ഉണർന്നു ടൂറിസം; ഓണത്തിന്‌ സഞ്ചാരികളുടെ ഒഴുക്ക്‌

ടുറിസം കേന്ദ്രങ്ങൾ തുറന്നതോടെ ഓണാവധി ആഘോഷിക്കാൻ തലനാട് അയ്യമ്പാറയിലെത്തിയ വിനോദ സഞ്ചാരി


കോട്ടയം> ടൂറിസംമേഖലയ്‌ക്ക്‌ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന്‌  ഓണാവധിക്കാലത്ത്‌ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌. പല കേന്ദ്രങ്ങളിലേക്കും ദിവസേന ആയിരക്കണക്കിന്‌ ടൂറിസ്‌റ്റുകളാണ്‌ എത്തിയത്‌. കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ തിങ്കളാഴ്‌ച വരെ തുടർച്ചയായി അവധി ലഭിച്ചതാണ്‌ ടൂറിസം മേഖലയ്‌ക്ക്‌ കുതിപ്പ്‌ നൽകിയത്‌. കോവിഡിൽ തകർന്നടിഞ്ഞ ടൂറിസം മേഖലയുടെ തിരിച്ച്‌ വരവ്‌ കൂടിയായിരുന്നു ഈ അവധിക്കാലം.   ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കുമരകം, വാഗമൺ, ഇല്ലിക്കൽക്കല്ല്‌ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.  കാലങ്ങളായി അടഞ്ഞുകിടന്ന ഹൗസ് ബോട്ട് മേഖലയിലും റിസോർട്ട് മേഖലയിലും അവധിക്കാലത്ത്‌ ആളുകൾ നിറഞ്ഞു. ഓണത്തിന്‌ മുമ്പ്‌ തന്നെ കുമരകത്ത്‌ ഹൗസ്‌ ബോട്ടുകൾക്കും ഹോട്ടലുകൾക്കും ബുക്കിങ്‌ ആരംഭിച്ചിരുന്നു. കുമരകത്ത്‌ 110 ഹൗസ്‌ ബോട്ടുകളാണ്‌ ഉള്ളത്‌. ഇതിൽ എൽപതോളം ബോട്ടുകൾ അവധി ദിവസത്തിൽ വെള്ളത്തിൽ ഇറങ്ങി. ബാക്കിയുള്ളവയിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ഓടാൻ സാധിച്ചില്ല.    സാധാരണ നിരക്കിൽ നിന്നും വലിയ ഡിസ്‌കൗണ്ട്‌ നൽകിയാണ്‌ ആളുകളെ കയറ്റിയത്‌. എല്ലാ സർക്കാർ മാനദണ്ഡങ്ങൾ പ്രകാരമായിരുന്നു സാവാരി. യാത്രയ്‌ക്ക്‌ ബോട്ട്‌ അണുനശീകരണം നടത്തും. രണ്ടുഡോസ്‌ വാക്‌സിൽ അല്ലെങ്കിൽ ആർടിപിസിആർ എടുത്തവർക്ക്‌ മാത്രമാണ്‌ പ്രവേശനം നൽകിയത്‌. ഏകദേശം അയ്യായിരത്തോളം ടൂറിസ്‌റ്റുകൾ കുമരകത്ത്‌ ഹൗസ്‌ ബോട്ടിൽ സഞ്ചരിക്കാൻ എത്തി.   നിലവിലെ ജീവനക്കാരെല്ലാം വിവിധ ജോലികൾക്ക്‌ പോയത്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്‌ടിച്ചതെന്ന്‌ ഹൗസ്‌ ബോട്ട്‌ ഓണേഴ്‌സ്‌ സൊസൈറ്റി വൈസ്‌ പ്രസിഡന്റ്‌ സി പി പ്രശാന്ത്‌ പറഞ്ഞു. ബോട്ട്‌ ഓടാതെ വന്നതോടെ പലരും  മറ്റ്‌ ജോലികൾ തേടിപോയി. താൽകാലിക ജീവനക്കാരെവച്ചാണ്‌ ബോട്ട്‌ ഓടിച്ചത്‌. ദൈനംദിന ചെലവുകളിൽ വർധന  ഉണ്ടായിട്ടും നിരക്ക്‌ കൂട്ടാതെയാണ്‌ ബോട്ടുകൾ ഓടിച്ചത്‌.    കുമകത്ത്‌ എല്ലാ ഹോട്ടലുകളിലും  ഓണത്തിന്‌ തിരക്കുണ്ടായിരുന്നു. പലതിലും ബുക്കിങ് നേരെത്ത തന്നെ പൂർത്തിയായി. പതിവിന്‌ വിപരീതമായി ഇതര സംസ്ഥാനത്ത്‌ നിന്നുമുള്ള സഞ്ചാരികൾ നന്നേ കുറവായിരുന്നു. മുപ്പത്‌ ശതമാനം വരെ ഡിസ്‌കൗണ്ട്‌ നൽകിയാണ്‌ പല ഹോട്ടലുകളും സഞ്ചാരികളെ സ്വീകരിച്ചത്‌. Read on deshabhimani.com

Related News