്കാനായി കേരള വനം– വന്യജീവി വകുപ്പിന്റെ പദ്ധതിയാണിത്.  ക്രിസ്മസ് സീസണോടനുബന്ധിച്ച് ജനുവരി 10 വരെയും ദിവസവും സന്ദര്‍ശനാനുമതിയുണ്ട്. ഇടുക്കി ആര്‍ച്ച് ഡാമും ഹില്‍വ്യു പാര്‍ക്കും കല്യാണത്തണ്ട് മലനിരകളും കാണാന്‍ ദിവസേന നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. ഇടുക്കി ജലാശയത്തിലൂടെ ബോട്ടിങ് കൂടി അനുവദിച്ചതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഇടുക്കിയും ഇടംപിടിക്കും. ഇക്കോ ഷോപ്പ്, ശലഭോദ്യാനം, നക്ഷത്രവനം തുടങ്ങിയവയും സജ്ജമായി. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് സര്‍വീസ് നടത്തുക. ആദ്യഘട്ടമായി ഒരു ബോട്ട് സര്‍വീസാണ് ആരംഭിച്ചത്. ജലാശയത്തിലൂടെയുള്ള ഒരു മണിക്കൂര്‍ യാത്രക്ക് 200 രൂപയാണ് നിരക്ക്. പൈനാവ്– ചറുതോണി റോഡില്‍ വെള്ളാപ്പാറക്ക് സമീപം പുതിയ ടിക്കറ്റ് കൌണ്ടറും ഇതിനോട് ചേര്‍ന്ന് ഇക്കോ ഷോപ്പും പ്രവര്‍ത്തനമാരംഭിച്ചു. വൈല്‍ഡ് ലൈഫിന്റെ തനിമ നിലനിര്‍ത്തികൊണ്ട് കൊത്തുപണികളോടുകൂടിയ കൌണ്ടറും ചെക്ക്പോസ്റ്റും ആകര്‍ഷകമാണ്. പൊതു ഒഴിവ് ദിവസങ്ങളില്‍ ഇടുക്കി– ചെറുതോണി ഡാമുകളില്‍ സന്ദര്‍ശനാനുമതിയുണ്ട്. ഇടുക്കി ജലാശയത്തിലൂടെയുള്ള ബോട്ടിങിന്റെയും വന്യജീവി സങ്കേതത്തിലെ വിവിധ ടൂറിസം പദ്ധതികളുടേയും ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തംഗം ലിസമ്മ സാജന്‍ സംസാരിച്ചു.   Read on deshabhimani.com

Related News