കാഴ്‌ചയൊരുക്കി കടലുകാണിപ്പാറ



കിളിമാനൂർ  കടലുകാണി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തികൾ ഈ വർഷം ആരംഭിക്കുമെന്ന‌്  ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ വൻ വികസനത്തിന്റെ വാതിൽ തുറന്നിടുന്ന  പദ്ധതിയാണ് കടലുകാണിപ്പാറ ടൂറിസം പദ്ധതിയെന്നും മന്ത്രി പറഞ്ഞു.    ബി സത്യൻ എംഎൽഎയുടെ സബ‌്മിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി. കടലുകാണി പാറയുടെ വന്യസൗന്ദര്യം സഞ്ചാരികൾക്ക് പകർന്നുനൽകാനായി ഇതിനകം ടൂറിസം വകുപ്പ്  ഒരു പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഹാബിറ്റാറ്റ് ​ഗ്രൂപ്പ് വഴി നടപ്പിലാക്കിയ  പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. പൂർത്തിയായ പദ്ധതിയിൽ  വ്യൂപോയിന്റ് , പാർക്കിങ‌്, നടപ്പാത, ഇരിപ്പിടങ്ങൾ, ശൗചാലയം എന്നിവയാണ് നിർമിച്ചത്. എന്നാൽ പ്രദേശത്തിന്റെ  ടൂറിസം സാധ്യത കൂടുതൽ പ്രയോജനപ്പെടുത്താനും, അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാനുമായി പദ്ധതിയുടെ രണ്ടാംഘട്ടമാണ് എൽഡിഎഫ് സർക്കാർ മുന്നോട്ട‌് വയ‌്ക്കുന്നത‌്. വിശദമായ രൂപരേഖ തയ്യാറാക്കാനായി അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  സംസ്ഥാനപാതയിൽ കിളിമാനൂർ കാരേറ്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കടലുകാണിപ്പാറയിൽ നിന്ന് വർക്കലയിലേക്കും പൊൻമുടിയിലേക്കും  തുല്യദൂരമാണ‌്. പാറയുടെ ഏറ്റവും മുകളിലെത്തിയാൽ തെളിഞ്ഞ കാലാവസ്ഥയിൽ വർക്കലയിലെ കടലും പൊൻമുടിയിലെ ഹിൽടോപ്പും കാണാനാകും.    ഈ കാഴ്ചകൾക്കായി നിരവധി  സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. പാറയിലെ ഗുഹാക്ഷേത്രവും വ്യൂ പോയിന്റിന് വളരെ അടുത്തുവരെ വാഹനത്തിൽ എത്താമെന്നതും സഞ്ചാരികളെ ഇവിടേക്ക‌് ആകർഷിക്കുന്നു. എന്നാൽ ടൂറിസം പ്രയോജനപ്പെടുത്താനുതകുന്ന വൻ വികസനം എത്തിയാലെ കൂടുതൽ സഞ്ചാരികൾക്ക് എല്ലാക്കാലത്തും ഇവിടം പ്രയോജനപ്പെടുത്താനാകൂ. ഇതിനായി രണ്ടാംഘട്ട വികസനത്തിൽ  സൺഷൈൻ പാർക്ക്, സീനിയർ പാർക്ക്, കുട്ടികളുടെ കളിസ്ഥലം , ബെ‍ഞ്ചുകൾ,  എക്സിബിഷൻ സ്പെയിസ്, അർബൻ ഫാം, ആംഫിതീയറ്റർ, സൺഷൈൻ ലാൺ, ലാന്റ്സ്കേപ്പിങ‌്, ഫ്രണ്ടേജ് സ്ക്വയർ, മെഡിറ്റേഷൻ പവലിയൻ, പ്രകൃതിദ​ത്ത കൽപ്പടവുകൾ തുടങ്ങി ചുറ്റുമതിൽ വരെ യാഥാർഥ്യമാകും. ഇതോടെ കിളിമാനൂർ മേഖലയുടെ വികസനക്കുതിപ്പിന‌് വഴിവയ്‌ക്കും.  Read on deshabhimani.com

Related News