ചരിത്രം മുഴങ്ങുന്ന അറക്കല്‍ കെട്ട്



റമദാന്‍ വ്രതാനുഷ്ഠാനം അവസാനപത്തിലേക്ക് കടക്കുമ്പോള്‍ കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിലെ മണിമുഴക്കം പ്രതിദ്ധ്വനിക്കുന്നത് ചരിത്രത്തിലേക്കാണ്. സമയം അളക്കുന്നതിന് ഉപാധികളില്ലാതിരുന്ന കാലത്ത് നമസ്കാരത്തിന്റെയും നോമ്പുതുറയുടെയും നേരം കൃത്യമായി തിരിച്ചറിഞ്ഞിരുന്നത് ഈ മണിയുടെ മുഴക്കത്തിലൂടെയാണ്. മണി മുഴക്കുന്നതിന് രാജവംശം പ്രത്യേകം ചുമതലക്കാരെയും നിയോഗിച്ചിരുന്നു. റമദാന്‍ കാലത്ത് അത്താഴം മുട്ടുകാര്‍ എന്ന അറിയപ്പെടുന്ന പഠാണി മുസ്ളീങ്ങളും കണ്ണൂരിലെത്തിയിരുന്നു. കേരളത്തിലെ ഏക മുസ്ളീം രാജവംശം എന്ന് പേരുകേട്ട അറക്കലിന്റെ പ്രതാപം കടലുകള്‍ക്കപ്പുറത്തും പ്രസിദ്ധമായിരുന്നു. പകല്‍ വേളയില്‍ ഇവര്‍ വിശ്രമിക്കും. പഠാണിമുസ്ളീങ്ങള്‍ കുറഞ്ഞവര്‍ഷം മുമ്പ് വരെയും കണ്ണൂരിലെ റമദാന്‍ കാഴ്ചയായിരുന്നു. അറക്കല്‍ കെട്ടിന് രാജപ്രതാപമുണ്ടായിരുന്ന കാലത്താണ് ഇവര്‍ കണ്ണൂരിലേക്ക് എത്തിത്തുടങ്ങിയിരുന്നതെന്നാണ് കരുതപ്പെടുന്നത്. അറക്കല്‍ കെട്ടിലെ മണിയും അത്താഴംമുട്ടുകാരുമായിരുന്നു കണ്ണൂര്‍ ജില്ലയിലെ റമദാന്‍ വിശേഷങ്ങളില്‍ പ്രധാനപ്പെട്ടത്. ബ്രിട്ടീഷുകാരാണ് അറക്കല്‍ രാജവംശത്തിന് ഈ മണി സമ്മാനിച്ചതെന്നാണ് കരുതപ്പെടുന്നത്. രാജവംശത്തിലെ ആരെങ്കിലും മരിച്ചാല്‍ മൂന്നുദിവസം മണി മുഴക്കാറില്ല. സ്ത്രീകള്‍ രാജപദവി അലങ്കരിക്കുന്ന ഈ രാജവംശം കേരളത്തിന്റെ സാമുദായികസൌഹാള്‍ദത്തിന്റെ പ്രതീകം കൂടിയാണ്. ഹിജറ 64ലാണ് രാജവംശം സ്ഥാപിതമായതെന്ന് ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് രേഖകള്‍ ഉദ്ധരിച്ച് സമര്‍ഥിക്കുന്നുണ്ട്. രാജകുലത്തിന്റെ പിറവി സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളും കഥകളുമുണ്ട്. കോലത്തിരി രാജവംശവുമായി ബന്ധമുണ്ടെന്നാണ് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്. അറക്കല്‍കെട്ടിലെ തമ്പുരാട്ടിവിളക്കും ചൊരിയുന്നത് മതസൌഹാര്‍ദത്തിന്റെ നിത്യപ്രകാശമാണ്. ചിറക്കലില്‍നിന്നാണ് തമ്പുരാട്ടി വിളക്ക് അറക്കല്‍കെട്ടില്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. സ്വന്തം കമ്മട്ടങ്ങളും കപ്പലും കടല്‍കടന്ന പ്രൌഡിയുമുണ്ടായിരുന്ന അറക്കല്‍ സ്വരൂപത്തിന്റെ പെരുമ ഇന്ന് അറക്കല്‍ മ്യൂസിയത്തിലെ അപൂര്‍വകാഴ്ചവസ്തുക്കളില്‍ പ്രതിഫലിപ്പിക്കുന്നു. കാലത്തിന്റെ പടയോട്ടത്തില്‍ അറക്കല്‍ കെട്ടും പതുക്കെ ജീര്‍ണതയിലേക്ക് നീങ്ങുകയാണ്. Read on deshabhimani.com

Related News